കേരളത്തിലെ ഇടുങ്ങിയ ഹൈവേകള്‍ മോദി സര്‍ക്കാര്‍ വികസിപ്പിച്ച് ആറുവരിപാതയാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 1,266 കിലോമീറ്ററുള്ള ഈ പാതയുടെ നിര്‍മ്മാണം ദ്രുതഗതിയിലാണ്. കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര ഇതോടെ സുഗമമാകും. ബിജെപി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാല്‍ ജനസഭ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
എഥനോള്‍ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ ഉടനേ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കുന്ന ടൊയോട്ട കാമ്രിയില്‍ എഥനോള്‍ ഇന്ധനമായിരിക്കും. നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേഫ് കേരള പദ്ധതി ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലാപ്ടോപ്പുകള് വാങ്ങിയത് മൂന്നിരട്ടിയിലധികം വിലയ്ക്കാണ്. ലാപ്ടോപ്പ് അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ താന്‍ പുറത്തു വിടുമെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിനു കേരളത്തില്‍ നേതൃമാറ്റം ആലോചിക്കുന്നില്ലെന്ന് എഐസിസി നേതൃത്വം. ഭീഷണിയുടേയും പകപോക്കലിന്റേയും പ്രതികാര രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടില്ലെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റേയും വി.ഡി. സതീശന്റേയും കൈകള്‍ പിടിച്ചുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനായി എടുത്ത കേസുകളെ നിയമപരമായി നേരിടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്കി പ്രിയ വര്‍ഗീസ്. അപ്പീലില്‍ തന്റെ വാദം കേള്‍ക്കാതെ കോടതി തീരുമാനം എടുക്കരുതെന്നാണ് പ്രിയ വര്?ഗീസിന്റെ ആവശ്യം.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയനില്‍ യുയുസിയായി ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ തനിക്കു പങ്കില്ലെന്ന് മുന്‍ എസ്എഫ്ഐ നേതാവ് വിശാഖ്. തന്നെ വിശാഖ് കബളിപ്പിച്ചതാണെന്ന് പ്രിന്‍സിപ്പാള്‍ ഷൈജു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയില്‍ ഇരുവരും ഇങ്ങനെ വാദിച്ചത്. യുയുസി അനഘ രാജി വച്ച ഒഴിവില്‍ തന്റെ പേര് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് വിശാഖ് പറഞ്ഞു. വിജയിച്ച ആള് രാജിവച്ചാല്‍ തെരഞ്ഞെടുപ്പ് നടത്തുകയല്ലേ വേണ്ടതെന്നു കോടതി ചോദിച്ചപ്പോള്‍ അറിവില്ലായ്മകൊണ്ടു ചെയ്തതാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി.
കേരളത്തിലെ ക്രമസമാധാനനില പരിതാപകരമെന്ന് ദേശീയ വനിത കമ്മീഷന്. കഴക്കൂട്ടത്തു യുവതിയെ കെട്ടിയിട്ടു ബലാല്‍സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. സമയബന്ധിതമായി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്നു കമ്മീഷന് ഡിജിപിക്കു കത്തു നല്കി. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്കു സൗജന്യ ചികിത്സ നല്‍കണമെന്നും നിര്‍ദേശിച്ചു. പ്രതി കിരണിനെ റിമാന്‍ഡു ചെയ്തു.
സിനിമാ നടന് സി.വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കാസര്‍കോട് എരിക്കുളത്ത് യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജയപ്രകാശ് അറസ്റ്റില്‍. ചിറപ്പുറം സ്വദേശി ഷീജ ഈ മാസം 19 നാണു തൂങ്ങി മരിച്ചത്.
യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസര്‍കോട് കജംപാടിയില്‍ മധൂര്‍ അറംതോട് സ്വദേശി സന്ദീപാണു കൊല്ലപ്പെട്ടത്. പ്രതി കജംബാഡി സ്വദേശി പവന് രാജ് ഒളിവിലാണ്.
തിരുവനന്തപുരം വള്ളക്കടവില്‍ കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിക്കു കാരണം. സംഭവത്തില്‍ പരാതിയുമായി ഇരു വിഭാഗവും പൊലീസിനെ സമീപിച്ചു. കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍.
റെയില്‍വേയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ വൈകാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്ന് ട്രെയിന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്നാട്ടില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍. കേസ് ജൂലൈ ഏഴിലേക്കു മാറ്റി.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ. ഹിമാചല്‍ പ്രദേശിലെ സോലാനില്‍ മേഘവിസ്ഫോടനംമൂലം വിനോദ സഞ്ചാരികള്‍ വഴിയില്‍ കുടുങ്ങി. മഴക്കെടുതിയില്‍ ആറു പേര് മരിച്ചു. മഴഭീഷണിമൂലം മധ്യപ്രദേശിലെ രണ്ടിടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടികള്‍ മാറ്റിവച്ചു.
പാക് അധിനിവേശ കാഷ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമാണെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജമ്മു സര്‍വകലാശാല സംഘടിപ്പിച്ച സെക്യൂരിറ്റി കോണ്‍ക്ലേവില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാഷ്മീരിന്റെ വലിയൊരു ഭാഗം പാക്കിസ്ഥാന് അനധികൃതമായി കൈയേറി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക സിവില്‍ കോഡിലൂടെ തുല്യത ഉണ്ടാവില്ല. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. പാറ്റ്നയില്‍ ചേര്‍ന്ന വിശാല പ്രതിപക്ഷ യോഗത്തെക്കുറിച്ചുള്ള പ്രതീക്ഷകളും യെച്ചൂരി പങ്കുവച്ചു.
പുക വലിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിയെ അധ്യാപകര്‍ മര്‍ദ്ദിച്ചു കൊന്നെന്നു പരാതി. ബീഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ ബജ്രംഗി കുമാര്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം പാലത്തിനടിയിലിരുന്നു പുകവലിച്ചെന്നാരോപിച്ച് ബെല്‍റ്റുകൊണ്ട് അധ്യാപകര്‍ അടിച്ചെന്നാണു പരാതി.