ഭാരം ഉപയോഗിച്ച് ശരീരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ ചെയ്യുന്ന സ്ട്രെങ്ത് ട്രെയ്നിങ് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സസ് ഗവേഷകരാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. ഇതിനായി 14 പഠനങ്ങളിലെ 253 പേരുടെ ഡേറ്റ താരതമ്യപ്പെടുത്തി. ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 59ന് മുകളിലായിരുന്നു. ഇവരില്‍ പലരും ഹൈപ്പര്ടെന്ഷന് മരുന്നുകള്‍ കഴിക്കുന്നവരുമാണ്. പല പ്രായവിഭാഗങ്ങളില്പ്പെട്ടവരുടെ രക്തസമ്മര്‍ദം കുറയ്ക്കുന്നതില്‍ സ്ട്രെങ്ത് ട്രെയ്നിങ് ഫലപ്രദമായിരുന്നെങ്കിലും ഇത് ഏറ്റവും കാര്യക്ഷമമായി കണ്ടത് 18-50 പ്രായവിഭാഗത്തിലാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കുറഞ്ഞത് എട്ടാഴ്ചത്തേക്ക് ആഴ്ചയില്‍ രണ്ടെന്ന കണക്കില്‍ വെയ്റ്റ് ട്രെയ്നിങ് ചെയ്തവര്‍ക്കാണ് ഏറ്റവും ഫലം ലഭിച്ചത്. സ്ട്രെങ്ത് ട്രെയ്നിങ്ങിന്റെ ഫലം എയറോബിക് വ്യയാമത്തെ അപേക്ഷിച്ച് പ്രത്യക്ഷമായി തുടങ്ങാന്‍ സമയമെടുക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. സയന്റിഫിക്ക് റിപ്പോര്‍ട്ട്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനഫലം അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ശുപാര്‍ശകളെ ശരിവയ്ക്കുന്നതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും ഭാരം കുറയ്ക്കാനും ശരീരത്തിന്റെ ബാലന്‍സ് മെച്ചപ്പെടുത്താനുമെല്ലാം സ്ട്രെങ്ത് ട്രെയ്നിങ് സഹായിക്കും. പല വിധത്തില്‍ സ്ട്രെങ്ത് ട്രെയ്നിങ് നടത്താവുന്നതാണ്. ഇതില്‍ ഏറ്റവും ചെലവ് കുറഞ്ഞതും ജിമ്മിലൊന്നും പോകാതെ ചെയ്യാനാവുന്നതുമായ വ്യായാമങ്ങളാണ് സ്വന്തം ശരീരഭാരം ഉപയോഗിച്ച് നടത്തുന്ന പുഷ് അപ്പുകള്‍, പുള്‍ അപ്പുകള്‍, പ്ലാങ്ക്, ലഞ്ചസ്, സ്ക്വാട്സ് എന്നിവ.