◾അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കു രണ്ടു വര്‍ഷം തടവുശിക്ഷ. ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതിയില്‍ നിന്നു തന്നെ രാഹുല്‍ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീല്‍ നല്‍കും. എല്ലാ കള്ളന്മാരുടെ പേരിനു പിറകേ മോദി എന്ന പേരുണ്ടെന്നു പ്രസംഗിച്ചതിനെതിരേയാണ് കേസ്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി തുടങ്ങിയ പേരുകള്‍ അങ്ങനെയാണ്. പ്രസംഗം മോദി സമുദായത്തിന് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ രൂപേഷ് മോദി നല്കിയ പരാതിയിലാണ് ശിക്ഷ. വിധി കേള്‍ക്കാന്‍ രാഹുല്‍ കോടതിയില്‍ എത്തിയിരുന്നു.
◾രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ചതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വത്തിന് അയോഗ്യതയാകും. സിജെഎം കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം നഷ്ടമാകും. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ശിക്ഷ വിധിച്ച ദിവസം മുതല്‍ അയോഗ്യരാകുമെന്നതാണ് നിയമം. അഴിമതി തുറന്നു കാട്ടാനാണു ശ്രമിച്ചതെന്നും ആരേയും സമുദായത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ കോടതിയില്‍ വാദിച്ചെങ്കിലും അംഗീകരിച്ചില്ല.
◾സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടനേ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി എംബി രാജേഷ്. വീട് ഉള്‍പ്പെടെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ചെറുകിട കെട്ടിട നിര്‍മാണങ്ങള്‍ക്കാണ് ഈ സൗകര്യം. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി. കെട്ടിട ഉടമയുടെയും, പ്ലാന്‍ തയാറാക്കുന്ന എംപാനല്‍ഡ് എന്‍ജിനീയര്‍മാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അന്നു തന്നെ സിസ്റ്റം ജനറേറ്റഡ് പെര്‍മിറ്റ് ലഭിക്കും. മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
*വരുന്നൂ, തൃശ്ശൂരിന്റെ ഹൃദയത്തില്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂം*
കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ മൊത്തത്തില്‍ നവീകരിച്ച പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിന് പുതിയ മുഖം. നിലവിലുള്ള ഷോറൂമിനെക്കാള്‍ പകുതിയിലധികം വലുപ്പ കൂടുതലുള്ള പുതിയ കെട്ടിടം പുളിമൂട്ടില്‍ സില്‍ക്സിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട കസ്റ്റമേഴ്സിന് ഒരു പുതുപുത്തന്‍ അനുഭവം തന്നെ ആയിരിക്കും. ജയന്റ് വീല്‍, വാലറ്റ്, അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗുകളിലൂടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യം. കൂടാതെ, ഉദ്ഘാടനം പ്രമാണിച്ച് വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും. പുളിമൂട്ടില്‍ സില്‍ക്സിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളായ ഗുണമേന്മ, അതിവിപുലമായ സെലക്ഷനുകള്‍, ഉപഭോക്തൃ സംതൃപ്തി, ന്യായമായ വില എന്നിവ ഇനി കൂടുതല്‍ മേന്മയോടെ തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ആസ്വദിക്കാം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾കൊച്ചിയില്‍ നാലു മാസത്തിനകം മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഹൈക്കോടതി സമയക്രമം പ്രഖ്യാപിക്കുകയും കോടതി മേല്‍നോട്ടം വഹിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.
◾രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു വൈകുന്നേരം വായ് മൂടിക്കെട്ടി പ്രകടനം നടത്തും. കെപിസിസിയുടെ ആഹ്വാനമനുസരിച്ചാണ് പ്രതിഷേധം.
◾നിയമസഭാ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡര്‍മാരുടെ കാലിനു പൊട്ടലില്ലെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചെന്ന് ആരോപിച്ചായിരുന്നു ഏഴു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് കലാപശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തത്.
◾
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ബ്രഹ്മപുരത്തെ ബയോമൈനിംഗിന് ഉപകരാര്‍ നല്കിയ ആരഷ് മീനാക്ഷി എന്‍വയറോ കെയര്‍ എന്ന കമ്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാല്‍. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസിലെത്തന്നെ ചിലരാണ് ഈ ആരോപണം പ്രചരിപ്പിച്ചതെന്നും വേണുഗോപാല്‍.
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയോട് സമ്മര്‍ദവുമായി പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാര്‍. ആശുപത്രിയില്‍ തുടരുന്ന യുവതിയുടെ ഭര്‍ത്താവ് ആശുപത്രി സൂപ്രണ്ടിനു പരാതി നല്കി. അന്വേഷണം നടത്തിയ സൂപ്രണ്ട് പരാതിക്കാരിയായ രോഗി കിടക്കുന്ന വാര്‍ഡിലേക്കു ഡോക്ടര്‍മാര്‍ അല്ലാതെ ആരും പ്രവേശിക്കരുതെന്നു വിലക്കുകയും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.
◾അഴിമതിക്കേസില്‍ പ്രതിയായ ഡിവൈ.എസ്പി വേലായുധന് വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനക്കിടെ മുങ്ങി. വേലായുധന്റെ ഫോണും ബാങ്ക് രേഖകളും ഇന്നലെ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. അഴിമതിക്കേസ് ഒതുക്കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
◾സ്വപ്നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരേ കണ്ണൂര്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് നല്കിയ പരാതിയില്‍ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ആരോപണത്തില്‍ ഗൂഡാലോചനയുണ്ടെന്ന് സന്തോഷ് മൊഴി നല്കി.
◾പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പഞ്ചായത്തിന്റെ പേര് ‘അയിരൂര്‍ കഥകളി ഗ്രാമം’ എന്നാക്കി മാറ്റി. പേരുമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. കഥകളിയെ നെഞ്ചിലേറ്റിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്. പോസ്റ്റോഫീസിന്റെ പേരും മാറ്റിയിട്ടുണ്ട്.
◾ആര്‍ച്ച്ബിഷപ്പായിരുന്ന അന്തരിച്ച മാര്‍ ജോസഫ് പൗവ്വത്തില്‍ അറിവിന്റെ വെളിച്ചം പടര്‍ത്തിയ വ്യക്തിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിനും കര്‍ഷകരെ ശാക്തീകരണത്തിനും അദ്ദേഹം യത്നിച്ചെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
◾സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി കലര്‍ത്തിയ ജ്യൂസ് നല്കി പീഡിപ്പിച്ചെന്നാണ് പരാതി.
◾കോഴിക്കോട്- പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കു സ്ഥലം വിട്ടുകൊടുത്തവര്‍ സര്‍ക്കാര്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് സമരത്തിനിറങ്ങി. പെരുമണ്ണ, ഒളവണ്ണ എന്നിവിടങ്ങളിലെ ഭൂവുടമകളാണു പ്രതിഷേധിച്ചത്. ഒറിജിനല്‍ രേഖകള്‍ അടക്കം അധികൃതര്‍ വാങ്ങിവച്ചശേഷം, ആദ്യം വാഗ്ദാനം ചെയ്തയത്രയും തുക തരില്ലെന്ന നിലപാടെടുത്തെന്നാണ് ആരോപണം.
◾എറണാകുളം തൃക്കാക്കരയില്‍ ലഹരിവില്പന നടത്തിയതിന് പിടിയിലായ നാടക നടി താനല്ലെന്ന് അഞ്ജു കൃഷ്ണ അശോക്. പേരില്‍ സാമ്യമുള്ളതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ ടാഗ് ചെയ്യരുതെന്നും അഞ്ജു പറഞ്ഞു.
◾കൊല്ലം ആര്യങ്കാവ് അരണ്ടലില്‍ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി. ഹാരിസണ്‍ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിനാണ് കാട്ടാനയുടെ കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾കൊല്ലത്ത് പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി ഇരയുടെ അമ്മയെ വീടു കയറി ആക്രമിച്ചു. ചിതറ സ്വദേശി ഷാജഹാനെതിരേയാണു പരാതി. പരിക്കേറ്റ വീട്ടമ്മയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ഷാജഹാനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
◾കായംകുളത്ത് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ കത്രികകൊണ്ടു കുത്തി രോഗി. ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലില്‍ മുറിവേറ്റു ചികില്‍സ തേടിയെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് കുത്തിയത്.
◾കോഴിക്കോട് 12 കിലോ കഞ്ചാവുമായി യുവാവും രണ്ടു കിലോ കഞ്ചാവുമായി യുവതിയും പിടിയില്‍. ശാന്തിനഗറിലെ ശ്രീനി(42), സീന എന്നിവരാണ് അറസ്റ്റിലായത്. ശ്രീനിയെ 12 കിലോ കഞ്ചാവുമായി വെസ്റ്റ്ഹില്‍ ആര്‍മി ബാരക്സ് പരിസരത്തുനിന്നും, സീനയെ രണ്ടുകിലോഗ്രാം കഞ്ചാവുമായി വീട്ടില്‍ നിന്നുമാണ് അറസ്റ്റുചെയ്തത്.
◾ഫ്ളാറ്റിനു താഴെ വീണുകിടന്ന നിലയില്‍ കണ്ടെത്തിയ മത്സ്യത്തൊഴിലാളി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വിഴിഞ്ഞം മതിപ്പുറത്ത് പരേതനായ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെയും ആരിഫ ബീവിയുടെയും മകന് നവാസ് ഖാന് (37) ആണ് മരിച്ചത്.
◾അടിമാലിയില്‍ വെള്ളച്ചാട്ടത്തിനടുത്ത് യുവാവ് മരിച്ച നിലയില്‍. എറണാകുളം പാലക്കുഴ പളനില്‍കും തടത്തില്‍ ഉലഹന്നാന് ജോണിന്റെ മകന് ജോജി ജോണ്‍ (40) ആണ് മരിച്ചത്. വാളറ വെള്ളച്ചാട്ടത്തിനു സമീപം റോഡില്‍ സ്കൂട്ടറും പെട്ടിയും ഇരിക്കുന്നതുകണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
◾‘മോദിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പോസ്റ്റര്‍ പ്രചാരണം ആം ആദ്മി പാര്‍ട്ടി ഏറ്റെടുത്തു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണ വിഷയമാക്കും. ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന പരിപാടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കും.
◾രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധി പുറത്തുവന്നതിനു പിറകേ, ഗാന്ധിജിയുടെ വചനങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ ട്വിറ്റ്. ‘എന്റെ ധര്‍മം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം. അതിലേക്കുള്ള മാര്‍ഗമാണ് അഹിംസ’ എന്ന ഗാന്ധിജിയുടെ വചനങ്ങളാണു ട്വിറ്റു ചെയ്തത്.
◾രാഹുല്‍ഗാന്ധിക്കെതിരായ കോടതിവിധിയോടു വിയോജിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ബിജെപിക്കാരല്ലാത്ത നേതാക്കളെ ഇല്ലാതാക്കാനാണ് ശ്രമമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കോടതിയെ ബഹുമാനിക്കുന്നു, കോടതിവിധിയോടു വിയോജിക്കുന്നുവെന്നും അദ്ദേഹം ട്വിറ്റു ചെയ്തു.
◾ചലച്ചിത്ര സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍നിന്ന് നൂറു സ്വര്‍ണനാണയങ്ങളും നാലു കിലോ വെള്ളിയും മോഷണം പോയ കേസില്‍ വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവര്‍ വെങ്കടേശന് എന്നിവരെ അറസ്റ്റു ചെയ്തു. 18 വര്‍ഷമായി ഐശ്വര്യയുടെ വീട്ടിലെ ജോലിക്കാരിയാണ് ഈശ്വരി.
◾വിശാഖപട്ടണത്ത് പുതുതായി പണിയുന്ന കെട്ടിടത്തിനു പൈലിംഗ് പണി നടക്കുന്നതിനിടെ തൊട്ടടുത്ത മൂന്നുനില കെട്ടിടം തകര്‍ന്നു വീണ് രണ്ടു കുട്ടികളടക്കം മൂന്നു പേര് മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി.
◾അല്‍ഖ്വയ്ദ മേധാവിയിരുന്ന ഭീകരന് ഒസാമ ബിന്‍ ലാദന്റെ ഫോട്ടോ സര്‍ക്കാര്‍ ഓഫീസില്‍ സൂക്ഷിച്ച വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥനെ യോഗി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ എസ്ഡിഒ ആയിരുന്ന രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് പിരിച്ചു വിട്ടത്.
◾ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ റിലയന്‍സ് ഇന്റര്‍സ്ട്രീസ് തലവന്‍ മുകേഷ് അംബാനി മുന്നിലെത്തി. ലോകത്തെ ധനികരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ആസ്തി 8200 കോടി ഡോളറാണ്.
◾അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കാല് ശതമാനം വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്. പണപ്പെരുപ്പം ചെറുക്കാനുള്ള നടപടികളുടെ ഭാഗമാണ് വര്‍ധനയെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവല്‍ പറഞ്ഞു.
◾അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകും. ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി സി.എ.പി.എ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം എയര്‍പോര്‍ട്ട് വരുമാനത്തില്‍ 26 ശതമാനം വര്‍ദ്ധനവുണ്ടായി 3.9 ബില്യണ്‍ ഡോളര്‍ ( എകദേശം 32,390 കോടി രൂപ) ആകും. 2023-24 വര്‍ഷത്തില്‍ ആഭ്യന്തര- അന്തര്‍ദേശീയ വിമാന യാത്രക്കാരുടെ എണ്ണം 395 ദശലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു, മൊത്തം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വര്‍ഷം 275-ല്‍ നിന്ന് 320 ദശലക്ഷമായി ഉയരും. ഈ കാലയളവില്‍ അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം 58-ല്‍ നിന്ന് 75 ദശലക്ഷമായി ഉയരും. 2030ഓടെ ആഭ്യന്തര എയര്‍പോര്‍ട്ട് പാക്സ് (എയര്‍പോര്‍ട്ട് യാത്രക്കാര്‍) 700 ദശലക്ഷമായും അന്താരാഷ്ട്ര എയര്‍പോര്‍ട്ട് പാക്സ് 160 ദശലക്ഷമായും ഉയരുമെന്നാണ് കണക്കാക്കുന്നത്. ഡല്‍ഹിയില്‍ നടന്ന സി.എ.പി.എ ഇന്ത്യ ഏവിയേഷന്‍ ഉച്ചകോടിയിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. കൊവിഡ് പകര്‍ച്ചവ്യാധി കാലത്ത് വിമാനത്താവളങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) ഏഷ്യ പെസഫിക് ഡയറക്ടര്‍ ജനറല്‍ സ്റ്റെഫാനോ ബാര്‍കോണി പറഞ്ഞു.
◾റോളര്‍ബോള്‍ നിയന്ത്രിത കംപ്യൂട്ടര്‍ മൗസ് കണ്ടുപിടിക്കാന്‍ അന്തരിച്ച ആപ്പിള്‍ സിഇഒ സ്റ്റീവ് ജോബ്സിന് പ്രചോദനമായ അപൂര്‍വ മൗസ് 1.48 കോടി രൂപയ്ക്ക് (47,000 പൗണ്ട്) ലേലം ചെയ്തു. കംപ്യൂട്ടിംഗ് വിദഗ്ധനായ ഡഗ്ലസ് ഏംഗല്‍ബാര്‍ട്ട് ആണ് ത്രീബട്ടണ്‍ മൗസും കോഡിംഗ് കീസെറ്റും സൃഷ്ടിച്ചത്. ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ആര്.ആര് ഓക്ക്ഷന്‍ എന്ന സ്ഥാപനമാണ് ലേലം നടത്തിയത്. അടിസ്ഥാന വിലയായ 12,000 പൗണ്ടിന്റെ ഏകദേശം 12 മടങ്ങ് അധികം തുകയ്ക്കാണ് മൗസ് ലേലത്തില്‍ പോയത്. കംപ്യൂട്ടറുകളുടെ ചരിത്ര പരിണാമത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉപകരണമാണിത്. കര്‍സറിന്റെ സ്ഥാനം കണ്ടെത്തുന്നതിന് ആദ്യകാല ത്രീബട്ടണ്‍ കംപ്യൂട്ടര്‍ മൗസിന്റെ കൂടെ താഴെയായി രണ്ട് മെറ്റല്‍ ഡിസ്കുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇതിന്റെ സ്ഥാനത്ത് ഒരു ബോള്‍ അല്ലെങ്കില്‍ ഒപ്റ്റിക്കല്‍ ലൈറ്റ് ഉപയോഗിച്ചു തുടങ്ങി. ഇടതുവശത്തുള്ള കീസെറ്റ് ഉപയോഗിച്ച് കമാന്‍ഡുകള്‍ നല്കുമ്പോള് വലതു കൈയിലെ മൗസ് ഉപയോഗിച്ച് പോയിന്റ് ചെയ്യാനും ക്ലിക്ക് ചെയ്യാനും ഈ ഹാര്ഡ്വെയര് കോണ്ഫിഗറേഷന് ഉപയോക്താവിനെ അനുവദിച്ചു. 1979ല്‍, സ്റ്റീവ് ജോബ്സ് ഒരു ഗവേഷണ കേന്ദ്രത്തില്‍ പര്യടനം നടത്തുമ്പോഴാണ് ഇത് ആദ്യമായി കാണുന്നത്. എളുപ്പത്തില്‍ ഉപയോഗിക്കാമെന്ന് കണ്ടതോടെ ആപ്പിളിന്റെ കംപ്യൂട്ടറുകളില്‍ ഈ സവിശേഷതകള്‍ ലളിതമായി സംയോജിപ്പിക്കാന്‍ സ്റ്റീവ് ജോബ്സ് തീരുമാനിച്ചു. ആപ്പിള്‍ പിന്നീട് ഏംഗല്‍ബര്‍ട്ടിന്റെ മൗസ് പേറ്റന്റിന് ഏകദേശം 33,000 പൗണ്ട് നല്‍കുകയും പുതിയ മോഡല്‍ മൗസ് യാഥാര്‍ഥ്യമാക്കുകയും ചെയ്തു.
◾സുരാജ് വെഞ്ഞാറമ്മൂട്, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹിഗ്വിറ്റ’ ട്രെയിലര്‍ എത്തി. കണ്ണൂരുള്ള പന്ന്യന്നൂര്‍ മുകുന്ദന് എന്ന രാഷ്ട്രീയ നേതാവായി സുരാജ് ചിത്രത്തിലെത്തുന്നു. സസ്പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്നു വ്യക്തം. നേരത്തെ ഹിഗ്വിറ്റ എന്ന പേരിടുന്നത് എഴുത്തുകാരന് എന്‍.എസ്. മാധവന് എതിര്‍ത്തതോടെ സിനിമ വിവാദത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരില്‍ റജിസ്ട്രേഷന് നല്‍കില്ലെന്ന് നേരത്തെ ഫിലിം ചേംബര്‍ നിലപാട് എടുത്തിരുന്നു. പേര് മാറ്റില്ലെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുകയും ചെയ്തു. വിവാദം കെട്ടടങ്ങി ചിത്രം ഈ മാസം അവസാനം റിലീസിനു തയാറെടുക്കുകയാണ്. ആലപ്പുഴയിലെ ഫുട്ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന് ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു. സമകാലിക രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രം.
◾സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘നല്ല നിലാവുള്ള രാത്രി’യിലെ അടിപൊളി ഗാനം പുറത്ത്. ‘താനാരോ തന്നാരോ’ എന്നാരംഭിക്കുന്ന നാടന്‍ പാട്ട് ശൈലിയിലുള്ള വീഡിയോ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയികൊണ്ടിരിക്കുന്നത്. കൈലാസ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ മര്‍ഫി ദേവസിയാണ്. രാജേഷ് തമ്പുരു, ബാബുരാജ്, റോണി ഡേവിഡ്, ജിനു ജോസഫ്, സജിന്‍, നിതിന്‍ ജോര്‍ജ്, ഗണപതി, കൈലാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് നല്ല നിലാവുള്ള രാത്രി. സാന്ദ്ര തോമസ് ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. മാസ് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ചെമ്പന്‍ വിനോദ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾പുതിയ തലമുറ ഹ്യുണ്ടേയ് വെര്‍നയ്ക്ക് ലഭിച്ചത് 8000 ബുക്കിങ്. വില പ്രഖ്യാപിക്കുന്നതിന് ഏകദേശം ഒരു മാസം മുന്‍പാണ് ഇത്രയും ബുക്കിങ് ലഭിച്ചതെന്ന് ഹ്യുണ്ടേയ് അറിയിക്കുന്നു. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ് ഒ എന്നീ വേരിയന്റുകളിലായി രണ്ടു എന്ജിന് വകഭേദങ്ങള്‍ പുതിയ വെര്നക്കുണ്ട്. 1.5 ലീറ്റര്‍ പെട്രോള്‍ എംടി, 1.5 ലീറ്റര്‍ പെട്രോള്‍ ഓട്ടമാറ്റിക്, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ മാനുവല്‍, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഓട്ടമാറ്റിക് എന്നീ എന്ജിന് വകഭേദങ്ങളില്‍ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില 10.89 ലക്ഷം മുതല്‍ 17.37 ലക്ഷം രൂപ വരെയാണ്. സെഗ്മെന്റിലെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് വെര്‍ന. 4535 എംഎം നീളവും 1765 എംഎം വീതിയും 2670 എംഎം വീല്‍ബേസും, സെഗ്മെന്റിലെ ഏറ്റവും വലിയ 528 ലീറ്റര്‍ ബൂട്ട് സ്പെയ്സുമുണ്ട്.
◾സ്ത്രീജീവിതത്തിലെ സങ്കടങ്ങള്‍ക്കുമേല്‍ പടര്‍ന്നുവളര്‍ന്ന അമരവള്ളിപോലെ, കോക്കാഞ്ചിറയുടെയും കുരിയച്ചിറയുടെയും ചരിത്രവും ജനജീവിതവും ആവിഷ്കരിച്ച കൃതികളില്‍ തുടങ്ങി, വികസനത്തില്‍ ഇരകളാക്കപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ദുരിതങ്ങളുടെയും അതിജീവനത്തിന്റെയും ചിത്രീകരണങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെയും ആക്ടിവിസ്റ്റിന്റെയും ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം. ‘സാറാ ജോസഫ് ഒരു എഴുത്തുകാരിയുടെ ഉള്ളില്‍’. കെ.വി സുമംഗല. മാതൃഭൂമി ബുക്സ്. വില 312 രൂപ.
◾വേനല്‍ക്കാലത്ത് പ്രമേഹരോഗികള്‍ക്ക് കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നു. ഇത് വിയര്‍പ്പ് ഗ്രന്ഥികളെ ബാധിക്കും. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഒരാളെ കൂടുതല്‍ മൂത്രമൊഴിക്കാന്‍ ഇടയാക്കുന്നതിനാല്‍ പ്രമേഹമുള്ളവര്‍ക്കും ശരീരത്തില്‍ നിന്ന് വെള്ളം വേഗത്തില്‍ നഷ്ടപ്പെടാം. ഇത് അവരെ നിര്‍ജ്ജലീകരണത്തിന് കൂടുതല്‍ ഇരയാക്കുന്നു. ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് ആവശ്യമായ ഇന്‍സുലിന്‍ ഡോസ് കൃത്യമായി നിര്‍ണ്ണയിക്കാന്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടതായി വന്നേക്കാം. വേനല്‍ക്കാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് വ്യായാമം എന്നത്. ദിവസവും രാവിലെയും വൈകുന്നേരവും 30 മിനിറ്റ് നടക്കാന്‍ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയില്‍ നിയന്ത്രിക്കുന്നതിന് ഭക്ഷണം കഴിച്ച് 1-3 മണിക്കൂര്‍ കഴിഞ്ഞ് ശേഷം ലഘു വ്യായാമങ്ങള്‍ ചെയ്യുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഭക്ഷണക്രമം പ്രമേഹമുള്ളവര്‍ക്ക് കാര്യമായ ഗുണങ്ങള്‍ നല്‍കിയേക്കാം. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ ദഹനത്തെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുകയും ചെയ്യുന്നു. അത്തരം ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹത്തെ മികച്ച രീതിയില്‍ നിയന്ത്രിക്കാനും അതേ സമയം രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ചിലതരം ക്യാന്‍സര്‍ എന്നിവ ഒഴിവാക്കാനും സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ ഓട്സ്, ബ്രൗണ്‍ റൈസ്, ധാന്യങ്ങള്‍, പഴങ്ങള്‍, വിത്തുകള്‍, പരിപ്പ്, കാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുന്നു. വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍, വേനല്‍ക്കാലത്ത് ധാരാളം വെള്ളവും ജലാംശം നല്കുന്ന ഭക്ഷണങ്ങളും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.23, പൗണ്ട് – 101.21, യൂറോ – 89.68, സ്വിസ് ഫ്രാങ്ക് – 89.79, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.41, ബഹറിന്‍ ദിനാര്‍ – 218.02, കുവൈത്ത് ദിനാര്‍ -268.71, ഒമാനി റിയാല്‍ – 213.78, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.39, ഖത്തര്‍ റിയാല്‍ – 22.58, കനേഡിയന്‍ ഡോളര്‍ – 60.18.