റോഡ് ക്യാമറ പിഴയില്‍നിന്ന് വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. നിയമം ലംഘിച്ചാല്‍ വിഐപികളാണെങ്കിലും പിഴ ഒടുക്കേണ്ടിവരുമെന്ന് വിവരാവകാശ പ്രകാരം നല്കിയ മറുപടിയില്‍ മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.
എല്ലാം ജില്ലകളിലും ഇന്ന് ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. 26 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത.
സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങളുടെയും വാഹനങ്ങളുടേയും ഫിറ്റ്നസ് അടക്കമുള്ള സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം. പി.ടി.എയുടെ നേതൃത്വത്തില്‍ ജനകീയ സന്നദ്ധ പ്രവര്‍ത്തനം നടത്തി സ്കൂള്‍ ശുചീകരിക്കണം. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, അദ്ധ്യപക-വിദ്യാര്‍ത്ഥി-ബഹുജന സംഘടനകള്‍ മുതലായവയെ സഹകരിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഗുരുനാഥയെ കാണാന്‍ ഉപരാഷ്ട്രപതി എത്തി. സൈനിക് സ്കൂളില്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപിക രത്നനായരെയാണ് തലശേരി പന്ന്യന്നൂരിലെ വസതിയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സന്ദര്‍ശിച്ചത്. സ്പീക്കര്‍ എ.എന്‍. ഷംസീറും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.
കടലില്‍നിന്ന് ഇരുപത്തയ്യായിരം കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ പ്രതിയായ പാക് പൗരനെ എവിടെനിന്നാണു പിടികൂടിയതെന്ന് കോടതി. കേന്ദ്ര നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയോടാണു ചോദ്യം. വ്യക്തമായ മറുപടി പറയാന്‍ കഴിയാത്തതിനാല്‍ എന്‍സിബിയുടെ കസ്റ്റഡി അപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് നാളത്തേക്കു മാറ്റി. മൂവായിരം കിലോയോളം തൂക്കമുളള മെത്താംഫിറ്റമിനാണ് നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ 13 ന് കേന്ദ്ര നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ പിടികൂടിയത്.
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി.
കുത്തേറ്റു മരിച്ച ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി നോട്ടീസയച്ചു. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാലാണു ഹര്‍ജി നല്‍കിയത്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യുയുസി ആള്‍മാറാട്ട സംഭവത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് എ വിശാഖിനെ കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. പുതിയ പ്രിന്‍സിപ്പല്‍ ഡോ. എന്‍ കെ നിഷാദാണ് നടപടിയെടുത്തത്. പ്രിന്‍സിപ്പലായിരുന്ന ജിജെ ഷൈജുവിനെ യൂണിവേഴ്സിറ്റിയുടെ നിര്‍ദേശാനുസരണം സസ്പെന്‍ഡ് ചെയ്തിരുന്നു.
മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ചു രാജീവ് നാഥ് സംവിധാനം ചെയ്ത ‘ഹെഡ്മാസ്റ്റര്’, കെ.എസ്എഫ്ഡിസി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32-44 വരെ’ എന്നീ ചിത്രങ്ങള്‍ക്ക്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രൂതി ശരണ്യം എന്നിവര്‍ പങ്കിട്ടു. ‘അറിയിപ്പി’ലൂടെ മഹേഷ് നാരായണന് മികച്ച സംവിധായകനായി. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് മികച്ച നടനായി. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ സിനിമകളിലെ അഭിനയത്തിലൂടെ ദര്‍ശന രാജേന്ദ്രന് മികച്ച നടിയായി. സമഗ്രസംഭാവനക്കുള്ള ചലച്ചിത്ര രത്നം പുരസ്കാരം മുതിര്‍ന്ന സംവിധായകന് കെ.പി.കുമാരന് സമ്മാനിക്കും. തെന്നിന്ത്യന്‍ സിനിമയില്‍ 50 വര്‍ഷത്തിലധികമായി നിറഞ്ഞു നില്ക്കുന്ന കമല്ഹാസന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.
കൊടും ചൂടുള്ളപ്പോള്‍ കോട്ടും ഗൗണും അടക്കമുളള വസ്ത്രധാരണത്തില്‍ മാറ്റം ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കു കത്ത് നല്കി. നിലവിലെ വസ്ത്രധാരണ രീതി ആരോഗ്യത്തെ ബാധിക്കുമെന്നും പരിഹാരം വേണമെന്നുമാണ് ആവശ്യം.
ബലികൊടുത്ത് രക്തസാക്ഷികളെ സൃഷ്ടിച്ച് ആഘോഷിക്കുന്ന സിപിഎം, തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് ആക്രോശിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. യാഥാര്‍ത്ഥ്യമാണ് പാംപ്ലാനി പറഞ്ഞത്. കണ്ണൂരില്‍ സി പി എം രക്തസാക്ഷികളെ കൊണ്ടാടുകായണെന്നും കെ സുധാകരന് പറഞ്ഞു.
അമേത്തിയില്‍ ഒരു വികസനവും നടത്താതിരുന്നതുകൊണ്ടാണ് രാഹുല്‍ ഗാന്ധി അവിടെ തോറ്റതെന്നും വയനാട്ടില്‍ തുടര്‍ന്നാല്‍ ഒരു വികസനവും ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരുവനന്തപുരത്ത് ബി എസ് എസ് സ്ത്രീ തൊഴിലാളി കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് രാഹുലിനെ അമേത്തിയില്‍ തോല്പിച്ച സ്മൃതി ഇങ്ങനെ വിമര്‍ശിച്ചത്.
ജനം മാര്‍ക്കിട്ടാല്‍ പിണറായി സര്‍ക്കാരിന് ആനമുട്ടയായാണു കിട്ടുകയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. സ്വയം പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കി സ്വയം മാര്‍ക്കിട്ട് അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷക്കാരായ തൊഴിലാളി യൂണിയനുകളേയും നേതാക്കളേയും ഇടനിലക്കാരാക്കിയാണ് അഴിമതി നടത്തുന്നതെന്ന് ബിഎംഎസ് സംസ്ഥാന വനിതാ തൊഴിലാളി സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
സഹോദരനില്‍നിന്നും ഗര്‍ഭിണിയായ പതിനഞ്ചുകാരിക്കു ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ജാര്‍ഖണ്ഡ് കൃഷി മന്ത്രി ബാദല്‍ പത്രലേഖ്. കനകക്കുന്നില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം വാമനപുരത്തെ കാരേറ്റ് എന്ന സ്ഥലത്ത് ബസില്‍ മൃതദേഹം. വര്‍ക്ക് ഷോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിലാണ് ആക്രി പെറുക്കി ഉപജീവനം നടത്തുന്ന കമുകന്‍കുഴി സ്വദേശി ബാബു മരിച്ചത്. ഇയാള്‍ സ്ഥിരമായി ഈ ബസിനുള്ളിലാണ് രാത്രി കിടന്നിരുന്നത്.
എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരനു മരണംവരെ കഠിന തടവും ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കൊല്ലം പരവൂര്‍ സ്വദേശി അനില്‍കുമാറിനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ ന്യൂ ചെക്കോണ്‍ ചന്തയിലാണ് സംഘര്‍ഷമുണ്ടായത്. സൈന്യം സ്ഥലത്തെത്തി. ഇംഫാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇംഫാലില്‍ ന്യൂ ലംബുലാനെയില്‍ പലായനം ചെയ്തവരുടെ വീടുകള്‍ക്കു തീയിട്ടതാണ് സംഘര്‍ഷത്തിനു കാരണം. ഭൂരിപക്ഷ സമുദായമായ മെയ്തെയ് വിഭാഗത്തിനു പട്ടികവര്‍ഗ പദവി നല്‍കിയതിനെതിരായ പ്രതിഷേധങ്ങളാണു കലാപത്തില്‍ കലാശിച്ചത്.
തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത് ബാബു ഹൈദരാബാദില്‍ അന്തരിച്ചു. 71 വയസായിരുന്നു. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ഏറെ നാളായി ചികിത്സയിലായിരുന്നു. 220 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ യുപി ഗൊരഖ്പൂര്‍ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നോ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടി മീഡിയ കണ്‍വീനര്‍ ലല്ലന്‍ കുമാറിന്റെ ഫോണില്‍ വിളിച്ചായിരുന്നു വധ ഭീഷണി മുഴക്കിയത്.