പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ സുരക്ഷാ സൗകര്യം വര്‍ധിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ. ഇനി മുതല്‍ പിന്‍ സീറ്റിലെ നടുവിലുള്ള യാത്രികനും പുതിയ ബലേനോയില്‍ ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കും. നിലവില്‍ ബലേനോക്ക് മാത്രമാണ് ഈ സൗകര്യം നല്‍കിയിട്ടുള്ളതെങ്കിലും വൈകാതെ കൂടുതല്‍ മോഡലുകളിലേക്ക് വ്യാപിപ്പിക്കാനാണ് സാധ്യത. നേരത്തെ ഡെല്‍റ്റ വേരിയന്റു മുതലുള്ളയില്‍ ഉണ്ടായിരുന്ന പിന്‍സീറ്റുകളിലെ പവര്‍ വിന്‍ഡോയും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും 2023 മുതല്‍ ബലേനോയുടെ ബേസ് സിഗ്മ വേരിയന്റിലുമുണ്ട്. ടില്‍റ്റ്-അഡ്ജസ്റ്റബിള്‍ സ്റ്റീറിങ്, മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍ എന്നിവയെല്ലാം ബേസ് മോഡലായ സിഗ്മയിലും ഉണ്ട്. 1.2 ലിറ്റര്‍ കെ12സി ഡുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനാണ് ബലേനോക്ക് മാരുതി സുസുക്കി നല്‍കിയിരിക്കുന്നത്. 90പിഎസ് പരമാവധി പവറും 113എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന ഈ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. അതേസമയം ബേസ് മോഡലായ സിഗ്മയില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. ബേസ് മോഡലായ സിഗ്മക്ക് 6.61 ലക്ഷം രൂപയും ഉയര്‍ന്ന ആല്‍ഫ എഎംടി വേരിയന്റിന് 9.88 ലക്ഷം രൂപയുമാണ് വില.