രാജ്യത്തെ പ്രമുഖ മേഖല ബാങ്കായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ നാലാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 93.3 ശതമാനം വര്‍ദ്ധനവോടെ 2,782 കോടി രൂപയാണ് ഉയര്‍ന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ അറ്റാദായം 1,440 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ മൊത്തത്തിലുള്ള അറ്റാദായം 61.18 ശതമാനം വര്‍ദ്ധിച്ച് 8,433 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ അറ്റപലിശ മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.98 ശതമാനമായാണ് മെച്ചപ്പെട്ടത്. പലിശ ഇതര വരുമാനം 62.48 ശതമാനം ഉയര്‍ന്ന് 5,269 കോടി രൂപയായിട്ടുണ്ട്. മൊത്തം നിക്ഷേപം 8.26 ശതമാനം വര്‍ദ്ധിച്ച് 11.17 ട്രില്യണ്‍ രൂപയായി. അതേസമയം, കുറഞ്ഞ നിരക്കിലുള്ള നിക്ഷേപങ്ങള്‍ 2023 മാര്‍ച്ച് അവസാനത്തോടെ 35.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് വരെ ഇത് 36.54 ശതമാനമായിരുന്നു.