night news hd 24

 

റഷ്യയില്‍ കലാപവുമായി കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ രണ്ടു വിമാനങ്ങളിലൊന്ന് മോസ്‌കോയില്‍നിന്ന് പറന്നു. വിമാനത്തില്‍ പുടിന്‍ ഉണ്ടോയെന്നു വ്യക്തമല്ല. വാഗ്നര്‍ ഗ്രൂപ്പ് രണ്ടു റഷ്യന്‍ നഗരങ്ങളും ഒരു സൈനിക കേന്ദ്രവും പിടിച്ചെടുത്തു. സൈനിക കേന്ദ്രം ഉടനേ പിടിച്ചെടുക്കുമെന്ന് വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവനും ശതകോടീശ്വരനുമായ യേവ്‌ഗെനി പ്രിഗോഷ്. യുക്രെയിനില്‍ വാഗ്‌നര്‍ ഗ്രൂപ്പിന്റെ താവളത്തിനുനേരെ റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് തുറന്ന യുദ്ധം ആരംഭിച്ചത്. എന്നാല്‍ തങ്ങള്‍ ആക്രമിച്ചില്ലെന്നാണു റഷ്യന്‍ പട്ടാളം പറയുന്നത്. ഇരുപത്തയ്യായിരം പേരടങ്ങുന്ന വാഗ്‌നര്‍ സേന റഷ്യയിലെ റോസ്‌തോവ് ഓണ്‍ ഡോണ്‍, വൊറോണേഴ് എന്നീ തെക്കന്‍ നഗരങ്ങളിലേക്കു മാര്‍ച്ചു ചെയ്താണ് ആ നഗരങ്ങള്‍ പിടിച്ചെടുത്തത്. റഷ്യന്‍ സേനയുടെ മൂന്നു ഹെലികോപ്റ്ററുകള്‍ വെടിവച്ചിട്ടെന്നും വാഗ്‌നര്‍ ഗ്രൂപ്പ് അവശപ്പെട്ടു.

വ്യാജ പ്രവര്‍ത്തി പരിചയ രേഖയുണ്ടാക്കിയെന്ന കേസില്‍ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ജാമ്യം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് മണ്ണാര്‍ക്കാട് കോടതി വ്യക്തമാക്കി. 50,000 രൂപയുടെ രണ്ട് പേരുടെ ആള്‍ജാമ്യമാണ് അനുവദിച്ചത്. കേരളം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. കരിന്തളം കോളജില്‍ വ്യാജരേഖ നല്‍കിയതിന് അറസ്റ്റു ചെയ്യാനെത്തി നീലേശ്വരം പോലീസിനോട് അറസ്റ്റ് ഒഴിവാക്കി ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് നാളെ ഹാജരാകന്‍ പോലീസ് നോട്ടീസ് നല്‍കി.

വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞെന്നു മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ സമ്മതിച്ചെന്നു പോലീസ്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണു നശിപ്പിച്ചതെന്നു വിദ്യ മൊഴി നല്‍കിയെന്നാണു പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്ന് കാണാതായ നാലു കുട്ടികളെയും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ക്കൊപ്പം കാണാതായ യുപി സ്വദേശിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ടെത്തി. ഏറനാട് എക്‌സ്പ്രസ് കയറിയാണ് മലയാളികളായ മൂന്നു കുട്ടികള്‍ നാടുവിടാന്‍ ശ്രമിച്ചത്. കോഴിക്കോട്ടെ കൂട്ടുകാരെ ഫോണില്‍ വിളിച്ചതോടെ അവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി. ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുക. അതിനാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം മെച്ചപ്പെട്ടേക്കും.

ഈരാറ്റുപേട്ടയില്‍ കൊലക്കേസ് പ്രതികള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. ലിജോയുടെ അമ്മാവന്‍ മുതുകാട്ടില്‍ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പനിയും പകര്‍ച്ചവ്യാധികളും പടരുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കെജിഎംഒഎ. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. രോഗികളുടെ ബാഹുല്യം, ഡോക്ടര്‍മാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി.

എംഎസ്എഫിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന നേതൃത്വത്തിലേക്കു മൂന്നു വനിതകള്‍. വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന അധ്യക്ഷ അയിഷ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്റായും റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായുമാണ് നിയോഗിച്ചത്.

വ്യാജ രേഖ കേസിലെ പ്രതികളായ നിഖിലും കെ വിദ്യയും എസ്എഫ്‌ഐ നേതാക്കളല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പഠിക്കുന്ന കാലത്ത് ഇവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആയിരിക്കാം. കുറ്റം കണ്ടപ്പോള്‍ അവര്‍ക്കെതിരെ നടപടി എടുത്തു. ഒരാള്‍ തെറ്റു ചെയ്‌തെന്നു കരുതി സംഘടന മുഴുവന്‍ തെറ്റുകാരാവില്ല. ജയരാജന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വലിയ ശ്രദ്ധ വേണം. മന്ത്രി പറഞ്ഞു.

തലശേരി പൂക്കോട് തൃക്കണ്ണാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി ഷമി എന്ന യുവതിയുടെ കൈകളില്‍ ബ്ലേഡുകൊണ്ട് വരഞ്ഞ അക്രമിയെ പോലീസ് തെരയുന്നു. മാലൂര്‍ തൃക്കടാരിപ്പൊയില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ആക്രമിച്ചതെന്ന് ഷമി പറഞ്ഞു. ആക്രമിച്ചയുടനേ പ്രതി ഓടിരക്ഷപ്പെട്ടു. ഷമിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അരികൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുതെന്ന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വാക്കിങ് ഐ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അരികൊമ്പന് ചികിത്സ ഉറപ്പാണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്.

കൊട്ടാരക്കര-അടൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ശരണ്‍ (30) ആണു മരിച്ചത്. തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറും പാഴ്‌സല്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *