കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഫാറ്റി ലിവര്‍ രോഗം സാധാരണ ശാരീരിക ചലനത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് ഡല്‍ഹി സികെ ബിര്‍ല ഹോസ്പിറ്റലിലെ അഡ്വാന്‍സ്ഡ് സര്‍ജിക്കല്‍ സയന്‍സസ് ആന്‍ഡ് ഓങ്കോ സര്‍ജറീസ് ഡയറക്ടര്‍ ഡോ. അമിത ജാവേദ്. കാലെടുത്ത് വയ്ക്കുന്നതിലെ നീളം, വേഗം, നടപ്പിലെ ഏകോപനം എന്നിവയിലാണ് ഈ മാറ്റങ്ങള്‍ ദൃശ്യമാകുന്നത്. ഇതിനെ തുടര്‍ന്ന് ചിലര്‍ മുടന്തി നടക്കുകയും ചിലര്‍ ബലം പിടിച്ച് നടക്കുകയും ചിലര്‍ കാലുകള്‍ അമിതമായി പൊക്കുകയും ചിലര്‍ ഒരു വശത്തേക്ക് ചെരിഞ്ഞ് നടക്കുകയുമൊക്കെ ചെയ്യാം. അടിവയറ്റിലെ ക്യാവിറ്റിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ദ്രാവകം അടിയുന്ന സാഹചര്യം ഒരാളുടെ ചലനത്തെ ബാധിക്കാവുന്നതാണ്. കരള്‍ രോഗം പേശികളുടെ ശക്തിയും ടോണും നഷ്ടപ്പെടാന്‍ ഇടയാക്കുന്നതും സാധാരണ രീതിയിലുള്ള നടപ്പിനെ ബാധിക്കാം. കരള്‍ രോഗം പെരിഫെറല്‍ നാഡീവ്യൂഹത്തെ ബാധിക്കുന്നത് മരവിപ്പ്, കാലുകള്‍ക്ക് ദുര്‍ബലത എന്നിവയുണ്ടാക്കാം. കരള്‍ രോഗം മൂലമുണ്ടാകുന്ന ക്ഷീണവും ചലനത്തെ സാരമായി ബാധിക്കാം. കരളിന്റെ പ്രവര്‍ത്തനതകരാറും നീര്‍ക്കെട്ടും ശരിയായ രീതിയില്‍ പോഷണങ്ങള്‍ ശരീരത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നതാണ് അമിതമായ ക്ഷീണത്തിലേക്ക് നയിക്കുന്നത്. നടത്തത്തിലെ വ്യതിയാനം കരള്‍ രോഗത്തിന്റെ മാത്രം ലക്ഷണമല്ലെന്നതിനാല്‍ മറ്റ് ലക്ഷണങ്ങളും കൂടി പരിഗണിച്ചാണ് ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്താറുള്ളത്.