night news hd 19

 

കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍. നിഖില്‍ തോമസിനെതിരേ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍ സന്ദീപ്ഗാന്ധി വ്യക്തമാക്കി. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് പ്രാഥമിക നിഗമനമെന്ന് നേരത്തെ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നമ്മല്‍ വ്യക്തമാക്കിയിരുന്നു. നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിസി പറഞ്ഞിരുന്നു.

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ കായംകുളം എംഎസ്എം കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചു.

യൂണിവേഴ്‌സിറ്റി ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളിലെ വ്യാജന്മാരെ തടയാന്‍ ഹോളോഗ്രാം പതിപ്പിക്കുന്നതു പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍. ബിന്ദു. സാമ്പത്തിക ചെലവു കൂടുമെങ്കിലും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.

വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ പ്രതിരോധിക്കാനെത്തി വെട്ടിലായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് താന്‍ പരിശോധിച്ചെന്നും ഒറിജിനലാണെന്നും രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച ആര്‍ഷോ വൈകുന്നേരമായപ്പോഴേക്കും മലക്കം മറിഞ്ഞു. ലിംഗ യൂണിവേഴ്‌സിറ്റിയില്‍ പോയി പരിശോധന നടത്താന്‍ എസ്എഫ്‌ഐക്കാവില്ലെന്നാണു വൈകുന്നേരം പ്രതികരിച്ചത്.

സംസ്ഥാനത്തെ കോളജുകളില്‍ നാളെ കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ത്. നിഖില്‍ തോമസിന്റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകര്‍ത്തു എന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ത് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ എ ഐ ക്യാമറ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയില്‍. എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്‍ജിനിയറിംഗ് കോളജുകളിലേക്കു പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂര്‍ സ്വദേശി സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക്. സ്‌കോര്‍ 583. കോട്ടയം സ്വദേശി ആഷിഖ് സ്‌റ്റെന്നിക്കു രണ്ടാം റാങ്കും കോട്ടയത്തെ ഫ്രെഡി ജോര്‍ജ് റോബിന മൂന്നാം റാങ്കും ലഭിച്ചു. 49,671 പേരാണു റാങ്കപട്ടികയിലുള്ളത്. ആദ്യ അയ്യായിരം റാങ്കില്‍ സംസ്ഥാന സിലബസില്‍നിന്ന് 2,043 പേരും സിബിഎസ്ഇയില്‍നിന്ന് 2,790 പേരും യോഗ്യത നേടി.

ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. മഞ്ചേരിയില്‍ ചികില്‍സയിലായിരുന്ന വണ്ടൂര്‍ പോരൂര്‍ സ്വദേശി സക്കീര്‍ (42) ആണു മരിച്ചത്.

എസ്എഫ്‌ഐ വ്യാജന്മാരുടെ കൂടാരമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളത്. എസ്എഫ്‌ഐ പിരിച്ചുവിടണമെന്നും ചെന്നിത്തല പറഞ്ഞു.

അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് കേസ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ തുടര്‍ന്നെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി. സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടികളും റദ്ദാക്കി.

വടക്കാഞ്ചേരിയിലെ വീടിന്റെ ടെറസില്‍ കണ്ടെത്തിയ യുവാവ് തൃശൂര്‍ നായ്ക്കനാല്‍ സ്വദേശിയായ ഡോക്ടര്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാളെ ബന്ധുക്കളെത്തി ഏറ്റെടുത്തു. വീടിന്റെ ടെറസില്‍ രണ്ടു ദിവസം തങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് വീണ്ടും തെരുവുനായ ആക്രമണം. മൂന്നു വയസുള്ള ജാന്‍വി എന്ന പെണ്‍കുട്ടിയുടെ കയ്യിലും കാലിലും മൂന്നു നായ്ക്കള്‍ വട്ടമിട്ട് കടിച്ചു പറിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്തൊക്കെയോ ഭയക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുറ്റബോധത്തില്‍ നിന്നുണ്ടാകുന്ന അസ്വസ്ഥത മൂലമാണ് കെ സുധാകരന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അശ്ലീലമായി മാറിയെന്നു ആക്ഷേപിച്ചതെന്നും ശിവന്‍കുട്ടി.

ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആറന്മുളയില്‍ അനീഷ് എന്ന യുവാവിനെ പുലര്‍ച്ചെ വീട് വളഞ്ഞ് പ്രായമായ അച്ഛന്റേയും അമ്മയുടേയും മുമ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോലീസ് സിപിഎമ്മിന്റെ ശിങ്കിടികളായാണ് പെരുമാറുന്നതെന്നും അനീഷിന്റെ അമ്മയെ ചെങ്ങന്നൂര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

മലയാളി യുവാവ് അര്‍മേനിയയില്‍ കുത്തേറ്റു മരിച്ചു. കൊരട്ടി കട്ടപ്പുറം പറപ്പറമ്പില്‍ അയ്യപ്പന്റെ മകന്‍ സൂരജ് (27) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലുണ്ടായ സംഭവങ്ങള്‍ ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സീറോ മലബാര്‍ സിനഡ്. ഈ ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് സിനഡ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബെഡന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അമേരിക്കന്‍ കോണ്‍ഗ്രസിനെ മോദി അഭിസംബോധന ചെയ്യും. വ്യാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍.

2021 ലെ മഹാത്മാ ഗാന്ധി പുരസ്‌കാരത്തിനു ഗീതാ പ്രസിനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജൂറിയുടെ തീരുമാനം ‘അപഹാസ്യ’മാണ്. ി സവര്‍ക്കറിനും മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയ്ക്കും അവാര്‍ഡ് നല്‍കുന്നതിന് തുല്യമാണ് ഗീതീ പ്രസിന് പുരസ്‌കാരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തില്‍ മദ്യത്തിന്റെ വില പത്തു ശതമാനം വര്‍ധിപ്പിക്കുന്നു. ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്താനാണു നികുതി വര്‍ധിപ്പിക്കുന്നത്. ക്ഷേമപ?ദ്ധതികള്‍ക്കായി പ്രതിവര്‍ഷം 60,000 കോടി വേണ്ടിവരുമെന്നാണു പ്രതീക്ഷിക്കുന്നത്.

കര്‍ണാടകത്തില്‍ ബിജെപിയില്‍നിന്നെത്തി മല്‍സരിച്ചു തോറ്റ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ കോണ്‍ഗ്രസ് എംഎല്‍സി സ്ഥാനത്തേക്ക് മത്സരിപ്പിക്കും. അദ്ദേഹത്തെ മന്ത്രിയാക്കാനും സാധ്യതയുണ്ട്.

മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ റോ മേധാവിയായി നിയമിച്ചു. സാമന്ത ഗോയല്‍ വിരമിക്കുന്നതിനാലാണ് പുതിയ നിയമനം. ഛത്തീസ്ഗഡ് കേഡറിലെ ഉദ്യോഗസ്ഥനാണ് രവി സിന്‍ഹ.

ലുധിയാനയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് എട്ടുകോടി രൂപ കവര്‍ന്ന് മുങ്ങിയ ദമ്പതികള്‍ പൊലീസിന്റെ പിടിയിലായി. മന്‍ദീപ് കൗറും ഭര്‍ത്താവ് ജസ്വീന്ദര്‍ സിംഗുമാണ് ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബിനു സമീപം പിടിയിലായത്. ക്യാഷ് മാനേജ്മെന്റ് സ്ഥാപനം കൊള്ളയടിച്ചാണ് ഇവര്‍ മുങ്ങിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *