കെ ഫോണ്‍ പദ്ധതിയിലും വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിനേക്കാള്‍ 520 കോടി രൂപ ടെന്‍ഡര്‍ തുക കൂട്ടി നല്കി. അഴിമതിയില്‍ എസ്ആര്‍ഐടിക്കും ബന്ധമുണ്ട്. കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. എഐ ക്യാമറ ഇടപാടിലെ അഴിമതിക്കു സമാനമായ അഴിമതിയാണെന്നാണ് ആരോപണം.
കേന്ദ്രം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്രാനുമതി നിഷേധിച്ചതോടെ യുഎഇയിലെ അബുദാബി വ്യവസായ സംഗമത്തിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാന്‍ സര്‍ക്കാര്‍. ചീഫ് സെക്രട്ടറി, ടൂറിസം, നോര്‍ക്ക സെക്രട്ടറിമാര്‍, സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാനാണ് തീരുമാനം. വ്യവസായ സംഗമത്തിനു ഗോള്‍ഡന്‍ സ്പോണ്‍സര്‍മാരാകാന്‍ കേരളം ഒന്നര കോടി രൂപ മുടക്കിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന മോട്ടോര്‍ വാഹന നിയമലംഘനങ്ങളില്‍ പിഴ ഈടാക്കല്‍ നടപടികള്‍ വൈകും. കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകുന്നതാണു കാരണം. അന്വേഷണങ്ങളാണു ധാരണ പത്രം വൈകാന്‍ കാരണം. മെയ് 20 മുതല്‍ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം നാളെ. രാത്രി 8.45 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയാണു ചന്ദ്രഗ്രഹണം. യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം, അന്റാര്‍ട്ടിക്ക് എന്നിവിടങ്ങളില്‍ കാണാന്‍ സാധിക്കും.
അരിക്കൊമ്പന് തിമിഴ് നാട്ടിലെ ശ്രീവെല്ലി പുത്തൂര്‍ മേഖല കടുവ സങ്കേതത്തില്‍. ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്പന് തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തി. മംഗളദേവി ഉത്സവം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ വനപാലകരെ നിയോഗിച്ചിട്ടുണ്ട്.
വിവാദ സിനിമയായ ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിരോധിക്കുന്നതു പ്രായോഗികമല്ലെന്നു സംസ്ഥാന സര്‍ക്കാര്‍. സിനിമ ബഹിഷ്കരിക്കണമെന്നു പ്രചാരണം നടത്താനാണ് തീരുമാനം.
മലപ്പുറം മേലാറ്റൂരില്‍ നാലു യുവാക്കളെ എംഡിഎംഎയുമായി പോലീസ് പിടികൂടിയ കേസില്‍ പിടിക്കപ്പെട്ടത് എംഡിഎംഎയോ മയക്കുമരുന്നോ അല്ലെന്നു റിപ്പോര്‍ട്ട്. രണ്ടു ലാബുകളിലെ പരിശോധനാ ഫലവും മയക്കുമരുന്നല്ലെന്നാണ്. 88 ദിവസം ജയിലില്‍ കിടന്ന നാലു പേര്‍ക്കും ജോലി നഷ്ടമായി. മറ്റൊരാളുടെ ഭാര്യ ഉപേക്ഷിച്ചുപോയി. മലപ്പുറം കരിഞ്ചാംപടി സ്വദേശികളായ ഷഫീഖ്, മുബഷിര്‍, റിഷാദ്, ഉബൈദുള്ള എന്നിവരെയാണ് പോലീസ് കള്ളക്കേസില്‍ കുടുക്കി വഴിയാധാരമാക്കിയത്.
പത്തനംതിട്ട മലയാലപ്പുഴയില്‍ മന്ത്രവാദകേന്ദ്രം അടിച്ചു തകര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മന്ത്രവാദ കേന്ദ്രത്തില്‍ പൂട്ടിയിട്ട മൂന്നു പേരെ മോചിപ്പിക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ എത്തിയത്. മന്ത്രവാദിനി ശോഭനയുടെ ബന്ധു രവീന്ദ്രന്റെ പരാതിയിലാണ് കേസെടുത്തത്.
കെട്ടിട നികുതി വര്‍ധിപ്പിച്ചതിനെതിരേ മലപ്പുറം ജില്ലയിലെ പകുതിയോളം തദ്ദേശ സ്ഥാപനങ്ങളും പ്രമേയം പാസാക്കി സര്‍ക്കാരിനയച്ചു. യുഡിഎഫിന്റെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രമേയം പാസാക്കിയത്.
കൊല്ലം അഞ്ചലില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്നു പൊലീസുകാര്‍ക്കു പരിക്കേറ്റു. ഏരൂര്‍ പൊലീസിന്റെ ജീപ്പാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ എസ്ഐ വേണു, എഎസ്ഐ ശ്രീകുമാര്‍, സിപിഒ ആരുണ് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദേശ സര്‍വകലാശാലകളില്‍നിന്ന് വിദ്യാഭ്യാസം നേടിയ അഭിഭാഷകരും ന്യായാധിപരും ഭാരതീയമായി തന്നെ ചിന്തിക്കണമെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു. വിദേശ വിദ്യാഭ്യാസം നേടിയവര്‍ ഇംഗ്ലീഷില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. അവര്‍ ‘ഇന്ത്യന്‍’ ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു. വാനിഗാം പയീന്‍ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരില്‍നിന്ന് എകെ 47 തോക്ക് ഉള്‍പ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് 45 കോടി ചെലവിട്ട് നവീകരിച്ച ഔദ്യോഗിക വസതി ജനങ്ങള്‍ക്കു കാണിച്ചുകൊടുക്കണമെന്ന് ബിജെപി. കേജരിവാളിനെതിരേ സമരം ശക്തമാക്കാനാണു ബിജെപി തീരുമാനം.
ഛത്തീസ്ഗഢിലെ ദാംധാരി ജില്ലയില്‍ എസ് യു വി കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 10 പേര് മരിച്ചു. അഞ്ച് സ്ത്രീകളും രണ്ടു കുട്ടികളും അടക്കമുള്ളവരാണു മരിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
മധ്യപ്രദേശില്‍ 50 ലക്ഷം രൂപ വിലവരുന്ന 505 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അമ്മയും മകനും അറസ്റ്റില്‍. മന്ദ്സൗര്‍ ടൗണില്‍നിന്ന് ഇന്‍ഡോറിലേക്കു ബസില്‍ യാത്ര ചെയ്തിരുന്ന 55 കാരിയുടേയും മകനായി 24 കാരന്റേയും കൈയില്‍നിന്നാണ് ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്.
ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയിലെ 17 പശുക്കളെ കശാപ്പു ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ട് ദിവസങ്ങളിലായാണ് ഇറ്റാ ജില്ലയിലെ രണ്ടു ഗ്രാമങ്ങളില്‍ നിന്ന് 17 പശുക്കളെ അറുത്ത നിലയില്‍ കണ്ടെത്തിയത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനെ വധിക്കാന്‍ ക്രെംലിനിലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ ആരോപണം യുക്രൈന് പ്രസിഡന്റ് വൊളാഡിമിര്‍ സെലന്‍സ്കി നിഷേധിച്ചു. പുടിനെയോ ക്രെംലിനെയോ ആക്രമിച്ചിട്ടില്ല. യുക്രൈനിലെ നഗരങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്. സെലന്‍സ്കി പറഞ്ഞു. തിരിച്ചടി ഉണ്ടാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.