സൈജു കുറുപ്പ്, സ്രിന്ദ, ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ചിത്രത്തിലെ ‘കൈയെത്തും ദൂരത്ത്’ എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഓസേപ്പച്ചന്റെ ഈണത്തില്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിന്റോ സണ്ണിയുടേതാണ് വരികള്‍. കൗമാര പ്രണയവും കുസൃതിയും കുറുമ്പുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഗാനം മനോഹരമായ ദൃശ്യങ്ങള്‍ കൊണ്ടും സമ്പന്നമാണ്. സിധേന്ദ്രയും ശ്രീലക്ഷ്മിയും ഇവര്‍ക്കൊപ്പം സൈജു കുറുപ്പുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാപ്പച്ചനായെത്തുന്ന സൈജുവിന്റെ മകളാണ് അലീന (ശ്രീലക്ഷ്മി). അലീനയോട് ആന്റപ്പനുള്ള (സിധേന്ദ്ര) പ്രണയമാണ് ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് ഈ സിനിമയില്‍ സൈജു കുറുപ്പ് അഭിനയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന ഈ സിനിമയില്‍ പാപ്പച്ചന്റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ ഏതാനും മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.