കെപിസിസി പ്രസിഡന്റു സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറെന്ന് കെ. സുധാകരന്. ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കു ഹാനികരമാകുന്ന ഒന്നിനും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോന്സന് മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത് ജാമ്യത്തിലിറങ്ങിയിരിക്കേയാണ് അദ്ദേഹം രാജിവയ്ക്കാന്‍ തയാറാണെന്ന് നേതൃത്വത്തെ അറിയിച്ചത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ബൂത്ത് തലം മുതല്‍ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികള്‍ നടത്തും. വൈകുന്നേരം നാലിന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിദേശത്തുള്ള മുന്‍ എസ്എഫ്ഐ നേതാവ് ഇടപെട്ടാണു തയാറാക്കിത്തന്നതെന്നും രണ്ടു ലക്ഷം രൂപ ചെലവായെന്നും അറസ്റ്റിലായ എസ്എഫ്ഐ മുന്‍ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസ്. കായംകുളം എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറിയും മാലിയില്‍ ജോലി ചെയ്യുന്നയാളുമായ അബിന്‍ സി രാജുവാണ് സഹായിച്ചത്. കൊച്ചിയിലെ വിദേശ മാന്‍പവര്‍ റിക്രൂട്ട്മെന്റ് ഏജന്‍സി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. നിഖില്‍ തോമസ് മൊഴി തന്നെന്ന് പോലീസ് പറയുന്നു.
എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് കൊല്ലത്ത് വാഹനാപകടത്തില്‍ മരിച്ചു. ജോര്‍ജ് സഞ്ചരിച്ചിരുന്ന പഞ്ചായത്തിന്റെ വാഹനം കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 11 നു കല്ലുവാതുക്കലിലാണ് അപകടമുണ്ടായത്.
വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചെന്ന് അഗളി പൊലീസ്. വിദ്യയെ ഇനിയും കസ്റ്റഡിയില്‍ ആവശ്യമില്ലെന്നു കോടതിയെ അറിയിച്ചു.
കോഴിക്കോട് വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍നിന്നു നാലു കുട്ടികള്‍ ചാടിപ്പോയി. 15, 16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര് കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്.
കെ. സുധാകരന് പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കള്ളക്കേസുണ്ടാക്കി അറസ്റ്റു ചെയ്തത് പിണറായി സര്‍ക്കാര്‍ നടത്തുന്ന കോടികളുടെ അഴിമതി മറച്ചുവയ്ക്കാനാണ്. അഴിമതിയില്‍ മുങ്ങി ചെളിയില്‍ പുരണ്ട സര്‍ക്കാരിന്റെ ചളി തങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. കേസിന്റെ ആരംഭ ഘട്ടത്തില്‍ ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥര്‍ കെട്ടിച്ചമച്ചുണ്ടാക്കിയത്. സതീശന് പറഞ്ഞു.
കെ. സുധാകരനെതിരേ രാഷ്ട്രീയ കേസില്ല, ഗൗരവമേറിയ തട്ടിപ്പ് കേസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. രാഷ്ട്രീയ പേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തതെന്നും എംവി ഗോവിന്ദന് വിശദീകരിച്ചു.
ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേനെ ജ്വല്ലറിയിലേക്കു വിളിച്ച് സ്വര്‍ണനാണയം ആവശ്യപ്പെട്ട് ജീവനക്കാരെ കബളിപ്പിച്ചു മുങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേ പുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ബത്തേരിയിലെ ജ്വല്ലറി ജീവനക്കാരില്‍നിന്ന് പത്തു പവന് സ്വര്‍ണമാണ് ഇയാള്‍ തട്ടിയെടുത്തത്.
യൂ ട്യൂബറായ കണ്ണൂര്‍ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ മുറിയില്‍നിന്നും വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. കംപ്യൂട്ടര്‍ അടക്കമുള്ളവയില്‍ കൂടുതല്‍ തെളിവുകളൊന്നും കിട്ടിയില്ല. തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടിയെടുക്കും.
അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെയും രക്ഷിക്കാന്‍ ചാടിയ 61 കാരിയായ അമ്മയേയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്റെ കിണറ്റിലേക്കാണ് 30 കാരിയായ നിഷ അബദ്ധത്തില്‍ വീണത്. മകളെ രക്ഷിക്കാന്‍ അമ്മ ഉഷ അലമുറയിട്ടു ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ സ്കൂള്‍ അധ്യാപകനെ നാലുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നെല്ലിക്കുത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ പൂന്താനം കൊണ്ടിപ്പറമ്പ് പൈനാപ്പിള്ളി ജേക്കബ് തോമസി(55)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
കൊല്‍ക്കത്തയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച മത്സ്യം പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തിയതോടെ മല്‍സ്യം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. 40 ബോക്സുകളിലാണ് സ്റ്റേഷനില്‍ മത്സ്യം കിടക്കുന്നത്.
മയക്കുമരുന്നായ എം.ഡി.എം.എ കേരളത്തിലേക്കു കടത്തുന്ന സംഘത്തിലെ പ്രധാനിയായ വിദേശി വയനാട് പോലീസിന്റെ പിടിയിലായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റ് പൗരന് ഡാനിയേല്‍, ബാബാ എന്നീ പേരുകളില്‍ അറിയപ്പെടുന്ന അബു (50) ആണ് ബംഗളുരുവില്‍ പിടിയിലായത്.
ശതകോടീശ്വരനായ എലോണ്‍ മസ്കിനെ വ്യവസായം തുടങ്ങാന്‍ കര്‍ണാടകത്തിലേക്കു ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക വാണിജ്യ വ്യവസായ മന്ത്രി എം ബി പാട്ടീല്‍ ഒരു ട്വിറ്റിലൂടെ തന്റെ സംസ്ഥാനമായ കര്‍ണാടകയാണ് ടെസ്ലയുടെ ഇന്ത്യയിലെ വ്യവസായത്തിന് അനുയോജ്യമായ സ്ഥലമെന്നു കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.