ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് പവന് 400 രൂപ കൂടി 45,600 രൂപയായതോടെയാണ് പുതിയ ചരിത്രം കുറിച്ചത്. ഗ്രാമിന് 50 രൂപ കൂടി 5,700 രൂപയായി. ഈ വര്‍ഷം ഏപ്രില്‍ 14ന് രേഖപ്പെടുത്തിയ 45,320 രൂപയായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില. ഈ റെക്കോഡാണ് ഇന്ന് ഭേദിച്ചത്. ഇന്നലെ പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കൂടിയത്. 45,200 രൂപയായിരുന്നു പവന്‍ വില. 44,560 രൂപയായിരുന്നു തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ വില. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ച് അഞ്ചില്‍ നിന്നും അഞ്ചേകാല്‍ ശതമാനമാക്കി ഉയര്‍ത്തിയതാണ് സ്വര്‍ണ വില പുതിയ റെക്കോഡിലേക്ക് ഉയരാന്‍ ഇടയാക്കിയത്. ഫെഡറല്‍ റിസര്‍വ് പ്രഖ്യാപനങ്ങള്‍ പുറത്തുവന്നതോടെ സ്വര്‍ണ വിലയില്‍ ട്രായ് ഔണ്‍സിന് 50 ഡോളറാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയര്‍ന്ന വിലയായ 2077 ഡോളറില്‍ എത്തിയ ശേഷം 2045 ഡോളറിലേക്ക് താഴ്ന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്. അടിക്കടിയുള്ള ബാങ്കുകളുടെ തകര്‍ച്ച യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്.