ഇരുചക്ര വാഹനത്തില്‍ പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടിയുമായി യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെയാണ് ഈ ആനുകൂല്യം. ഇക്കാര്യത്തിനു മോട്ടോര്‍ വാഹന നിയമ ഭേദഗതി വേണമെന്നു കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. എഐ ക്യാമറകള്‍ കണ്ടെത്തുന്ന മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളില്‍ ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ 28 നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍സിപി, എസ് പി, ആര്‍ജെഡി സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാര്‍ക്കണ്ട് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, രാഷ്ട്രീയ ലോക്ദള്‍, വിടുതലൈ ചിരുതൈഗള്‍ കച്ചി, എംഡിഎംകെ എന്നിവ അടക്കം 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിറക്കി.
മാലിന്യം വലിച്ചെറിഞ്ഞതിനു പിടികൂടുന്ന വാഹനങ്ങള്‍ 250 രൂപ പിഴ ഈടാക്കി വിട്ടു നല്‍കരുതെന്നു ഹൈക്കോടതി. ഹൈക്കോടതിയുടെ അറിവില്ലാതെ വാഹനങ്ങള്‍ വിട്ടു നല്‍കരുതെന്ന് കൊച്ചി കോര്‍പറേഷനു നിര്‍ദ്ദേശം നല്‍കി. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയ കൊച്ചി നഗരസഭയ്ക്ക് 100 കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനുള്ള സ്റ്റേ കോടതി ജൂണ്‍ 30 വരെ നീട്ടി.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കൊല്ലത്തെ സംഭരണ കേന്ദ്രത്തിലെ തീ പിടുത്തതിനു കാരണം കോര്‍പ്പറേഷന്റെ ഗുരുതര അനാസ്ഥയെന്ന് ഫയര്‍ഫോഴ്‌സ് മേധാവിയുടെ റിപ്പോര്‍ട്ട്. 2022 ലെ ഫയര്‍ ഓഡിറ്റില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും നടപ്പാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്.
കണ്ണൂര്‍ ചെറുപുഴയില്‍ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ചു പേരെ മരിച്ച നിലയില്‍. ചെറുപുഴ പാടിച്ചാലില്‍ രണ്ടാഴ്ച മുമ്പു രണ്ടാം വിവാഹം കഴിച്ച ഷാജി – ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ചത്. കുട്ടികളായ സൂരജ് (12),സുജിന്‍ (10),സുരഭി (8) എന്നിവരെ കോണിപ്പടികളില്‍ കെട്ടിതൂക്കി കൊലപ്പെടുത്തിയശേഷം ജീവനൊടുക്കുകയായിരുന്നു. ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
ബസുടമകളുടെ സംഘടനാ നേതാക്കള്‍ ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സംസ്ഥാനത്ത് ജൂണ്‍ ഏഴിന് അനിശ്ചിതകാല ബസ് സമരവുമായി മുന്നോട്ടു പോകുമെന്ന് ബസുടമകള്‍ അറിയിച്ചു.
ഉപരാഷ്ട്രപതിക്കു മുഖ്യമന്ത്രിയുടെ വസതിയില്‍ നല്‍കിയ പ്രാതല്‍ വിരുന്നില്‍ പങ്കെടുക്കാതിരുന്നത് കുറേ കാലങ്ങളായി താന്‍ പ്രാതല്‍ കഴിക്കാത്തതുകൊണ്ടാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഹൗസ് ജീവനക്കാരോട് ചോദിച്ചാല്‍ ഇക്കാര്യം അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അഭിഭാഷകനുമായി ഒറ്റയ്ക്കു സംസാരിക്കാന്‍ അനുവദിക്കണമെന്ന ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാരുഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി. ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്നായിരുന്നു ഷാരൂഖ് സെയ്ഫിയുടെ ആവശ്യം.
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ മാസം ഇരുപതിന് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്‍ര് വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചിരുന്നു.
കൈക്കൂലി വാങ്ങി കോടീശ്വരനായ വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത പന്ത്രണ്ടു കോടിയിലേറെ രൂപയുടെ സ്വത്തുവകകള്‍ക്കു പുറമേ വീട്ടില്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്ന തേനും കുടംപുളിയും കൈക്കൂലിയായി വാങ്ങിയതാണെന്നു പോലീസ്. പുഴുങ്ങിയ മുട്ട പോലും കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു.
ആലുവയില്‍ കന്യാസ്ത്രീ മഠം കെട്ടിടത്തിനു മുകളില്‍നിന്നും വീണ് കന്യാസ്ത്രിക്കു ഗുരുതര പരിക്ക്. കോളനി പടി ധര്‍മ്മഗിരി സെന്റ് ജോസഫ് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ മേരിയെ (52)യാണു കെട്ടിടത്തിനു താഴെ വീണ നിലയില്‍ കണ്ടെത്തിയത്.
വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടില്‍ കടലില്‍ നടത്തിയ ഉല്ലാസ സവാരി പൊലീസ് തടഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ ഒന്‍പതംഗ സംഘവുമായി മല്‍സ്യബന്ധന ബോട്ടില്‍ പോകാനൊരുങ്ങുമ്പോഴാണ് പോലീസ് പിടികൂടിയത്.
പ്രമുഖ ബോളിവുഡ് നടന്‍ നിതേഷ് പാണ്ഡെ നാസിക്കിലെ ഇഗ്താപൂരിയില്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍. അമ്പതു വയസായിരുന്നു. ഷൂട്ടിംഗിന് എത്തിയതായിരുന്നു താരം.
ടെലിവിഷന്‍ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ കാര്‍ അപകടത്തിലാണ് നടി വൈഭവി ഉപാധ്യായ മരിച്ചത്. കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. പ്രതിശ്രുത വരനും ഒപ്പമുണ്ടായിരുന്നു.
തീവ്രനിലപാടുകളില്‍ താലിബാന്‍ വെള്ളം ചേര്‍ത്തെന്ന് ആരോപിച്ച പാകിസ്ഥാന്‍ താലിബാന്‍ പുതിയ ഹിറ്റ് ലിസ്റ്റ് പുറത്തു വിട്ടു. പട്ടികയില്‍ പാകിസ്ഥാന്റെ ആഭ്യന്തരമന്ത്രിയും പാക് സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരുമുണ്ടെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും ഈ പട്ടികയിലുണ്ടെന്നാണു വിവരം.