നിയമസഭ പാസാക്കിയ നിയമങ്ങള്‍ അനുമതി ലഭിക്കാതെ കെട്ടിക്കിടക്കുകയാണെന്നു ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികളില്‍ ഉദ്ഘാടകനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വേദിയിലിരിക്കേയാണ് മഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
മലയാളികളുടെ അധ്വാനശീലവും വിദ്യാഭ്യാസവും മഹത്തരമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന അഭിനേതാക്കളെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ നിയന്ത്രണം. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എന്നിവ റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂര്‍ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂര്‍- എറണാകുളം എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ചില ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ട്.
വാടക കിട്ടാത്തതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി ശ്രീനിജന് എംഎല്‍എ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന് ട്രയല്‍സ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് പൂട്ടിയിട്ടു. കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നിര്‍ദേശിച്ചതനുസരിച്ച് പൂട്ടു പൊളിച്ച് മല്‍സരാര്‍ത്ഥികള്‍ അകത്തു കടന്നു. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും എത്തിയ നൂറിലധികം കുട്ടികളാണു പുറത്തു കാത്തുനിന്നിരുന്നത്. എട്ടുമാസത്തെ വാടകയായ എട്ടു ലക്ഷം രൂപ തരാത്തതിനാണ് ഗേറ്റ് പൂട്ടിയത്.
കണ്ണൂര്‍ കണ്ണവത്ത് എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ചനിലയിലായിരുന്നു. ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ എംഎല്‍എമാര്‍ പരസ്യപ്രതികരണം നടത്തരുതെന്നു സിപിഎം വിലക്ക്. അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിക്കു കത്തു നല്കിയ ഐ ബി സതീഷിനും ജി സ്റ്റീഫനും പ്രതികരിക്കരുതെന്നാണു നിര്‍ദേശം. പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ച സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
പാകിസ്ഥാനിലെ ജയിലില്‍ മരിച്ച പാലക്കാട് കപ്പൂര്‍ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കള്‍. കപ്പൂര്‍ അബ്ദുള്‍ ഹമീദിന്റെ മകന് സുള്‍ഫിക്കര്‍ (48) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം ഇന്ന് ഇന്ത്യക്കു കൈമാറും. നാളെ നാട്ടിലെത്തിക്കും. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ താത്പര്യമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചെന്നു പൊലീസ് പറഞ്ഞു.
ആലുവയിലെ വാടക വീട്ടില്‍ ഡോക്ടര്‍ തൂങ്ങിമരിച്ചു. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോ. എം.കെ മോഹനാണ് (76) പറവൂര്‍ കവലയ്ക്കടുത്ത് സെമിനാരിപ്പടിയിലെ വാടക വീട്ടില്‍ മരിച്ചത്. തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം മൃതദേഹത്തിനരികെ കത്തില്‍ എഴുതിവച്ചിട്ടുണ്ട്.
ഫോണില്‍ വിളിച്ചു പറഞ്ഞ് കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിലൂടെ തെങ്കാശി സ്വദേശിക്ക് അടിച്ചത് നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. ബുള്ളറ്റ് ടാങ്കര്‍ ഡ്രൈവറായ ചിന്നദുരൈയ്ക്കാണ് ഇങ്ങനെ ഭാഗ്യം കടാക്ഷിച്ചത്. ആഴ്ചയില്‍ അഞ്ചു ദിവസവും ഭാഗ്യപരീക്ഷണം നടത്താറുള്ള ചിന്ന ദുരൈ പതിവുപോലെ ലോട്ടറി വില്പനക്കാരന് ഷിജുവിനെ വിളിച്ച് എട്ടു ടിക്കറ്റുകളാണെടുത്തത്.
തിരുവനന്തപുരം പള്ളിപ്പുറത്ത് പ്രസവശേഷം നവജാത ശിശുവുമൊത്തു വീട്ടിലേക്കു പോകവേ ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചവരുടെ എണ്ണം നാലായി. ചികിത്സയിലായിരുന്ന മണമ്പൂര്‍ സ്വദേശി ചിത്തിര എന്ന അനു (23) ആണ് മരിച്ചത്. അനുവിന്റെ നാലു ദിവസം പ്രായമായ പെണ്‍കുഞ്ഞും അമ്മയും ഓട്ടോ ഡ്രൈവറും നേരത്തെ മരിച്ചിരുന്നു.
പൊതു, സ്വകാര്യ പരിപാടികളില്‍ പൂക്കള്‍ക്കും ഷാളുകള്‍ക്കും പകരം പുസ്തകമേ സ്വീകരിക്കുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്നേഹം പ്രകടിപ്പിക്കാന്‍ ഇനി പുസ്തകങ്ങള്‍ നല്‍കാം. പുസ്തകങ്ങള്‍ ലൈബ്രറികളെ സമ്പന്നമാക്കുമെന്നും സിദ്ധരാമയ്യ.
പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിനു രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അനാദരവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ഇരുസഭകളുടെയും നാഥനായ രാഷ്ട്രപതിയാണ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍ രാഷ്ട്രപതിയെ ഒഴിവാക്കിയിരിക്കുകയാണ്. മുന്‍ രാഷ്ട്രപതിയേയും ഒഴിവാക്കി. ഖര്‍ഗെ കുറ്റപ്പെടുത്തി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യമെന്ററി സംപ്രേക്ഷണം ചെയ്തത് വസ്തുതാവിരുദ്ധവും അപകീര്‍ത്തിപരവുമാണെന്ന് ആരോപിച്ച് ബിബിസിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. ഗുജറാത്ത് ആസ്ഥാനമായുള്ള സംഘടനയാണ് ഹര്‍ജി നല്‍കിയത്.
ബജ്രംഗ്ദളിനെ നിരോധിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് മുസ്ലീം സംഘടന നേതാവായ മൗലാന അര്‍ഷാദ് മദനി. ബംജ്രംഗ്ദള്‍, പിഎഫ്ഐ പോലെയുള്ള സംഘടനകള്‍ക്കെതിരെ ഉറച്ച നടപടിയെടുക്കുമെന്ന വാഗ്ദാനം പാലിക്കണമെന്നാണ് ആവശ്യം.
ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേട്ടങ്ങളും, അനുഭവങ്ങളും സൗഹൃദ രാജ്യങ്ങളുയുമായി പങ്കിടാന്‍ സന്നദ്ധമാണ്. ജി 20 ഉച്ചകോടിയിലൂടെ നല്കുന്ന സന്ദേശവും അതുതന്നെയാണ്. ഇന്ത്യ പസഫിക് ദ്വീപ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുടെ എതിര്‍പ്പു കൂസാതെ ശ്രീനഗറില്‍ ജി 20 ഉച്ചകോടിക്കു മുന്നോടിയായുള്ള വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട യോഗം ആരംഭിച്ചു. അംഗരാജ്യങ്ങളില്‍ നിന്നായി 60 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. തര്‍ക്കപ്രദേശത്ത് യോഗം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നു പ്രതിഷേധിച്ച ചൈന യോഗത്തില്‍ പങ്കെടുക്കുന്നില്ല.