◾അപകീര്‍ത്തിക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂററ്റ് ജില്ലാ കോടതി തള്ളി. മോദിക്കെതിരായ പരാമര്‍ശം മോദി സമുദായത്തിന് അപകീര്‍ത്തിപരമെന്നു വ്യാഖ്യാനിച്ചു രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച സൂററ്റ് ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലാണു ജില്ലാ ജഡ്ജി ആര്‍എസ് മൊഗേര തള്ളിയത്. രാഹുലിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി സ്റ്റേ വൈകിയാല്‍ രാഹുല്‍ മല്‍സരിച്ചിരുന്ന വയനാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പു നടത്തേണ്ടിവരും.
◾എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മെയ് 25 ന് പ്ലസ് ടു പരീക്ഷാഫലം പുറത്തുവിടും. ജൂണ്‍ ഒന്നിനു സ്‌കൂള്‍ തുറക്കും. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗം ചേരും. മെയ് 20 ന് മുന്‍പ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
◾തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി രക്ഷാശ്രമത്തിനിടെ ചത്തു. വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റില്‍ വീണ കരടിയാണ് ചത്തത്. കോഴികളെ പിടിക്കാന്‍ വന്ന കരടി, ആളുകളുടെ ശബ്ദം കേട്ട് ഓടുന്നതിനിടെ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. മയക്കുവെടി വെച്ചതിനു ശേഷം വലയില്‍ വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ കിണറിലെ വെള്ളത്തില്‍ വീണ്ടും വീണ കരടിയെ 50 മിനിറ്റിന് ശേഷമാണ് പുറത്തെടുത്തത്. മയക്കുവെടിയേറ്റ കരടി ആഴമുള്ള കിണറില്‍ മുങ്ങിത്താഴുകയായിരുന്നു.
◾കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ യാത്രയയപ്പു നല്‍കിയതിനെതിരേ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. നടപടി ജൂഡീഷ്യല്‍ ചട്ടങ്ങളുടെയും മുന്‍കാല സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സാബു സ്റ്റീഫന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾പ്രതിപക്ഷ നേതാവിന്റെ മൂന്നു പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടീസ്. സ്പീക്കറുടെ ഓഫിസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനാണ് നോട്ടീസ്. ഏഴു പ്രതിപക്ഷ എംഎല്‍എമാരുടെ പി എ മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്.
◾സ്പീക്കറുടെ ഓഫീസിന് മുന്നിലെ കയ്യാങ്കളി ചിത്രീകരിച്ചതിന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടിസയച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട. വീഡിയോ ചിത്രീകരിച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് നോട്ടീസ് നല്‍കാന്‍ നിയമസഭാ സെക്രട്ടറിയേറ്റിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
◾ഡിസിസി പുനഃസംഘടനയ്ക്കുള്ള സമ്പൂര്‍ണ പട്ടിക കെപിസിസിക്കു മുന്നിലെത്തി. ജില്ലാതല സമിതികള്‍ നല്‍കിയ ജമ്പോ പട്ടികയില്‍നിന്ന് ഭാരവാഹികളെ തീരുമാനിക്കാനുള്ള ഉപസമിതി ചര്‍ച്ച തുടങ്ങി. ഏഴുപേരടങ്ങുന്ന ഉപസമിതിയാണ് ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കുന്നത്. ഈ മാസം 25 നുശേഷം തുടര്‍ച്ചയായി യോഗം ചേര്‍ന്ന് ഭാരവാഹികളെ പ്രഖ്യാപിക്കും.
◾ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനു വിശദീകരണം വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. അക്കൗണ്ടുകള്‍ മരവിക്കപ്പെട്ട ആറു പേര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾രാഹുല്‍ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് തത്കാലം ഇല്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി നിരീക്ഷിച്ചശേഷമേ തീരുമാനമെടുക്കൂവെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
◾കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍ പാര്‍ട്ടി വിട്ടു. മുന്‍ ഉടുമ്പുഞ്ചോല എംഎല്‍എയായിരുന്നു മാത്യു സ്റ്റീഫന്‍. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന് നല്‍കി.
◾ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ മൂന്നാര്‍ ഇക്കാ നഗറിലെ ഒമ്പതു സെന്റ് ഭൂമി റവന്യുവകുപ്പ് പിടിച്ചെടുത്തു. കൈയേറ്റ ഭൂമിയാണെന്ന് അവകാശപ്പെട്ടാണ് ഭൂമി തിരിച്ചുപിടിച്ച് റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. തനിക്ക് നോട്ടിസുപോലും തരാതെയാണ് റവന്യുവകുപ്പ് നടപടിയെടുത്തതെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.
◾
◾അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായി കര്‍ണാടകയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലം അന്‍വാര്‍ശ്ശേരിയില്‍ പരിശോധന നടത്തി. ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
◾അബ്ദുള്‍ നാസര്‍ മദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനുമായി സാമ്പത്തിക സമാഹരണവുമായി മുസ്ലീം സംഘടനകള്‍. മദനിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടിമുസ്ലിയാര്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയിറക്കി.
◾ഗര്‍ഭിണി ആറാം മാസത്തില്‍ പ്രസവിച്ചതിനു പിറകേ കുഞ്ഞു മരിച്ച സംഭവത്തില്‍ ചേര്‍ത്തല താലൂക്കാശുപത്രിക്കെതിരേ പരാതി. ചികില്‍സ തേടി ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തിരിച്ചയച്ചതിനു പിറകേ പ്രസവിച്ചുവെന്നാണ് കുടുംബം ആരോഗ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് വേലിക്കകത്ത് ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യയുടെ (32) രണ്ടാമത്തെ പ്രസവത്തിലെ കുഞ്ഞാണു മരിച്ചത്.
◾യുവ സംവിധായക നയന സൂര്യന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവ്. നയനയുടെ കഴുത്തില്‍ കാണപ്പെട്ട ഉരഞ്ഞ പാടിന്റെ നീളം മുപ്പത്തൊന്നര സെന്റിമീറ്റര്‍ എന്നു തെറ്റായാണു രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നര സെന്റീമീറ്റര്‍ എന്നതിനു പകരം ടൈപ്പിംഗില്‍ സംഭവിച്ച അക്ഷരത്തെറ്റാണെന്നാണു വിശദീകരണം.
◾ഇടുക്കിയില്‍ ചിന്നക്കനാല്‍ 301 കോളനിയില്‍ വീണ്ടും കാട്ടാന ആക്രമണം. അരിക്കൊമ്പന്‍ ഉള്‍പ്പെട്ട കാട്ടാന കൂട്ടമാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയെത്തിയ ആനക്കൂട്ടം ഒരു വീട് തകര്‍ത്തു. കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് തകര്‍ത്തത്. കുങ്കിയാനകളെ ഈ പ്രദേശത്തേക്കു കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
◾അമ്മയും മകളും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടന്‍ തറയില്‍ സുരേഷിന്റെ ഭാര്യ ശുഭ (അമ്പിളി – 54), മകള്‍ അഞ്ജു (രേവതി – 34) എന്നിവരാണു മരിച്ചത്.
◾2014 നു ശേഷം ഇന്ത്യയുടെ സമ്പത്ത് മുഴുവന്‍ അദാനിയുടെ കൈയില്‍ എത്തിയത് എങ്ങനെയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തവണ വീഡിയോ പുറത്തിറക്കിയാണ് വിമര്‍ശനം ഉന്നയിച്ചത്.
◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ ഭാവി തുലാസില്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും കര്‍ണാടക ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം ഇന്നു വൈകുന്നേരത്തോടെ അവസാനിക്കും. ഇന്നലെ രാത്രിയോടെ ബിജെപിയും കോണ്‍ഗ്രസും അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു.
◾തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകന്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷ് ഇലക്ട്രോ ബാറ്റില്‍സ് എന്ന നൃത്തസംഘത്തിന്റെ സ്ഥാപകനാണ്.
◾ഒരു കമ്പനിയുടെ ഹെഡ് ഓഫീസും ബ്രാഞ്ച് ഓഫീസുകളും രണ്ടു സംസ്ഥാനങ്ങളിലാണെങ്കില്‍ ബ്രാഞ്ച് ഓഫീസിലെ ജീവനക്കാര്‍ ഹെഡ് ഓഫീസിലേക്കു നല്‍കുന്ന സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) അറിയിച്ചു. മാത്രമല്ല ഹെഡ് ഓഫീസിലെ ജീവനക്കാര്‍ മറ്റ് സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലേക്ക് നല്‍കുന്ന സേവനത്തിനും 18 ശതമാനം നികുതി ഈടാക്കും.
◾യുദ്ധബാധിതമായ യെമനില്‍ സൗജന്യ ഭക്ഷ്യവിതരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എണ്‍പതിലധികം പേര്‍ കൊല്ലപ്പെട്ടു. 322 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ചെറിയ പെരുന്നാളിനു മുന്നോടിയായി വിതരണം ചെയ്ത ഇനങ്ങള്‍ വാങ്ങാനാണ് ഇത്രയേറെ വലിയ ജനക്കൂട്ടം ഓടിക്കൂടിയത്.
◾ഐപിഎല്ലില്‍ ഇന്ന് രണ്ട് കളികള്‍. ഉച്ചക്ക് 3.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് റോയല്‍ ചാലഞ്ചേഴ്സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 ന് ആരംഭിക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.
◾വീണ്ടും രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഉയര്‍ന്ന് യു.എസ്. വാണിജ്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക കണക്കുകള്‍ അനുസരിച്ച് ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 7.65 ശതമാനം വര്‍ധിച്ച് 12,855 കോടി ഡോളറായി (10.5 ലക്ഷം കോടി രൂപ). 2021-22 ല്‍ ഇത് 11,950 കോടി ഡോളറും 2020-21ല്‍ ഇത് 8,051 കോടി ഡോളറുമായിരുന്നു. യുഎസിലേക്കുള്ള കയറ്റുമതി 2021-22ല്‍ 7,618 കോടി ഡോളറില്‍ നിന്ന് 2022-23ല്‍ 2.81 ശതമാനം ഉയര്‍ന്ന് 7,831 കോടി ഡോളറിലെത്തി. അതേസമയം ഇറക്കുമതി 16 ശതമാനം വര്‍ധിച്ച് 5,024 കോടി ഡോളറായി. മുന്‍ സാമ്പത്തിക വര്‍ഷം ചൈനയുമായുള്ള ഇന്ത്യയുടെ വാണിജ്യം 2021-22 ല്‍ 11,542 കോടി ഡോളറില്‍ നിന്ന് ഏകദേശം 1.5 ശതമാനം ഇടിഞ്ഞ് 11,383 കോടി ഡോളറായി. 2022-23ല്‍ ചൈനയിലേക്കുള്ള കയറ്റുമതി ഏകദേശം 28 ശതമാനം ഇടിഞ്ഞ് 1,532 കോടി ഡോളറായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇറക്കുമതി 4.16 ശതമാനം ഉയര്‍ന്ന് 9,851 കോടി ഡോളറായി. 2013-14 മുതല്‍ 2017-18 വരെയും 2020-21 ലും ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളി ചൈനയായിരുന്നു. ചൈനയ്ക്ക് മുമ്പ് യു.എ.ഇ ആയിരുന്നു രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2022-23ല്‍ 7,616 കോടി ഡോളറുമായി യു.എ.ഇയാണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി. സൗദി അറേബ്യ (5,272 കോടി ഡോളര്‍), സിംഗപ്പൂര്‍ (3,555 കോടി ഡോളര്‍) എന്നിവയാണ് തൊട്ടുപിന്നില്‍.
◾ചില സമയങ്ങളില്‍ വാട്സാപ്പില്‍ മെസേജ് വായിക്കുന്നതിന് സമയം കിട്ടുന്നതിന് മുന്‍പ് തന്നെ അയച്ചയാള്‍ മെസേജ് ഡിലീറ്റ് ചെയ്‌തെന്ന് വരാം. ഇത്തരത്തില്‍ ഡിലീറ്റ് ചെയ്ത സന്ദേശത്തിലെ ഉള്ളടക്കം അറിയാന്‍ വഴികളുണ്ട്. ഡേറ്റ പതിവായി ബാക്ക് അപ്പ് ചെയ്യുകയോ മുന്‍പത്തെ ബാക്ക് അപ്പില്‍ നിന്ന് മെസേജുകള്‍ വീണ്ടെടുക്കുകയോ ചെയ്താല്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ വായിക്കാന്‍ സാധിക്കും. ഇതിനായി വാട്‌സ്ആപ്പ് സെറ്റിംഗ്‌സില്‍ കയറി ചാറ്റ്‌സ് തെരഞ്ഞെടുക്കണം. ചാറ്റില്‍ ചാറ്റ്‌സ് ബാക്ക് അപ്പ് എടുത്ത് അതിലെ മുന്‍പത്തെ ബാക്ക് അപ്പ് പരിശോധിച്ചാല്‍ ഡിലീറ്റ് ആയ മെസേജുകള്‍ കാണാന്‍ സാധിക്കും. ആപ്പ് ഡിലീറ്റ് ചെയ്യേണ്ടതായി വരുന്നതും പുതുതായി ലോഗിന്‍ ചെയ്യേണ്ടതായി വരുന്നതും ഈ രീതി ബുദ്ധിമുട്ടേറിയതാക്കുന്നു. ആന്‍ഡ്രോയിഡ് 11 ഫോണുകളില്‍ നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കും. സെറ്റിങ്‌സില്‍ പോയി ആപ്പ് ആന്റ് നോട്ടിഫിക്കേഷന്‍ ടാപ്പ് ചെയ്യുക. നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക. നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ടാപ്പ് ചെയ്ത് കഴിഞ്ഞാല്‍ നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ഓണ്‍ ആക്കി വെയ്ക്കാന്‍ സംവിധാനമുണ്ട്. ഒരിക്കല്‍ നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ഓണ്‍ ആണെങ്കില്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്താലും മെസേജിന്റെ നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കും. ഇതിന് പുറമേ ഓണ്‍ലൈനില്‍ ലഭ്യമായ തേര്‍ഡ് പാര്‍ട്ടി ഡേറ്റ റിക്കവറി ആപ്പുകള്‍ വഴിയും ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കും.
◾അന്ന ബെനും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രമേയവും താരങ്ങളെയും വ്യക്തമാക്കുന്ന ടീസറിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. മേയ് 26 ന് ‘ത്രിശങ്കു’ തിയേറ്ററുകളിലെത്തും. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അന്ധാധൂന്‍’, ‘മോണിക്ക ഒ മൈ ഡാര്‍ലിംഗ്’ തുടങ്ങിയ സിനിമകളാല്‍ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. ഇന്ത്യന്‍ നവതരംഗ സിനിമാ സംവിധായകന്‍ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെന്റര്‍. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവര്‍ക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവര്‍ പിക്ചേഴ്‌സ് ആന്‍ഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ത്രിശങ്കു’ ഒരു മുഴുനീള കോമഡി റൊമാന്റിക് ചിത്രമായിരിക്കുമെന്ന് നിര്‍മാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, ഫാഹിം സഫര്‍, ശിവ ഹരിഹരന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ അമലാ പോള്‍ നായികയാകുന്നു. നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ജീത്തുവാണ്. ഷറഫുദ്ദീനും ആസിഫിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം ടുണീഷ്യയില്‍ പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ട്. രമേഷ് പി പിള്ളയും സുദന്‍ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ ‘കൂമന്‍’ കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു റിലീസ് ചെയ്തത്. ‘കൂമന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കെ ആര്‍ കൃഷ്ണകുമാര്‍ ആയിരുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ ‘ഗിരിശങ്കര്‍’ ആയാണ് ആസിഫ് അലി വേഷമിട്ടത്.
◾390 അഡ്വഞ്ചറിന്റെ കൂടുതല്‍ താങ്ങാനാവുന്ന പതിപ്പ് ഓസ്ട്രിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ കെടിഎം ഇന്ത്യ ഔദ്യോഗികമായി പുറത്തിറക്കി. അഡ്വഞ്ചര്‍ എക്‌സ് എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ വില 2.80 ലക്ഷം രൂപ മുതല്‍ ആണ്. ഇത് 390 അഡ്വഞ്ചറിനേക്കാള്‍ 59,000 രൂപ കുറവാണ്. നിലവിലെ 390 അഡ്വഞ്ചര്‍ 3.39 ലക്ഷം രൂപയ്ക്ക് വില്‍പ്പനയില്‍ തുടരും. രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. കെടിഎം ഇന്ത്യ 390 അഡ്വഞ്ചര്‍ എക്‌സില്‍ നിന്ന് കുറച്ച് ഫീച്ചറുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഓറഞ്ച്, ഡാര്‍ക്ക് ഗാല്‍വാനോ എന്നീ രണ്ട് നിറങ്ങളിലാണ് 390 അഡ്വഞ്ചര്‍ എക്‌സ് വില്‍ക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തില്‍, റൈഡ്-ബൈ-വയര്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, ഓഫ്-റോഡ് എബിഎസ്, 12വി ആക്‌സസറി സോക്കറ്റ്, എല്‍ഇഡി ലൈറ്റിംഗ് എന്നിവ 390 അഡ്വഞ്ചര്‍ എക്‌സ് നിലനിര്‍ത്തുന്നു. എഞ്ചിനിലും മാറ്റങ്ങളില്ല.
◾വിവിധങ്ങളായ രുചികളുടെ ചേരുവകളാല്‍ സമ്പന്നമാണ് നമ്മുടെ നാട്ടുപാചകം. തലമുറകളായി മലയാളികള്‍ പിന്തുടര്‍ന്നുപോരുന്ന നാടന്‍ കറിക്കൂട്ടുകള്‍ക്കു പിന്നില്‍ ആരോഗ്യപരിപാലനത്തിന്റെയും ലാളിത്യത്തിന്റെയും അവബോധം മറഞ്ഞിരിക്കുന്നുണ്ട്. പ്രകൃതിയോടുള്ള സൗഹൃദവും അനുരഞ്ജനവും പുലര്‍ത്തിക്കൊണ്ടുതന്നെ നമ്മുടെ അടുക്കളകളില്‍ പഴയ തലമുറ സൃഷ്ടിച്ച രുചിയുടെ വിപ്ലവങ്ങളാണ് ഷെഫ് ലത ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ലളിതവും രുചികരവുമായ വിഭവങ്ങള്‍ തയാറാക്കുവാന്‍ ഈ പുസ്തകം നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. ‘ലതപാചകം : നാട്ടിന്‍പുറത്തിന്റെ തനത് രുചി’. ഡിസി ലൈഫ്. വില 399 രൂപ.
◾ആരോഗ്യകരമായ ഭക്ഷണശീലം എന്ന് കേള്‍ക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതിനെക്കുറിച്ചാണ് പലരും ആദ്യം ചിന്തിക്കുന്നത്. ഇതിനിടയില്‍ ശരീരത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം പലരും വിട്ടുപോകും. കൃത്യമായ രീതിയിലല്ലാതെ ഭക്ഷണം കുറയ്ക്കുന്നത് വേണ്ട പോഷകങ്ങള്‍ ലഭിക്കാതെ പല അസ്വസ്ഥതകള്‍ക്കും കാരണമാകും. ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ ശരീരം ചില സൂചനകള്‍ തരും. ഭക്ഷണം കുറയുന്നത് ഉറക്കത്തെ കാര്യമായി ബാധിക്കും. ഉറങ്ങാന്‍ കൂടുതല്‍ സമയമെടുക്കുന്നതും ആഴത്തിലുള്ള ഉറക്കം കിട്ടാത്തതിനുമെല്ലാം ഇത് കാരണമായേക്കാം. ആവശ്യത്തിന് കലോറിയും പോഷകങ്ങളും വിറ്റാമിനുമെല്ലാം ലഭിച്ചില്ലെങ്കില്‍ മുടികൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. മുടിക്ക് ബാഹ്യസംരക്ഷണം മാത്രം നല്‍കിയാല്‍ പോര ആവശ്യമായ പോഷകങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് ലഭിക്കുന്ന കലോറി കുറയുന്നത് വ്യായാമം ചെയ്യാനും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം മറ്റൊന്നും ചെയ്യാന്‍ ആവേശമില്ലാതാകും. പ്രോട്ടീനും അയണും ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ സമയം ഊര്‍ജ്ജത്തോടെയിരിക്കാന്‍ സഹായിക്കും. ദീര്‍ഘനാള്‍ കലോറി കുറഞ്ഞ ആഹാരരീതി പിന്തുടരുന്നത് അസ്വസ്ഥതക്കും ഉത്സാഹക്കുറവിനും കാരണമാകും. വിശപ്പ് മൂലം ദേഷ്യം വരുന്ന ആളുകള്‍ സാധാരണ കളിയാക്കാറുണ്ട്, പക്ഷെ അത് സത്യമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെയാകുമ്പോള്‍ ശരീരം അസ്വസ്ഥത പ്രകടിപ്പിക്കുകയും വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതാകുകയും ചെയ്യും. ഇത് നിങ്ങളെ മാനസികമായും വൈകാരികമായി ബാധിക്കും. ആവശ്യത്തിന് ഭക്ഷണം കഴിച്ചില്ലെങ്കില്‍ ശരീരത്തിലെ കലോറിയുടെയും പോഷകങ്ങളുടെ അഭാവം നികത്താന്‍ വിശപ്പ് കൂട്ടുന്ന രീതിയില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കും. ഭക്ഷണം കഴിച്ചുടനെ വീണ്ടും വിശപ്പ് അനുഭവപ്പെടുന്നത് ഇതിന് ഉദാഹരണമാണ്.