ബാബുരാജിന്റെ ഗാനങ്ങള്‍ നിയമപരമായി സ്വന്തമാക്കിയതെന്ന് സംവിധായകന് ആഷിഖ് അബു. ഗാനങ്ങളുടെ പകര്‍പ്പാവകാശം ഉള്ളവര്‍ക്ക് പ്രതിഫലം നല്കി കരാറാക്കിയാണ് നീലവെളിച്ചം സിനിമയില്‍ ഉപയോഗിച്ചത്. ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്സ് ഗാനങ്ങള്‍ നശിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഗാനങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ബാബുരാജിന്റെ മകന് എംഎസ് ജബ്ബാര്‍ നോട്ടീസ് നല്‍കിയിരുന്നു. 1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓര്‍ക്കസ്ട്രേഷനോടു കൂടി പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ പി ഭാസ്കരനില്‍ നിന്നും, സംഗീതസംവിധായകനായ എം എസ് ബാബുരാജിന്റെ പിന്തുടര്ച്ചക്കാരില് നിന്നും നീതിയുക്തമായ രീതിയില്‍ ഈ ഗാനങ്ങളുടെ മുന്‍ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിര്‍മ്മാണ കമ്പനി സ്വന്തമാക്കിയിരുന്നു. ഇവരുമാായി കരാറൊപ്പുവെച്ചിട്ടാണ് പ്രസ്തുത ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിര്‍മ്മാതാക്കളായ ഒ പി എം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും, ഇതിലേക്ക് നയിച്ച മുന്‍ കരാര്‍ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്. ആഷിഖ് അബു പ്രതികരിച്ചു.