സാധാരണക്കാരുടെ ജീവിതത്തെ അവതരിപ്പിക്കുന്ന സിനിമകള്‍ക്ക് അതിനു ചേരുന്ന പാട്ടുകള്‍ ആവശ്യമുണ്ട്. അത്തരത്തിലുള്ള ഒരു ഗാനമാണ് മഹേഷ് സംവിധാനം ചെയ്ത ‘വെള്ളരിപ്പട്ടണ’ത്തിലെ ‘അയ്യടി മനമേ’. ന്യൂജെന്‍ പാട്ടുകളുടെ എല്ലാ സ്വഭാവ സവിശേഷതകളും പാട്ടിലുണ്ട്. മഞ്ജു വാരിയരും സൗബിന്‍ ഷാഹിറുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നാട്ടുപാട്ടിന്റെ സുന്ദര ഈണവും നാട്ടുചൊല്ലുകളുടെ ചുറുചുറുക്കുള്ള വരികളും ‘അയ്യടി മനമേ’ എന്ന പാട്ടിനെ ആകര്‍ഷകമാക്കിയിരിക്കുന്നു. പുഷ്പവതിയാണ് ഗാനം ആലപിച്ചത്. പാട്ട് പിറവിയെക്കുറിച്ച് ഗാനരചയിതാവ് ഡോ. മധു വാസുദേവന്‍ പറയുന്നതിങ്ങനെ: ‘ഇത്തരത്തില്‍ ഒരു പാട്ടിന്റെ ആശയം എന്നോടു പറഞ്ഞത് തിരക്കഥാകൃത്തായ ശരത്കൃഷ്ണയാണ്. എ.ആര്‍.റഹ്മാന്റെ പ്രിയ ശിഷ്യനായ സച്ചിന്‍ ശങ്കര്‍ മന്നത്ത് ഈണമിട്ടു. നമ്മളെല്ലാവരും കുട്ടിക്കാലം മുതലേ കേട്ടിട്ടുള്ള നാടന്‍ ശീലാണ് അയ്യടി മനമേ. അതില്‍ ആകെ രണ്ടു വരികളേ ഉള്ളൂ, ബാക്കിയില്ല. ആ വരികളുടെ അതേ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടും കഥയുടെ സന്ദര്‍ഭത്തിനു യോജിച്ച തരത്തില്‍ പുതിയ വരികള്‍ ചേര്‍ത്തും ആ പഴയ നാട്ടുശീലിനെ എന്റേതായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശ്രമിച്ചു’.