ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ധൂമം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫ് നിര്‍മ്മിച്ച ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന് കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ‘ധൂമം’ റിലീസ് ചെയ്യും. ‘എല്ലാ പുകച്ചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍. ഈ സസ്പെന്‍സ്ഫുള്‍ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സാവാരിക്കായി ഒരുങ്ങിക്കോളൂ.’ – ഫസ്റ്റ് ലുക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ഫഹദ് ഫാസില്‍ എഴുതി. റോഷന് മാത്യു, അച്യുത് കുമാര്‍, ജോയ് മാത്യു, ദേവ് മോഹന്‍,നന്ദു അനു മോഹന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.