night news hd 6

 

കൊവിഡ് വ്യാപിക്കുന്നതിനാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാ സംസ്ഥാനങ്ങളിലും ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം. മോക്ഡ്രില്‍ നടത്തുന്ന ആശുപത്രികള്‍ ആരോഗ്യ മന്ത്രിമാര്‍ സന്ദര്‍ശിക്കണം. സംസ്ഥാനങ്ങളില്‍ പരിശോധനയും ജനിതക ശ്രേണീകരണവും വര്‍ധിപ്പിക്കാനും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും യോഗത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.

ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി പതിനൊന്നു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കനത്ത സുരക്ഷയോടെയാണ് പൊലീസ് പ്രതിയുമായി കോടതിയിലെത്തിയത്. മാലൂര്‍ക്കുന്ന് എ ആര്‍ ക്യാമ്പില്‍ എത്തിച്ചാണു ചോദ്യം ചെയ്യുക.

കെ.എസ്.ആര്‍.ടി.സിക്കു ദയാവധം നല്‍കുന്നതിനാണ് സര്‍ക്കാര്‍ സ്വിഫ്റ്റ് കമ്പനിയെ പരിപോഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത് പാവപ്പെട്ട തൊഴിലാളികളെയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാദ്ധ്യതയില്ലെന്ന സര്‍ക്കാര്‍ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരന്‍ പറഞ്ഞു.

പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി തൃശൂരില്‍ അന്തരിച്ചു. 75 വയസായിരുന്നു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിയാണ്.

കണ്ണൂര്‍ ചിറക്കലില്‍ പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തെയ്യമായി കനലിലൂടെ നടന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവിക്കു കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തീ കനലിലൂടെ ചാടിയശേഷം അവശനിലയിലായ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മലമ്പുഴ അകമലവാരത്ത് കാട്ടാനയെ ചരി്ഞ നിലയില്‍ കണ്ടെത്തി. കോഴിമലയ്ക്കു സമീപമാണ് പിടിയാനയുടെ നാലു ദിവസം പഴക്കമുള്ള ജഡം കണ്ടെത്തിയത്.

വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിനു മുകളിലേക്കു പുള്ളിമാന്‍ ചാടി. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ക്കു പരിക്കേറ്റു. മാന്‍ ചത്തു.

മുന്നൂറു കിലോ തൂക്കമുള്ള കൂറ്റന്‍ തിരണ്ടിയെ വലയിലാക്കി മത്സ്യത്തൊഴിലാളികള്‍. പൊന്നാനി ഹാര്‍ബറിലെ മത്സ്യബന്ധന മത്സ്യത്തൊഴിലാളികളാണ് കൂറ്റന്‍ തിരണ്ടിയെ കരയില്‍ എത്തിച്ചത്.

മലപ്പുറത്ത് പതിനാലുകാരന്‍ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് 25,000 രൂപ പിഴശിക്ഷ. ബൈക്ക് ഉടമയായ കല്പകഞ്ചേരി ഫൗസിയ (38) ക്ക് അയ്യായിരം രൂപയാണു പിഴശിക്ഷ. ഇരുവര്‍ക്കും വൈകീട്ട് അഞ്ചിനു കോടതി പിരിയുംവരെ തടവുശിക്ഷയും മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചു.

എറണാകുളം കിഴക്കമ്പലത്ത് വൈദിക വേഷം ധരിച്ച് പള്ളിയില്‍ മോഷണം. മലയിടംതുരുത്ത് സെിന്റ് മേരീസ് പളളി ഓഫീസ് കുത്തിത്തുറന്ന് 40,000 രൂപ കവര്‍ന്നു. സിസിടിവിയില്‍ പതിഞ്ഞെങ്കിലും മഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വിത്യസ്ത കേസുകളിലാണ് യുവാക്കളെ നിലമ്പൂര്‍ പൊലീസ് പിടികൂടിയത്. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു കേസിലും 16 വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.

അദാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കേ, പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷണം അനാവശ്യമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണ്. പാര്‍ലമെന്റില്‍ വിഷയത്തിന് അനാവശ്യ പ്രാധാന്യമാണ് നല്‍കിയതെന്നും ശരത് പവാര്‍ പറഞ്ഞു.

ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവും നടിയുമായ ഖുശ്ബു സുന്ദറിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ക്ഷീണവും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തമിഴ്‌നാട് ദിണ്ടിഗല്‍ ജില്ലയിലെ നത്തം ടൗണില്‍ ഓടുന്ന ബസില്‍ യുവതിയെ വെട്ടിക്കൊന്നു. ഗണവായ്പ്പട്ടി സ്വദേശി ദമയന്തിയാണ് മരിച്ചത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കൊല നടത്തിയ ഭര്‍തൃ സഹോദരന്‍ രാജാംഗത്തെ പോലീസ് അറസ്റ്റു ചെയ്തു.

വിവാഹത്തിനുള്ള തടസങ്ങള്‍ നീക്കാനുള്ള കര്‍മങ്ങള്‍ക്ക് എത്തിയ കാമുകിയെ ലൈംഗികമായി ഉപദ്രവിച്ച മന്ത്രവാദിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. പ്രതികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങി.

ഇന്ത്യയും ചൈനയും ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകുമെന്ന് ഐഎംഎഫ് മേധാവി. ഈ വര്‍ഷം ലോക സമ്പദ്വ്യവസ്ഥ മൂന്നു ശതമാനത്തില്‍ താഴെ വളര്‍ച്ചയേ കൈവരിക്കൂ. ഈ വര്‍ഷത്തെ ആഗോള വളര്‍ച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്നും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി.

ലോക സമ്പന്നരുടെ ഫോബ്‌സ് മാസിക പട്ടികയില്‍ 2640 പേര്‍. ഇന്ത്യയില്‍ നിന്ന് 269 പേരാണുള്ളത്. ഒന്‍പത് മലയാളികളുമുണ്ട്. മലയാളികളില്‍ ഒന്നാം സ്ഥാനത്ത് 530 കോടി ഡോളറിന്റെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ്. ലോക റാങ്കിംഗില്‍ 497-ാം സ്ഥാനം. 280 കോടി ഡോളര്‍ ആസ്തിയുള്ള ജോയ് ആലുക്കാസും പട്ടികയിലുണ്ട്. 21,100 കോടി ഡോളര്‍ ആസ്തിയുള്ള ബെര്‍ണാഡ് അര്‍നോള്‍ഡ് ആണ് പട്ടികയില്‍ ഒന്നാമന്‍. ലൂയി വിറ്റന്‍, സെഫോറ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയാണ് അദ്ദേഹം. 18,000 ആസ്തിയുള്ള ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തും 11,400 ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയില്‍ നിന്നുള്ള 169 പേരില്‍ 8,340 കോടി ഡോളര്‍ സമ്പത്തുള്ള റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. ആഗോള തലത്തില്‍ ഒന്‍പതാം സ്ഥാനംം 4,720 കോടി ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. മലയാളികളില്‍ ക്രിസ് ഗോപാലകൃഷ്ണന്‍, രവി പിള്ള എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം. സണ്ണി വര്‍ക്കി, ഡോ. ഷംഷീര്‍ വയലില്‍, ബൈജു രവീന്ദ്രന്‍, എസ്.ഡി ഷിബുലാല്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരും പട്ടികയിലുണ്ട്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *