◾എന്‍സിപി വിട്ട് ബിജെപി മന്ത്രിസഭയില്‍ മന്ത്രിമാരായ അജിത് പവാര്‍ അടക്കം ഒമ്പത് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സ്പീക്കര്‍ക്കു കത്തു നല്‍കി. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷം തന്നോടൊപ്പമുണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാതെ അജിത് പവാറിന് അയോഗ്യത പ്രശ്നം മറികടക്കാനാവില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
◾കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്. കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് യോഗം. ജി 20 യോഗ വേദിയിലെ കണ്‍വന്‍ഷന്‍ സെന്ററിലാണ് യോഗം. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ അടക്കമുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20 ന് ആരംഭിക്കാനിരിക്കേയാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം.
◾മണിപ്പൂര്‍ കലാപം സംബന്ധിച്ച് സുപ്രീം കോടതി മണിപ്പൂര്‍ സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടി. സ്ഥിതിഗതികള്‍ ശാന്തമാകുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
◾നീറ്റ് പരീക്ഷാ ഫലത്തില്‍ ഉയര്‍ന്ന റാങ്കു നേടിയെന്നു വ്യാജ രേഖയുണ്ടാക്കിയെന്ന കേസില്‍ കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയിലായി. കൊല്ലം കടയ്ക്കല്‍ സ്വദേശി സമിഖാന്‍ (21) ആണ് അറസ്റ്റിലായത്. 2021 – 22 ലെ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കും മാര്‍ക്കും നേടിയെന്നു കൃത്രിമ രേഖയുണ്ടാക്കി പ്രവേശനത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് രേഖ കൃത്രിമമാണെന്ന് തെളിഞ്ഞത്.
◾കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി രണ്ടര വര്‍ഷത്തേക്കു മുസ്ലിം ലീഗുമായി പങ്കിടാതെ കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന മുസ്ലിം ലീഗിന്റെ തീരുമാനം തത്കാലം പിന്‍വലിച്ചു. ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് വിഷയത്തില്‍ ഉടനേ തീരുമാനത്തിലെത്താമെന്ന് ധാരണയായതോടെയാണ് കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന തീരുമാനം ലീഗ് പിന്‍വലിച്ചത്.
◾രാജ്യത്തെ 23 വന്ദേഭാരത് എക്സ്പ്രസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം കേരളത്തിലെ വന്ദേ ഭാരത് എക്സ്പ്രസുകള്‍ക്ക്. കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശരാശരി ഓക്യുപെന്‍സി റേറ്റ് 183 ശതമാനമാണ്. 176 ശതമാനവുമായി തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേ ഭാരത് എക്‌സ്പ്രസാണ് തൊട്ടുപിന്നില്‍. 134 ശതമാനമുള്ള ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ് മൂന്നാം സ്ഥാനത്ത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ പുറംചട്ടയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നുവെന്ന് എഴുതിയതും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരസ്യം നല്‍കിയതും വിവാദമായി. എഴുത്തുകാര്‍ എതിര്‍പ്പ് അറിയിച്ചതോടെ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ വിയോജിപ്പു പ്രകടിപ്പിച്ചു. ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സെക്രട്ടറി സി.പി. അബൂബക്കര്‍ പറഞ്ഞു.
◾
◾വ്യാജ ലഹരിക്കേസിലെ ഇരയായ ഷീല സണ്ണിക്കെതിരായ കേസ് വ്യാജമാണെന്നു ബോധ്യമായിട്ടും പിടിച്ചെടുത്ത ഫോണും സ്‌കൂട്ടറും തിരിച്ചു നല്‍കാതെ എക്സൈസ്. ഫെബ്രുവരി 27 നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെടുത്തുവെന്ന കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ പടികൂടിയത്.
◾അയല്‍വാസി നല്‍കിയ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നെന്ന ആരോപണവുമായി യുവാവ്. ഇടുക്കി മൈലപ്പുഴ സ്വദേശി പ്രജോഷാണ് ഡിജിപിക്കു പരാതി നല്‍കിയത്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം നാട്ടുകാരും ഡിജിപിക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.
◾ലൈഫ് മിഷന്‍ കോഴയിടപാടിലെ കള്ളപ്പണ കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ഇടക്കാല ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ഹര്‍ജി ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ഉചിതമായ ബഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിലപാടെടുത്തു.
◾പേരു രേഖപ്പെടുത്താത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ എം.ജി സര്‍വകലാശാല പരാതി നല്‍കി 10 ദിവസമായിട്ടും കേസെടുക്കാതെ പൊലീസ്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനു സര്‍വകലാശാല നടപടിയെടുത്ത ഉദ്യോഗസ്ഥരടക്കം ചിലരുടെ മൊഴി ഗാന്ധിനഗര്‍ പൊലീസ് രേഖപ്പെടുത്തി.
◾മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. പിവി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് പരിശോധന. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരേയാണു നടപടി. മറുനാടന്‍ മലയാളി ചാനല്‍ മേധാവി ഷാജന്‍ സ്‌കറിയക്കെതിരെ എസ് സി എസ്ടി പീഡന നിരോധന നിയമമനുസരിച്ചുള്ള കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു.
◾
◾കൈതോലപ്പായയിലെ പണം കടത്തിലൂടെ കോടികള്‍ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്കാണെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. കാശിന് പാര്‍ട്ടിയില്‍ കണക്കില്ലെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിഭാഗീയതയുടെ കാലശേഷമാണ് പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ക്കു കണക്കില്ലാതായതെന്നും അദ്ദേഹം പറഞ്ഞു.
◾ആലപ്പുഴ തലവടിയില്‍ തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ തലവടി ഫെഡറല്‍ ബാങ്കിന് മുകളിലെ എക്കോസ് ബില്‍ഡിംഗില്‍ കൂടുകൂട്ടിയ തേനീച്ചകളാണ് ആളുകളെ ആക്രമിച്ചത്. എടിഎം കൗണ്ടറില്‍ കയറിയവരുടെ ഹെല്‍മറ്റില്‍ കടന്നുകൂടിയ തേനീച്ച ഇവരെ ആക്രമിക്കുകയായിരുന്നു.
◾മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരായുള്ള ആസൂത്രിത ഗൂഡാലോചനയും കൂട്ടക്കുരുതിയുമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സമാധാനം സ്ഥാപിക്കണ്ട കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾പ്രണയിച്ചു രണ്ടാഴ്ച മുമ്പു വിവാഹിതയായ നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചു. പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശി സോനയാണ് ഭര്‍ത്താവ് വിപിന്റെ വീട്ടില്‍ മരിച്ചത്. ഓട്ടോ ഡ്രൈവറായ വിപിനും കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന സോനയും തമ്മില്‍ പ്രണയ വിവാഹമായിരുന്നു.
◾ബന്ധുക്കളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത് (47) ആണ് തൂങ്ങിമരിച്ചത്. വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരന്‍ രജീഷ്, ഭാര്യ സുബിന, മകന്‍ ദക്ഷന്‍ തേജ് എന്നിവരുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീയിട്ടശേഷമാണ് ജീവനൊടുക്കിയത്.
◾കഞ്ചാവ് കേസില്‍ ജാമ്യം നില്‍ക്കാത്തതിന് അയല്‍വാസിയുടെ വീട് അടിച്ചു തകര്‍ക്കുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത സംഘത്തിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂരിലെ ശ്യാം ലാല്‍, ആഷിഖ് , ഷെഫീഖ്, അനീഷ്, അരുണ്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്.
◾റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം നീക്കാന്‍ വൈകിയതിനാല്‍ തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ വൈകി. വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസുകള്‍ അര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോണ്‍ പറന്നു. അതീവ സുരക്ഷാ മേഖലയിലാണ് അതിരാവിലെ ഡ്രോണ്‍ കണ്ടത്. ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
◾ബെംഗളൂരുവില്‍ ഈ മാസം 13, 14 തീയതികളില്‍ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. എന്‍സിപി പിളര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മുതിര്‍ന്ന നേതാവ് ശരദ് പവാറിന്റെ ആശിര്‍വാദത്തിലും നേതൃത്വത്തിലുമായിരുന്നു പ്രതിപക്ഷ കക്ഷികള്‍ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്.
◾ചൈനീസ് ശതകോടീശ്വരനും ഇ കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ സഹ സ്ഥാപകനുമായ ജാക്ക് മാ പാക്കിസ്ഥാനില്‍ സ്വകാര്യ സന്ദര്‍ശനത്തിന് എത്തി. സ്വകാര്യ ജറ്റ് വിമാനത്തില്‍ ലാഹോറില്‍ എത്തിയ അദ്ദേഹം പാക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിയെന്നാണു റിപ്പോര്‍ട്ട്.
◾മലയാളി താരം മിന്നു മണി ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി. ബിസിസിഐ പ്രഖ്യാപിച്ച 18 അംഗ ട്വന്റി-20 ടീമിലാണ് വയനാട്ടുകാരിയായ മിന്നുമണിക്ക് സ്ഥാനം ലഭിച്ചത്. നേരത്തെ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെക്കോഡും മിന്നു സ്വന്തമാക്കിയിരുന്നു.
◾യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടുകള്‍ കഴിഞ്ഞമാസം ഇടിഞ്ഞെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. 14.75 ലക്ഷം കോടി രൂപ മതിക്കുന്ന 933 കോടി യു.പി.ഐ ഇടപാടുകളാണ് ജൂണില്‍ നടന്നത്. മേയില്‍ 14.89 ലക്ഷം കോടി രൂപ മതിക്കുന്ന 941 കോടി ഇടപാടുകള്‍ നടന്നിരുന്നു. മേയിലെ ഇടപാടുകളുടെ എണ്ണവും മൊത്തം ഇടപാട് മൂല്യവും എക്കാലത്തെയും ഉയരമാണ്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം കഴിഞ്ഞമാസമാണ് ആദ്യമായി ഇടപാടുകളുടെ എണ്ണം കുറയുന്നത്. ഇടപാട് മൂല്യം കുറയുന്നത് കഴിഞ്ഞ ഏപ്രിലിന് ശേഷം ആദ്യവും. കഴിഞ്ഞ ഫെബ്രുവരിയില്‍ 12.35 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഇടപാടുകളുടെ എണ്ണം 753 കോടി. മാര്‍ച്ചില്‍ മൂല്യം 14.10 ലക്ഷം കോടി രൂപയായും എണ്ണം 868 കോടിയായും ഉയര്‍ന്നു. തുടര്‍ന്ന്, ഏപ്രിലില്‍ 14.07 ലക്ഷം കോടി രൂപ മതിക്കുന്ന 889 കോടി ഇടപാടുകള്‍ നടന്നു.
◾ഇന്ത്യയുടെ വെയറബിള്‍സ് വിപണി 2023-ല്‍ ലോകത്തിലെ ഏറ്റവും വലിയ വെയറബിള്‍സ് വിപണിയാകുമെന്ന് റിപ്പോര്‍ട്ട്. വിപണി ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്‍ ഇന്ത്യയുടെ കണക്കനുസരിച്ച് ഈ വര്‍ഷം ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 50.41 കോടി വെയറബിള്‍ യൂണിറ്റുകളില്‍ 13-13.5 കോടി അല്ലെങ്കില്‍ ഏകദേശം 26% ഇന്ത്യയില്‍ നിന്നായിരിക്കും. കഴിഞ്ഞ വര്‍ഷം 10 കോടി യൂണിറ്റ് വെയറബിള്‍സ് ഇന്ത്യ കയറ്റി അയച്ചിരുന്നു. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ വെയറബിള്‍സ് വിപണി ആഗോളതലത്തില്‍ ഏറ്റവും വലിയ വിപണിയായി മാറിയിരുന്നു. ഈ കാലയളവില്‍ 80.9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ഇന്ത്യ 2.51 കോടി ‘വെയറബിള്‍’ യൂണിറ്റുകള്‍ കയറ്റി അയച്ചിരുന്നു. ഇയര്‍വെയര്‍ വിഭാഗം 48.5 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. സ്മാര്‍ട്ട് വാച്ചുകളുടെ വിഹിതം മുന്‍ വര്‍ഷത്തെ 26.8 ശതമാനത്തില്‍ നിന്ന് 41.4 ശതമാനമായും വര്‍ധിച്ചിരുന്നു. 2023 ല്‍ ചൈനയും യു.എസും യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും വലിയ വിപണികളാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെയറബിള്‍സ് വിപണിയുടെ വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇതിനകം അമേരിക്കയെയും ചൈനയെയും മറികടന്നു. ഇന്ത്യയുടെ വെയറബിള്‍സ് വിപണിയിലെ വളര്‍ച്ച ഐ.ഡി.സി പ്രകാരം 35% വരെയും കൗണ്ടര്‍പോയിന്റ് പ്രകാരം ഏകദേശം 56% വരെയുമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ‘ചാവേര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. ചാക്കോച്ചനെ കൂടാതെ അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏറെ ആകാംക്ഷയും ദുരൂഹതകളും നിറച്ച് എത്തിയ ടൈറ്റില്‍ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം വേറിട്ട ഒരു ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. അശോകന്‍ എന്ന കഥാപാത്രമായി എത്തുന്ന കുഞ്ചാക്കോ ബോബന്റെ ലുക്കുമായി ഒരു വാണ്ടഡ് നോട്ടീസ് കേരളം ഒട്ടാകെ വിതരണം ചെയ്തിരുന്നു. മുടി പറ്റെ വെട്ടി, കട്ട താടിയുമായി തീ പാറുന്ന നോട്ടം സമ്മാനിച്ചാണ് ആ പോസ്റ്ററില്‍ ചാക്കോച്ചനെ കാണുവാനും സാധിക്കുന്നത്. മനോജ് കെ യു, അനുരൂപ്, സജിന്‍, ജോയ് മാത്യു, ദീപക് പറമ്പോല്‍, അരുണ്‍ നാരായണ്‍, സംഗീത മാധവന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
◾‘ജാനകി ജാനേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘താരകേ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സിബി മാത്യു അലക്സ് ഈണം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസന്‍ ആണ് ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘ജാനകി ജാനേ’. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ജോണി ആന്റണി, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, അനാര്‍ക്കലി, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയാ, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, സതി പ്രേംജി, ശൈലജ കൊട്ടാരക്കര, അന്‍വര്‍, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
◾എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറാണ് കോമറ്റ്. ക്യൂട്ട് രൂപത്തില്‍ അടിപൊളി ഫീച്ചറുകളുമായി എത്തിയ ചെറുകാര്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോഴിതാ ബോളിവുഡ് താരം ജാന്‍വി കപൂറും പറയുന്നു കോമറ്റ് ക്യൂട്ടാണെന്ന്. എംജി മോട്ടര്‍ ഇന്ത്യ പുറത്തിറക്കിയ വീഡിയോയിലാണ് ജാന്‍വി കപൂര്‍ വാഹനം ഓടിച്ച് കോമറ്റിലെ തന്റെ ഇഷ്ടങ്ങള്‍ പറയുന്നത്. വാഹനത്തിന്റെ ലുക്കും ടെക്കും ഫീച്ചറുകളും നിറവുമെല്ലാം ഇഷ്ടപെട്ടു എന്നും ജാന്‍വി പറയുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍ അവസാനമാണ് എംജി കോമറ്റ് ഇവി പുറത്തിറക്കുന്നത്. മൂന്നു വകഭേദങ്ങളില്‍ പുറത്തിറങ്ങുന്ന കാറിന്റെ എക്സ്ഷോറൂം വില 7.98 ലക്ഷം രൂപ മുതല്‍ 9.98 ലക്ഷം രൂപ വരെയാണ്. 17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് കോമറ്റില്‍ ഉപയോഗിക്കുന്നത്. 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 41 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്. 3.3 കിവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യും. മൂന്നു ഡോര്‍ കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയര്‍കോണ്‍, ബാറ്ററി തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
◾2022 ല്‍ യാത്രാവിവരണത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി. യൂറോപ്പിന്റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള വായനക്കാരന് നല്‍കുന്നത് പുതുമകള്‍ നിറഞ്ഞ അനുഭൂതികളാണ്. ട്രാക്ടറുകള്‍ ഉഴുതുമറിച്ച ഉരുളക്കിഴങ്ങ് പാടങ്ങള്‍. നനഞ്ഞ കളിമണ്ണിന്റെയും വൈക്കോലിന്റെയും ചാണകത്തിന്റെയും ഗന്ധം. ഉണക്കപ്പുല്ലുകള്‍ കടിച്ചുപറിക്കുന്ന പശുക്കള്‍. മുന്തിരിപ്പാടങ്ങള്‍. വാത്തിന്‍കൂട്ടങ്ങള്‍ ഒഴുകി നടക്കുന്ന പുഴകള്‍ എന്നിവയ്ക്കൊപ്പം ദുഃഖിതരുടെ ഉണങ്ങിപ്പിടിച്ച കണ്ണുനീരും ഈ യാത്രാപുസ്തകത്തില്‍ ലയിച്ചുചേരുന്നു. ഈ ഭൂലോകത്തെമ്പാടും വിഷാദവും ഏകാന്തതയും ദാരിദ്ര്യവും നിറഞ്ഞ മനുഷ്യരുണ്ടെന്നും മനുഷ്യജീവിതം എവിടെയും ഒന്നുതന്നെയാണെന്നും എഴുത്തുകാരി നമ്മോടു പറയുന്നു. ഒരു യൂറോപ്യന്‍ ജീവിതത്തിന്റെ ചൂടും തണുപ്പും നിറഞ്ഞതാണ് ഈ ഗ്രാമവഴികള്‍. ‘മുറിവേറ്റവരുടെ പാതകള്‍’. ഹരിത സാവിത്രി. ഗ്രീന്‍ ബുക്സ്. വില 180 രൂപ.
◾തലയിണ കവറുകള്‍ ഒരാഴ്ച മുമ്പ് കഴുകിയതാണെങ്കില്‍ പോലും ടോയ്ലറ്റിന്റെ ഇരിപ്പിടത്തില്‍ ഉള്ളതിനേക്കാള്‍ 17,000 മടങ്ങ് ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം അവകാശപ്പെട്ടത്. പഠനത്തിന്റെ ഭാഗമായി കഴുകാത്ത തലയിണയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഏഴു ദിവസം സൂക്ഷിച്ചു. ഇതില്‍ ചര്‍മ്മത്തില്‍ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ കണ്ടെത്തി. നമ്മുടെ ചര്‍മ്മത്തിലെ മൃതകോശങ്ങളും വിയര്‍പ്പും പൊടിപടലങ്ങളുമാണ് ഈ ബാക്ടീരിയകള്‍ക്ക് വളമാകുന്നത്. ഇവ അതിവേഗം വളരുകയും ചെയ്യും. ഒരാഴ്ച മുമ്പ് കഴുകിയ തലയിണയില്‍ ടോയ്ലറ്റ് ഇരിപ്പിടത്തില്‍ ഉള്ളതിനേക്കാള്‍ 17000 മടങ്ങ് ബാക്ടീരിയ ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ബാത്ത്‌റൂം ഡോറില്‍ കണ്ടെത്തിയ ബാക്ടീരിയകളേക്കാള്‍ 25 ആയിരം മടങ്ങ് കൂടുതല്‍ ബാക്ടീരിയകള്‍ തലയിണ കവറിലുണ്ട്.ന്യുമോണിയ പോലുള്ള അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളും ഇവയില്‍ ഉള്‍പ്പെടുന്നുവെന്ന് പഠനം കണ്ടെത്തി.ഇതുകൂടാതെ ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാസിലി ബാക്ടീരിയയും തലയിണ കവറുകളില്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ ബെഡ്ഷീറ്റും തലയിണ കവറും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴുകാന്‍ തുടങ്ങുക. ഉറങ്ങുമ്പോള്‍ വിയര്‍ക്കുന്നവരും മുടിയില്‍ എണ്ണ തേച്ച് ഉറങ്ങുന്നവരും മേക്കപ്പ് ഇട്ട് കിടക്കുന്നവരും രണ്ട് ദിവസം കൂടുമ്പോള്‍ തലയിണ കവറുകള്‍ കഴുകണം. നിങ്ങളുടെ ബെഡ്ഷീറ്റിന്റെ തുണിയും ബാക്ടീരിയയുടെ വളര്‍ച്ചയെ സ്വാധീനിക്കും. സാറ്റിന്‍ ഷീറ്റുകളും ഇടയ്ക്കിടെ കഴുകേണ്ടതുണ്ട്. മുഖവുമായി നേരിട്ട് ബന്ധപ്പെടുന്നതിനാല്‍ തലയിണ കവറുകള്‍ വളരെ നന്നായി കഴുകേണ്ടതുണ്ട്. തലയിണ കവറുകള്‍ ചെറുചൂടുള്ള വെള്ളത്തില്‍ നല്ല ഡിറ്റര്‍ജന്റും സോപ്പും ഉപയോഗിച്ച് കഴുകുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.96, പൗണ്ട് – 103.81, യൂറോ – 89.20, സ്വിസ് ഫ്രാങ്ക് – 91.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.56, ബഹറിന്‍ ദിനാര്‍ – 217.39, കുവൈത്ത് ദിനാര്‍ -266.44, ഒമാനി റിയാല്‍ – 212.88, സൗദി റിയാല്‍ – 21.85, യു.എ.ഇ ദിര്‍ഹം – 22.31, ഖത്തര്‍ റിയാല്‍ – 22.51, കനേഡിയന്‍ ഡോളര്‍ – 61.78.