സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ബാനറുമായി പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ കൈയേറ്റം. നാലു പേര്‍ക്കു പരിക്ക്. കെ.കെ. രമയ്ക്കു ഭരണപക്ഷ എംഎല്‍എയുടെ ചവിട്ടേറ്റു. കോണ്‍ഗ്രസിന്റെ സനീഷ്‌കുമാര്‍ സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണു. എം.കെ. അഷറഫ്, ടി.വി. ഇബ്രാഹിം എന്നിവര്‍ക്കും പരിക്കേറ്റു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ആദ്യം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സ്പീക്കര്‍ നീതി പാലിക്കുക എന്നെഴുതിയ ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രകടനമായി എത്തിയത്. നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെയാണു പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറിയത്. സ്പീക്കര്‍ ഷംസീര്‍ ഓഫീസിലുണ്ടായിരുന്നില്ല.
കുഴഞ്ഞുവീണ സനീഷ് കുമാര്‍ ജോസഫിനെ നിയമസഭയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. എംഎല്‍എയെ കൈയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും കെ കെ രമ ആരോപിച്ചു. നിയമസഭാ സ്പീക്കര്‍ പിണറായിയുടെ വാല്യക്കാരനായെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. സ്പീക്കര്‍ അപമാനമാണെന്നും കുറ്റപ്പെടുത്തി.
സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തതില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ഇന്നു നിയമസഭാ നടപടികള്‍ ആരംഭിച്ചത്. ഉമാ തോമസ് എംഎല്‍എ നല്‍കിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന നിലപാട് സ്പീക്കര്‍ നിലപാടെടുത്തു. അടിയന്തര പ്രമേയംതന്നെ വേണമെന്ന് പ്രതിപക്ഷം ബഹളം വച്ചു. 16 വയസുള്ള പെണ്‍ക്കുട്ടി പട്ടാപകല്‍ ആക്രമിക്കപ്പെട്ടതും സ്ത്രീസുരക്ഷയുമായിരുന്നു ഉമാ തോമസ് നല്‍കിയ അടിയന്തര പ്രമേയത്തിലെ വിഷയം. അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ ഷംസീറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിയാലോചനയ്ക്കു പ്രതിപക്ഷത്തെ പങ്കെടുപ്പിച്ചില്ല.
ബ്രഹ്‌മപുരത്തെ ബയോ മൈനിംഗ് പൂര്‍ണ പരാജയമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി. ബ്രഹ്‌മപുരം ദുരന്തത്തിന്റെ ഉത്തരവാദിത്തം കൊച്ചി കോര്‍പ്പറേഷനാണ്. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിര്‍ദേശങ്ങളും പൂര്‍ണമായി ലംഘിച്ചെന്നും സമിതി ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന് റിപ്പോര്‍ട്ട് നല്‍കി.
ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണത്തിന് ലോക ബാങ്കിന്റെ സഹായത്തോടെ അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഈ മാസം 21, 23 തീയതികളിലായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തും. ബ്രഹ്‌മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. മുഖ്യമന്ത്രി മാലിന്യത്തിന്റെ ആറു മീറ്ററോളം താഴ്ചയില്‍ തീപിടിച്ചതുമൂലമാണ് അണയ്ക്കാന്‍ പ്രയാസമായത്. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങളും സംബന്ധിച്ച് അന്വേഷണം നടത്തും. ബ്രഹ്‌മപുരത്തെ തീ കൂട്ടായ പരിശ്രമത്തിലൂടെയാണ് അണച്ചത്. മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ മുഹമ്മദ് റിയാസ് മാനേജുമെന്റു ക്വാട്ടയില്‍ മന്ത്രിയായതാണെന്ന വിവാദ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭാ സമ്മേളനത്തിനുശേഷം വാര്‍ത്താ സമ്മേളനത്തിലാണ് സതീശന്റെ പരിഹാസം. സ്പീക്കറെ പരിഹസിക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് നിയമസഭയില്‍ കാര്യങ്ങള്‍ നടക്കുന്നത്. മരുമകന്‍ എത്രത്തോളം പി ആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നില്‍. സതീശന്‍ പറഞ്ഞു.
ഭിന്നശേഷി കുട്ടികള്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കാന്‍ സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ തിരുത്തി. താത്കാലിക ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും പെന്‍ഷന്‍ അനുവദിക്കും.
ചര്‍മമുഴ വന്ന പശുക്കളുടെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എല്ലാ വീടുകളിലും വാക്‌സിന്‍ നല്‍കും. കാലിത്തീറ്റയില്‍ മായം തടയാനുള്ള നിയമം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്കു സൗജന്യ ചികില്‍സ നല്‍കുമെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ഈ വിഷയം ഗണേഷ്‌കുമാര്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കൊച്ചി കലൂര്‍ ദേശാഭിമാനി ജങ്ഷനില്‍
യുവതി ആത്മഹത്യക്കു ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ രജനിയെന്ന യുവതിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്.
ഉത്സവ പറമ്പില്‍ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ പലകകൊണ്ടു മൂടിയ കിണറിനു മുകളിലെ പലകകള്‍ തകര്‍ന്ന് കിണറ്റില്‍ വീണ യുവാവ് മരിച്ചു. നേമം മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. നേമം പൊന്നുമംഗലം ശങ്കര്‍നഗറില്‍ ജിത്തു എന്ന ഇന്ദ്രജിത്താ(23)ണ് മരിച്ചത്.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകമൂലം യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുനില്‍കുമാര്‍ (36), ശ്രീജിത്കുമാര്‍ (28), കിരണ്‍ വിജയ് (26) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
താമരശേരി ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്കു മറിഞ്ഞു. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലാണ് കര്‍ണാടകയില്‍നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോയിരുന്ന ലോറി മറിഞ്ഞത്.
കര്‍ണാടകത്തില്‍ 2019 ല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ താഴെയിട്ട ഓപ്പറേഷന്‍ കമലക്കു ചരടുവലിച്ച വിവാദ വ്യവസായി കോണ്‍ഗ്രസിലെത്തി. കടലൂര്‍ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു.
ജോലിക്കു ഭൂമി കോഴ ആരോപണക്കേസില്‍ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപ ആള്‍ജാമ്യമാണ് അനുവദിച്ചത്. ഇവര്‍ക്കെതിരെ സിബിഐ കുറ്റപത്രം തയ്യാറാക്കിയിരുന്നെങ്കിലും അറസ്റ്റു ചെയ്തിരുന്നില്ല.
പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനുഷ്യ മതിലൊരുക്കി പോലീസിനെ നേരിടുന്നു. ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസനോടു പ്രവര്‍ത്തകര്‍ ചെറുത്തു നില്‍ക്കുകയാണ്. കണ്ണീര്‍ വാതകം ജലപീരങ്കി പ്രയോഗങ്ങളെല്ലാം ഉണ്ടായെങ്കിലും പ്രവര്‍ത്തകര്‍ കല്ലേറും കുപ്പിയേറുമായി പോലീസിനെ നേരിട്ടു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഉപഹാരങ്ങള്‍ സ്വന്തമാക്കിയെന്നും ജഡ്ജിയെ പരസ്യമായി വെല്ലുവിളിച്ചെന്നും ആരോപിച്ചുള്ള കേസുകളിലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദ് പൊലീസ് ലാഹോറില്‍ എത്തിയത്.
നിയമവിരുദ്ധമായി പാര്‍ക്കിലേക്ക് വളര്‍ത്തു നായയുമായി പ്രവേശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിവാദത്തില്‍ കുടുങ്ങി. സെന്‍ട്രല്‍ ലണ്ടനിലെ ഹൈഡ്രേ പാര്‍ക്കിലാണ് ഋഷി സുനകും കുടുംബവും വളര്‍ത്തു നായയുമായി നടക്കാനെത്തിയത്.
മൂന്നു വയസുകാരി തോക്കുകൊണ്ടു കളിച്ചു. വെടിയേറ്റ് നാലു വയസുള്ള സഹോദരി മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. സഹോദരിമാര്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം.