നടത്തം ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് വ്യക്തമാക്കുന്ന പലപഠനങ്ങളും മുന്‍പുണ്ടായിട്ടുണ്ട്. ദീര്‍ഘനേരം ഓരേ ഇരുപ്പ് ശീലിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കണമെന്ന് ആരോഗ്യവിദഗ്ധരെല്ലാം പതിവായി ഉപദേശിക്കാറുമുണ്ട്. ഓരോ അരമണിക്കൂറിനിടയില്‍ മൂന്ന് മിനിറ്റ് നടക്കുകയാണെങ്കില്‍ ടൈപ്പ് 1 പ്രമേഹത്തെ ചെറുക്കാമെന്നാണ് പുതിയ പഠനം പറയുന്നത്. ടൈപ് 1 പ്രമേഹം ബാധിതര്‍ ശാരീരിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ടത് വളരെ പ്രധാനമാണ്. ദീര്‍ഘനേരം ഇരിക്കുന്നവര്‍ ഓരോ അര മണിക്കൂറിലും എഴുന്നേറ്റുനടക്കുകയോ എന്തെങ്കിലും വിധത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയോ വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്. പാന്‍ക്രിയാസ് ഉത്പാദിപിക്കുന്ന ഇന്‍സുലിന്റെ അളവ് കുറയുകയോ തീരെ ഇല്ലാത്ത അവസ്ഥ ഉണ്ടാകുകയോ ചെയ്യുന്ന ടൈപ് 1 പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു. സ്കോട്ലന്റ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പഠനത്തില്‍ പങ്കെടുത്തവരെ രണ്ട് വിഭാഗമായി തിരിച്ചു. ഒരു വിഭാഗം ദിവസവും ഏഴ് മണിക്കൂറോളം തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്തപ്പോള്‍ മറ്റൊരു വിഭാഗം ഓരോ അരമണിക്കൂറിലും മൂന്നുമിനിറ്റ് നടന്നു. രക്തത്തിലെ ഷുഗര്‍ നില പരിശോധിക്കാന്‍ ഗ്ലൂക്കോസ് മോണിറ്റ ഘടിപ്പിച്ചിരുന്നു. ഇടയ്ക്കിടെ നടന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ രക്തത്തിലെ ഷുഗര്‍ നില കുറഞ്ഞതായി കണ്ടെത്തി. രക്തത്തിലെ ഷുഗര്‍നില കുറയ്ക്കാനുള്ള ഏറ്റവും ലളിതവും സ്വീകാര്യവുമായ മാര്‍ഗമാണിതെന്നും കൂടുതല്‍ വ്യായാമമുറകള്‍ ശീലമാക്കാന്‍ ഒരു തുടക്കമായിരിക്കും ഇടവേളകളിലെ ഈ നടത്തം എന്നും ഗവേഷകര്‍ പറഞ്ഞു. നടത്തം ഉള്‍പ്പെടെയുള്ള ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ അകാലമരണം പത്തുശതമാനത്തോളം തടയാം എന്ന് അടുത്തിടെ നടന്ന മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. മിതമായ ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നതുവഴി ഹൃദ്രോഗങ്ങളും കാന്‍സറും പ്രതിരോധിക്കാമെന്നും പഠനം വ്യക്തമാക്കി.