മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അംഗത്വം നല്‍കി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു. ഒരു കുടുംബത്തിനു വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസിന് ഭാവിയില്ലെന്നും, രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നുമാണ് അനില്‍ ആന്റണിയുടെ ആദ്യ പ്രതികരണം. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്ന അനില്‍ ആന്റണിക്ക് ബിജെപിയില്‍ എന്തു പദവി നല്‍കുമെന്നു അടുത്ത ദിവസങ്ങളില്‍ അറിയാം.
കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായെന്ന് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി. നരേന്ദ്രമോദി അഴിമതി രഹിത നേതാവാണ്. അച്ഛന്‍ എകെ ആന്റണിയോടാണ് തനിക്ക് ഏറ്റവും സ്‌നേഹവും ബഹുമാനവും. ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് അച്ഛനോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിനും ഒരു കുറവുമില്ല. അച്ഛന്റെ രാഷ്ട്രീയത്തോടു വിയോജിപ്പുണ്ട്. അനില്‍ പറഞ്ഞു.
മകന്‍ അനില്‍ ബിജെപിയില്‍ ചേര്‍ന്ന തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തെറ്റായ തീരുമാനമാണത്. അവസാന ശ്വാസം വരെയും താന്‍ കോണ്‍ഗ്രസുകാരനായിരിക്കും. താന്‍ ബിജെപിക്കും ആര്‍എസ് എസിനുമെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനില്‍ ആന്റണി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം രാജ്യ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നയാളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ച ചടങ്ങിലാണ് മുരളീധരന്റെ പരാമര്‍ശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.
മുപ്പതു വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തില്‍ അനില്‍ ആന്റണി സ്വന്തം പിതാവിനേയും കോണ്‍ഗ്രസിനേയും ഒറ്റിക്കൊടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. എ.കെ ആന്റണിയുടെ മകനെന്നതിനപ്പുറം അനില്‍ ആന്റണി കോണ്‍ഗ്രസില്‍ ആരുമല്ല. കോണ്‍ഗ്രസിനായി സമരം ചെയ്തിട്ടുമില്ല. സുധാകരന്‍ പറഞ്ഞു.
ഗുജറാത്ത് വംശഹത്യ കേസുകളില്‍ സുപ്രീം കോടതി കുറ്റമുക്തനാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി ബിബിസി ഡോക്യുമെന്ററിക്കെതിരേ പ്രതികരിച്ചതോടെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസില്‍നിന്ന് പരസ്യമായി അകലാനും ബിജെപിയോട് ആഭിമുഖ്യം പ്രകടമാക്കാനും തുടങ്ങിയത്. സുരേന്ദ്രന് ലൈക്കും രാഹുല്‍ഗാന്ധിക്കെതിരേ പ്രതികരണങ്ങളും മോദിക്കും സ്മൃതിക്കും ജയശങ്കറിനും പ്രശംസയും നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അനില്‍ വിഴയൊരുക്കിയത്. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ ചുമതലക്കാരനായിരുന്ന അനില്‍ പാര്‍ട്ടിയില്‍ ഒരു റോളും ഇല്ലാത്തതില്‍ അസംതൃപ്തനായിരുന്നു.
താന്‍ കോണ്‍ഗ്രസിനൊപ്പംതന്നെയെന്നു വ്യക്തമാക്കി അനിലിന്റെ സഹോദരന്‍ അജിത് പോള്‍ ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ്. അനില്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത വന്നതിനു പിറകേയാണ് കൈപ്പത്തി ചിഹ്നം അജിത്ത് ആന്റണി ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തത്.
രാത്രി ആര്‍എസ്എസ് ബന്ധം പുലര്‍ത്തുന്നവര്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന എ.കെ. ആന്റണിയുടെ ശാസന ശിരസാ വഹിച്ചാണ് മകന്‍ അനില്‍ രാത്രിക്കു പുറമേ പകലും ബിജെപിയില്‍ ചേര്‍ന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പകലും രാത്രിയും ബിജെപി ആയി പ്രവര്‍ത്തിക്കാന്‍ അനില്‍ ആന്റണി തീരുമാനിച്ചത് അങ്ങനെയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം അപക്വമെന്ന് രമേശ് ചെന്നിത്തല. ബിജെപിയെ അറിയാവുന്ന ആരും ഇത് ചെയ്യില്ല. അനിലിന്റെ രാഷ്ട്രീയമാറ്റം കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
നാളെ ദുഃഖവെള്ളി. യേശുവിനെ കുരിശിലേറ്റി കൊന്നതിന്റെ ഓര്‍മദിനമായാണ് ക്രൈസ്തവര്‍ ഈ ദിവസം ആചരിക്കുന്നത്. ദേവാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ വിശ്വാസികള്‍ പങ്കെടുക്കും.
ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കു മഞ്ഞപ്പിത്തംമൂലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ തകരാറുകളുണ്ടെന്നും സ്ഥിരീകരിച്ചു. പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നല്‍കുന്നതെന്നാണു റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിന്റെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ബിഎസ്എന്‍എല്‍ വിച്ഛേദിച്ചു. രാഹുല്‍ ഗാന്ധി എം ി സ്ഥാനത്തുനിന്ന് അയോഗ്യനായതോടെയാണ് നടപടി.
വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവു മൂലം മധ്യവയസ്‌കന്‍ മരിച്ചെന്ന് പരാതി. തരുവണ വിയ്യൂര്‍കുന്ന് കോളനിയിലെ രാമന്‍ ആണ് മരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടും രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മെഡിക്കല്‍ കോളേജിില്‍ ബന്ധുക്കളും ഡോക്ടര്‍മാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
പത്തനംതിട്ട പെരുനാട്ടില്‍ പശുക്കളെ കൊന്നത് കടുവ തന്നെയെന്ന് സ്ഥിരീകരണം. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
മാനന്തവാടിയില്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്ന ജിമ്മന്‍ എന്ന സജിത്ത് കുമാര്‍ പിടിയിലായി. കായംകുളം സ്വദേശിയായ സജിത്ത് കുമാര്‍ നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണെന്നു പോലീസ്.
പെരുമ്പിലാവില്‍ 800 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നു തമിഴ്‌നാട്ടുകാരെ കുന്നംകുളം എക്‌സൈസ് പിടികൂടി. ജോണ്‍ ഡേവിഡ്, വിഗ്‌നേഷ്, വിജയ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
അദാനി വിവാദത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിപക്ഷ ബഹളം. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബഹളംമൂലം തടസപ്പെട്ട ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മോദി അദാനി ഭായ് ഭായ് വിളികളുമായാണ് പ്രധാനമന്ത്രിയെ വരവേറ്റത്.
കര്‍ണാടകയില്‍ ഏവിയേഷന്‍ കോഴ്‌സിനു ചേര്‍ന്ന വിദ്യാര്‍ഥികളെ വിദ്യാഭ്യാസ ഏജന്‍സി വഞ്ചിച്ചെന്നു പരാതി. ദേവാമൃത ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയാണ് 15 വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ചാത്തന്നൂര്‍ പൊലീസ് അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്തു.