അനുരാഗ കരിക്കിന് വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും ഇടവേളക്കു ശേഷം വീണ്ടും ഒത്തുചേരുന്നു. ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ജിസ് ജോയിയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയമാണ് പുതിയ ചിത്രത്തിന്റേത്. പൂര്‍ണമായും ത്രില്ലര്‍ ജോണറിലായിരിക്കും പുതിയ ചിത്രം എത്തുന്നത്. വിശാലമായ ക്യാന്‍വാസില്‍ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വലിയ മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ 17ന് തലശ്ശേരിയില്‍ ആരംഭിക്കും. കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.