ജാപ്പനീസ് ഭക്ഷണക്രമം നോണ്‍ – ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. സോയ ഭക്ഷണങ്ങള്‍, സീഫുഡ്, എന്നിവ കരളിന്റെ ഫൈബ്രോസിസിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ജാപ്പനീസ് ഭക്ഷണക്രമം പഞ്ചസാര, പൂരിത കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നോണ്‍ – ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഉള്ള 136 പേരുടെ ഭക്ഷണക്രമവും രോഗ പുരോഗതിയും ഗവേഷകര്‍ വിലയിരുത്തി. ജാപ്പനീസ് ഭക്ഷണക്രമത്തില്‍ കൂടുതല്‍ സോയ, സീഫുഡ് എന്നിവ ഉള്‍പ്പെടുത്തിയ ആളുകള്‍ക്ക് ഫൈബ്രോസിസ് സാധ്യത കുറയ്ക്കാന്‍ സാധിച്ചുവെന്നും പഠനത്തില്‍ പറയുന്നു. സോയ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്ന ആളുകള്‍ക്ക് ഫൈബ്രോസിസ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി. എംഡിപിഐ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും അവയവത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുള്ളതുമായ അത് നേരിട്ട് രോഗാവസ്ഥയാണ് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. ഇത് വന്‍കുടല്‍ കാന്‍സര്‍, ക്രോണിക് കിഡ്നി രോഗം, ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ്, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഹൈപ്പോതൈറോയിഡിസം, പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കടല്‍വിഭവങ്ങള്‍ ഒമേഗ-3 ഫാറ്റി ആസിഡുകളാലും ഡി, ബി 2 പോലുള്ള വിറ്റാമിനുകളാലും സമ്പന്നമാണ്. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് മത്സ്യം. ഇരുമ്പ്, സിങ്ക്, അയഡിന്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് മത്സ്യം. അത് കൊണ്ട് തന്നെ ഫൈബ്രോസിസ് സാധ്യത കുറയ്ക്കാന്‍ കടല്‍ വിഭവങ്ങള്‍ മികച്ചതാണെന്ന് ഗവേഷകര്‍ പറയുന്നു.