◾വിഷപ്പുകമൂലം ബ്രഹ്മപുരം പ്രദേശത്തെ ജനങ്ങളുടെ രക്തത്തില്‍ വര്‍ധിച്ച ഡയോക്സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നീ വളര്‍ത്തു മൃഗങ്ങളുടെ പാല്, രക്തം, മാംസം എന്നിവയിലുള്ള ഡയോക്സിന്റെ അളവും പരിശോധിക്കണം. സര്‍ക്കാര്‍ സൗജന്യ ചികില്‍സയും നഷ്ടപരിഹാരവും നല്‍കണമെന്നും സതീശന്.
◾മാലിന്യ സംസ്കരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതി. മാലിന്യ സംസ്കരണത്തിനു കുട്ടികള്‍ അടക്കമുള്ളവര്‍ക്കു പരിശീലനം നല്‍കണം. കടമ്പ്രയാറിലേയും കിണറുകളിലേയും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും കോടതി.
◾ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള വിഷപ്പുക ശ്വസിച്ചുണ്ടായ മരണമെന്ന് പരാതി ഉയര്‍ന്ന കൊച്ചിയിലെ സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തും. മരിച്ചയാളുടെ ശരീരത്തില്‍ ഡയോക്സിന്‍ സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.
*പുളിമൂട്ടില്‍ സില്‍ക്സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*
1.ഫ്ലോര്‍ മാനേജര്‍ /ഫ്ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
2. സീനിയര്‍ സെയില്‍സ് എക്സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k
3.സെയില്‍സ് എക്സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k
4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k
5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k
മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.
*HR : 7034443839, Email : customercare@pulimoottilonline.com*
◾ബ്രഹ്മപുരം തീപിടിത്തം, വിഷപ്പുക എന്നിവ അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു നിയമസഭയില്‍ പ്രസ്താവന നടത്തും. തീപിടിത്തത്തില്‍ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.
◾ബ്രഹ്മപുരം വിഷയത്തില്‍ എറണാകുളത്ത് ആരോഗ്യ സര്‍വെ തുടങ്ങി. 1567 പേരുടെ വിവര ശേഖരണം നടത്തി. 1249 പേര് ചികിത്സ തേടി. 11 ശ്വാസ് ക്ലിനിക്കുകള്‍ തുടങ്ങി. ഇന്നലെ 68 പേര് ചികിത്സ തേടി. ആറു മൊബൈല്‍ യൂണിറ്റുകളും ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്.
◾നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഷാഫി പറമ്പില്‍ അടുത്ത തവണ പാലക്കാട് തോല്‍ക്കുമെന്ന സ്പീക്കര്‍ ഷംസീറിന്റെ വിവാദപരാമര്‍ശത്തിന് ഷാഫി പറമ്പില്‍ എംഎല്‍എയുടെ മറുചോദ്യം. ബിജെപി രണ്ടാം സ്ഥാനത്തു വന്ന പാലക്കാട് താന്‍ തോറ്റാല്‍ പകരം ആരു ജയിക്കണമെന്നാണ് സ്പീക്കര്‍ പറയുന്നതെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.
◾നിയമസഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍, ഷാഫി പറമ്പിലിനെതിരേ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ ഷംസീര്‍ ജ്യോല്‍സ്യനാണോയെന്ന് അറിയില്ല. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് മുന്നാം തവണ ഷാഫി പറമ്പില്‍ വിജയിച്ചത്. ചെന്നിത്തല പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾വെള്ളിയാഴ്ച സംസ്ഥാനത്ത് മെഡിക്കല്‍ സമരം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഡോക്ടര്‍മാര്‍ പണിമുടക്കും. സ്വകാര്യ പ്രാക്ടീസും ഉണ്ടാവില്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്.
◾ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കു സാധ്യത. ഈ ദിവസങ്ങളില്‍ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
◾എംപിമാരെ താക്കീത് ചെയ്തതിനെച്ചൊല്ലി ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. സദുദ്ധേശ്യത്തോടെയാണ് എംപിമാരായ മുരളീധരനും രാഘവനും നോട്ടീസ് നല്‍കിയത്. രാഷ്ട്രീയ കാര്യ സമിതി ഉടന്‍ ചേരും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം വിളിച്ചതെന്നും കെ സുധാകരന് പറഞ്ഞു. സുധാകരന്റെ നടപടിക്കെതിരേ എംപിമാരും ഗ്രൂപ്പു നേതാക്കളും രംഗത്തുവന്നതോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ സുധാകരനെതിരേ എംപിമാരും നേതാക്കളും നിശിതമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
◾ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കരാര്‍ സോണ്ട കമ്പനിക്കു നല്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറും ഇടപെട്ടിട്ടുണ്ടെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
◾മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ഒന്നിനു തുടങ്ങണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദ്ദേശിച്ചു. മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തില്‍ സംസ്ക്കരിക്കണം. ഹരിത കര്‍മ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതില്‍പ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണമെന്നും നിര്‍ദേശം.
◾മുത്തൂറ്റ് വധക്കേസില്‍ ഏട്ടു പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയതു തെളിവുകള്‍ പരിശോധിക്കാതെയാണെന്ന് സിബിഐ സുപ്രീം കോടതിയില്‍. ഹൈക്കോടതി ഉത്തരവിനെതിരെ പോള്‍ മൂത്തൂറ്റിന്റെ കുടുംബം സുപ്രീം കോടതിയില്‍ നല്കിയ അപ്പീലിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. കേസില്‍ രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാാക്കിയത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രന് ക്വട്ടേഷന്‍ സംഘത്തിന്റെ തലവനാണെന്ന കാര്യംപോലും ഹൈക്കോടതി പരിഗണിച്ചില്ലെന്നു സിബിഐ.
◾കൊല്ലം കരിക്കോട് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മര്‍ദ്ദിച്ചെന്നു പരാതി. കരിക്കോട് സ്വദേശി സിനുലാലിനാണ് മര്‍ദനമേറ്റത്. രാത്രി പത്തു മണിയോടെ കൊലക്കേസ് പ്രതിയെ പിടിക്കാനെന്ന പേരില്‍ എത്തിയ മഫ്ടിയിലുള്ള സംഘത്തോട് പോലീസാണെന്നതിനുള്ള തിരിച്ചറിയല്‍ രേഖ കാണിക്കണമെന്ന് ആവശ്യപ്പെട്ടതിനാണു മര്‍ദനം. പ്രതിയെ പിടിക്കാനെത്തിയ എസ്ഐയെ മദ്യലഹരിയില്‍ സിനുലാല്‍ മര്‍ദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്.
◾വോഭ്യര്‍ത്ഥിക്കാന്‍ എത്തിയ കാലിക്കറ്റ് സര്‍വകലാശാല കെഎസ്യു ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാറില്‍ പൂട്ടിയിട്ടെന്നു പരാതി. തൃശൂര്‍ പൊങ്ങണങ്ങാട്ടെ കോളേജിലാണ് സംഭവം. കോളജിലെ അക്ഷയ് എന്ന യുയുസിയോട് വോട്ടഭര്‍ത്ഥിക്കാന്‍ എത്തിയ തെരേസ് പി ജിമ്മിയെ പുറത്തുനിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാറിന്റെ താക്കോല്‍ ഊരി വാങ്ങി അരമണിക്കൂറോളം പൂട്ടിയിട്ടെന്നാണ് ആരോപണം. വിയ്യൂര്‍ പൊലീസ് എത്തിയാണ് കാറില്‍നിന്ന് കെഎസ്യു പ്രവര്‍ത്തകരെ പുറത്തിറക്കിയത്.
◾ഒത്തുതീര്‍പ്പാക്കിയിട്ടും സാക്ഷരതാ പ്രേരക്മാര്‍ സമരം തുടരുന്നത് ദുഷ്ടലാക്കോടെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിമാര്‍ കൂടിയിരുന്നു ചര്‍ച്ച ചെയ്താണു ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും സമരം അവസാനിപ്പിക്കാത്തതു ശരിയല്ലെന്നും മന്ത്രി.
◾ലൈഫ് മിഷന് അടക്കം തനിക്കെതിരേ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ് ലഭിച്ചോയെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വാര്‍ത്ത നല്‍കിയവരോടു തന്നെ ചോദിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
◾സത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയതിന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
◾മദ്യപിച്ചു ബസോടിച്ച മൂന്നു ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച് ജോലിക്കെത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയും അടക്കം അഞ്ച് പേരെയും സസ്പെന്‍ഡു ചെയ്തിട്ടുണ്ട്.
◾ഗ്രന്ഥകാരനും ചിന്തകനുമായ സാധു ഇട്ടിയവിര നൂറ്റൊന്നാം വയസില്‍ അന്തരിച്ചു. സംസ്കാരം ഇന്നു നാലിനു കോതമംഗലത്ത്.
◾കുറഞ്ഞ ചെലവില്‍ വിദേശ ഭാഷാ പഠന പദ്ധതിയുമായി നോര്‍ക്ക. ആദ്യ പഠന കേന്ദ്രം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബിപിഎല്‍, എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് പഠനം സൗജന്യമാണ്. ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളിലാണ് ആദ്യം പരിശീലനം.
◾മലപ്പുറം കൊളത്തൂരില്‍ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ അരക്കോടിയോളം രൂപ വിലവരുന്ന ഒരു ക്വിന്റല്‍ ചന്ദനശേഖരവുമായി രണ്ടു പേര് പിടിയില്‍. മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി, ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
◾ആഡംബര വാഹനത്തില്‍ മദ്യം കടത്തിയ യുവാവ് പിടിയില്‍. മൂന്നാര്‍ മാങ്കുളം പെരുമ്പന്‍കുത്ത് സ്വദേശി നിറകുളം വീട്ടില്‍ എയ്ഞ്ചല്‍ റോയ്മോനാണ് അറസ്റ്റിലായത്. ഇയാളുടെ വാഹനത്തില്‍ നിന്നും 40 ലിറ്റര്‍ വിദേശമദ്യം പിടികൂടി.
◾ആലത്തൂര്‍ പഴമ്പാലക്കോട് സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തക്കു പരിക്കേറ്റു. സിപിഎം പ്രകടനം നടത്തിയിരുന്നു. ഇതിനു പിറകേയാണ് ആക്രമണമുണ്ടായത്.
◾ഉംറ കഴിഞ്ഞു തിരിച്ചുപോകുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍ മലയാളി വനിത കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി അടിമാലി മുതുവാന്‍കുടി അറക്കല്‍ വീട്ടില്‍ മീരാന്‍ മുഹമ്മദിന്റെ ഭാര്യ ഹലീമ(65)യാണ് മരിച്ചത്.
◾വിദ്യാര്‍ത്ഥികളുടെ മുന്നില്‍ സഹ അധ്യാപകിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അധ്യാപകന് ഒളിവില്‍. അടിമാലി ഇരുമ്പുപാലം സര്‍ക്കാര്‍ എല്‍പി സ്കൂളിലെ അധ്യാപകന് ഷെമീമിനെതിരേ താത്കാലിക അധ്യാപികയാണു പരാതിനല്‍കിയത്.
◾രാഹുല്‍ ഗാന്ധിയുടെ ലണ്ടനിലെ പ്രസംഗത്തിനെതിരെ ആര്‍എസ്എസ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ രാഹുല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നു ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. ആര് എസ് എസ് എന്താണെന്ന് എല്ലാവര്ക്കും അറിയാം. രാഹുലിന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ അധികാരുമുണ്ടോയെന്ന് ജനം ചോദിക്കുമെന്നും ഹൊസബലേ പറഞ്ഞു.
◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാളെ മുതല്‍ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിക്കും. വായ്പകള്‍ക്ക് 0.7 ശതമാനം മുതല്‍ 14.85 ശതമാനം വരെ പലിശ വര്‍ദ്ധിക്കും.
◾തെലങ്കാന സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച വൈ എസ് ആര് തെലങ്കാന പാര്‍ട്ടി നേതാവ് വൈ എസ് ശര്‍മ്മിളയെ പൊലീസ് അറസ്റ്റ് ചെയ്തു. കലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ ക്രമക്കേടാരോപിച്ചായിരുന്നു പ്രതിഷേധം. ഗോദാവരി നദിയിലെ വിവിധോദ്ദേശ്യ ജലസേചന പദ്ധതിയാണിത്.
◾വ്യവസായി ഗൗതം അദാനിയുടെ ഇളയ മകന് ജീത് അദാനിയും വജ്രവ്യാപാരിയുടെ മകള്‍ ദിവ ജയ്മിന്‍ ഷായും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. മുംബൈയിലും സൂറത്തിലുമായി പ്രവര്‍ത്തിക്കുന്ന സി ദിനേഷ് ആന്‍ഡ് കോ- പ്രൈവറ്റ് ലിമിറ്റഡ് എന്ന വജ്രക്കമ്പനി ഉടമയും വജ്രവ്യാപാരിയുമായ ജയ്മിന്‍ ഷായുടെ മകളെയാണു വിവാഹം ചെയ്യുന്നത്. വിവാഹത്തീയതി വെളിപ്പെടുത്തിയിട്ടില്ല,
◾മദ്യപിച്ചു ലക്കുകെട്ട് ട്രെയിനില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച ടിടിഇയെ അറസ്റ്റ് ചെയ്തു. ടിടി മുന്ന കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. അമൃത്സറില് നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന അകാല്‍ താഖ്ത് എക്സ്പ്രസിലാണ് രാത്രി ഇയാള്‍ മൂത്രമൊഴിച്ചത്.
◾പ്രായപൂര്‍ത്തിയാവാത്ത ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് ചെന്നൈയിലെ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്റെ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് എബ്രഹാമിനെ അറസ്റ്റു ചെയ്തു. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായ മലയാളി അത്ലറ്റാണ് ജോര്‍ജ് എബ്രഹാം.
◾തമിഴ്നാട് ഉദുമലൈപേട്ടയില്‍ കിണര്‍ നിര്‍മാണത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നിര്‍മാണ തൊഴിലാളി മരിച്ചു. സ്ഫോടക വസ്തുക്കള്‍ കുഴിയില്‍ നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. സ്ഥലമുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
◾ഐശ്വര്യ രജനികാന്ത് നടനും ഭര്‍ത്താവുമായ ധനുഷില്നിന്നു വിവാഹമോചനം തേടി ചെന്നൈയിലെ സിവില്‍ കോടതിയില്‍ കേസ് നല്കി. ഇരുവരും വേര്‍പിരിയുന്നുവെന്നു മാസങ്ങളായി പ്രചാരണമുണ്ടായിരുന്നു. ഇരുവരേയും ഒന്നിച്ചു നിര്‍ത്താന്‍ മാതാപിതാക്കളും സുഹൃത്തുക്കളും പലതവണ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വിവാഹമോചനത്തിനു കേസ് നല്‍കിയത്.
◾കൂടുതല്‍ വായു മലിനീകരണമുള്ള ലോകത്തെ അന്‍പത് നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയില്‍. സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്. 2021 ല്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ചാഡ് ആണ് ഒന്നാമത്. പാക്കിസ്ഥാന് മൂന്നാം സ്ഥാനത്താണ്.
◾താന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്കായി പോരാടണമെന്ന ആഹ്വാനവുമായി ഇമ്രാന്ഖാന്. അറസ്റ്റിനായി വളഞ്ഞ പോലീസിനെ നേരിടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശഭരിതരാക്കുന്ന വികാര നിര്‍ഭരമായ വീഡിയോയാണ് ഇമ്രാന്ഖാന് പങ്കുവച്ചത്. വീഡിയോ പ്രചരിച്ചതിനു പിറകേ, ലാഹോറില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.
◾ഫേസ്ബുക്കില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ഈ വര്‍ഷം പതിനായിരം പേര്‍ക്കുകൂടി ജോലി നഷ്ടമാകും. നിലവിലുള്ള അയ്യായിരം ഒഴിവുകള്‍ നികത്തില്ല. മാര്‍ക്ക് സക്കര്‍ബര്‍ഗ് സൂചിപ്പിച്ചു.
◾കരിങ്കടലിനു മുകളില്‍ റഷ്യയുടെ യുദ്ധവിമാനവും അമേരിക്കയുടെ ഡ്രോണും തമ്മില്‍ കൂട്ടിയിടിച്ചു തകര്‍ന്നു. റഷ്യയുടെ എസ് യു-27 ജെറ്റ് യുദ്ധവിമാനവും അമേരിക്കയുടെ എംക്യു -9 റീപ്പര്‍ ഡ്രോണുമായാണ് കൂട്ടിയിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡ്രോണും വിമാനവും തകര്‍ന്ന് സമുദ്രത്തില്‍ പതിച്ചെന്ന് യുഎസ് സൈന്യം വെളിപെടുത്തി.
◾വനിതാ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫില്‍ കടക്കുന്ന ആദ്യ ടീമായി മുംബൈ. ഗുജറാത്ത് ജയന്റ്സിനെ 55 റണ്‍സിന് തോല്പിച്ച മുംബൈ ഇന്ത്യന്‍സ് വനിതകള്‍ തുടര്‍ച്ചയായ അഞ്ചാം ജയവുമായാണ് പ്ലേ ഓഫില്‍ കടന്നത്. മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്തിന് 20 ഓവറില്‍ 9 വിക്കറ്റിന് 107 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
◾ലോകറാങ്കിങ്ങില്‍ രണ്ടാമതുള്ള ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര തൂത്തുവാരി ഒന്‍പതാം സ്ഥാനത്തുള്ള ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇംഗ്ലണ്ട് ആശ്വാസ വിജയം തേടിയാണ് മൂന്നാം ട്വന്റി 20യ്ക്ക് ഇറങ്ങിയത്. എന്നാല്‍ ആതിഥേയരായ ബംഗ്ലാദേശ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
◾ഫെബ്രുവരിയില്‍ അവസാനിച്ച രണ്ട് മാസത്തെ കണക്കുകള്‍ പ്രകാരം, പേടിഎം ഉപഭോക്താക്കളുടെ എണ്ണം 8.9 കോടിയായി ഉയര്‍ന്നു. പേടിഎം സൂപ്പര്‍ ആപ്പിലെ ഉപഭോക്തൃ എണ്ണത്തില്‍ 28 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പേടിഎം മുഖാന്തരം നടത്തിയ വ്യാപാര ഇടപാടുകളുടെ മൊത്തം മൂല്യത്തില്‍ 41 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. ഇതോടെ, മൊത്ത വ്യാപാര മൂല്യം 2.34 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. വായ്പ ദാതാക്കളുമായുള്ള സഹകരണം ഇത്തവണ കമ്പനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. രണ്ട് മാസത്തിനിടെ പേടിഎം വഴിയുള്ള വായ്പ വിതരണം 286 ശതമാനം വര്‍ദ്ധനവോടെ 8,086 കോടിയായി. കൂടാതെ, രണ്ട് മാസത്തിനുള്ളില്‍ വിതരണം ചെയ്ത വായ്പകളുടെ എണ്ണം 94 ശതമാനം ഉയര്‍ന്ന് 79 ലക്ഷമായിട്ടുണ്ട്. സബ്സ്ക്രിപ്ഷന് സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതിനാല്‍, 64 ലക്ഷം വ്യാപാരികളാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.
◾നാനി നായകനാകുന്ന ചിത്രം ‘ദസറ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. കീര്‍ത്തി സുരേഷാണ് ‘ദസറ’യിലെ നായിക. മലയാളി നടന് ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്. ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നാനി എത്തുന്നത്. ശ്രീകാന്ത ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ദസറ’ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ മാര്‍ച്ച് 30ന് ഒരേ സമയം റിലീസ് ചെയ്യും.
◾വിവാദങ്ങള്‍ക്കൊടുവില്‍ സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ഹിഗ്വിറ്റ’ തിയേറ്ററുകളിലേക്ക്. സിനിമയുടെ പേരിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷമാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. മാര്‍ച്ച് 31ന് ആണ് ചിത്രത്തിന്റെ റിലീസ്. തന്റെ പ്രശസ്ത സാഹിത്യസൃഷ്ടി ‘ഹിഗ്വിറ്റ’യുടെ അതേ പേരില്‍ സിനിമ എത്തുന്നതിനെതിരെ എന്‍.എസ് മാധവന് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സിനിമ വിവാദത്തില്‍ പെട്ടത്. ഇതോടെ ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് ചിത്രം എത്തുന്നത്. ഹേമന്ദ് നായര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ധ്യാന്‍ ശ്രീനിവാസന്, മനോജ് കെ ജയന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ധ്യാന്‍ ഗണ്മാന് ആയും സുരാജ് ഇതുപക്ഷ നേതാവുമായാണ് സിനിമയില്‍ എത്തുക.
◾പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ വില കുറച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹ്യുണ്ടായി ഐ20 സ്പോര്‍ട്സ് വേരിയന്റ് ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് 3,500 രൂപ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. ഇതോടെ, ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില 8.05 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മികച്ച ഫീച്ചറുകളും, കരുത്തുറ്റ എന്‍ജിനുമാണ് ഹ്യുണ്ടായി ഐ20യെ മറ്റു വാഹനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. നിലവില്‍, ഹ്യൂണ്ടായ് ഐ20 സ്പോര്‍ട്സ് വേരിയന്റിന്റെ മാനുവല്‍ ട്രാന്സ്മിഷന് മോഡലിനാണ് 8.05 ലക്ഷം വില വരുന്നത്. ഇതേ വേരിയന്റിന്റെ ഡ്യുവല്‍- ടോണ്‍ മോഡലിന്റെ എക്സ് ഷോറൂം വില 8.20 ലക്ഷം രൂപ മുതല്‍ ആണ് ആരംഭിക്കുന്നത്. പുതുക്കിയ വില ഇനി മുതല്‍ ഈ ഹാച്ച്ബാക്ക് വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. സബ് 4 മീറ്റര്‍ എസ്യുവികളില് നിന്നും കടുത്ത മത്സരം നേരിടുന്ന ഹാച്ച്ബാക്ക് മോഡല്‍ കൂടിയാണ് ഹ്യുണ്ടായി ഐ20.
◾ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ലേഖനങ്ങള്‍ അതിന്റെ ചരിത്രത്തെ സംരക്ഷിച്ച മനുഷ്യനില്‍ നിന്ന് ‘ഇന്ത്യയുടെ സെല്ലുലോയ്ഡ് മാന്‍’ എന്നറിയപ്പെടുന്ന പി.കെ. നായര്‍ (1933 – 2016) ഒരു ചലച്ചിത്രപ്രേമിയും ആര്‍ക്കൈവിസ്റ്റും ആയിരുന്നു. രാജ്യത്തിന്റെ സിനിമാ പൈതൃകം സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ഇപ്പോള്‍ ആദ്യമായി സിനിമയെക്കുറിച്ചുള്ള നായരുടെ രചനകള്‍ ഒരു പുസ്തകത്തില്‍ ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറുപ്പത്തില്‍ സിനിമ കാണാന്‍ പോകുന്ന ഓര്‍മ്മകള്‍ മുതല്‍ ഫാല്‍ക്കെയുടെ സിനിമകള്‍ തേടിയുള്ള യാത്രകള്‍ വരെ, മഹാന്മാ രെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ ഹിന്ദി ചലച്ചിത്ര ഗാനത്തെക്കുറിച്ചുള്ള ഉപന്യാസവും, ദേവദാസിന്റെ നിരവധി അവതാരങ്ങളും വരെ. ആകര്‍ഷകവും വിജ്ഞാനപ്രദവുമായ ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും സിനിമയെ സ്നേഹിക്കുന്ന, അതിന്റെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന എല്ലാവര്ക്കും വേണ്ടിയുള്ള ഒരു പുസ്തകമാണ്. ‘ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും’. പി.കെ നായര്‍. പരിഭാഷ – പി.കെ സുരേന്ദ്രന്.
◾വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് കഴിക്കേണ്ട ചില പഴങ്ങളുണ്ട്. അവ ഏതെന്നു നോക്കാം. മാമ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, ബി6, സി, കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് മാമ്പഴം കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്. കടുത്ത വേനലില്‍ തണ്ണിമത്തന് ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്കുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന് കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ഇവ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. സ്ട്രോബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബെറി വേനല്‍ക്കാലത്ത് കഴിക്കേണ്ട ഒരു ഫലമാണ്. ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ഇവ നല്ല ദഹനാരോഗ്യവും നല്‍കും. പപ്പായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ സി, എ, ബി എന്നിവയാല്‍ സമൃദ്ധയായ പപ്പായയില്‍ 91-92% വരെ ജലാംശമുണ്ട്. മിനറലുകളും നാരുകളും ആന്റിഓക്സിഡന്റുകളും പപ്പായയില്‍ ഉണ്ട്. ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്.
*ശുഭദിനം*
*കവിത കണ്ണന്*
അമേരിക്കയിലാണ് ഐസക് മെറിറ്റ് ജനിച്ചത്. നാടകത്തില്‍ അഭിനയിക്കാന്‍ അവന് വലിയ ഇഷ്ടമായിരുന്നു. കൂടെ മറ്റൊരു ഇഷ്ടം കൂടിയുണ്ട് യന്ത്രങ്ങളോട്. ഇങ്ങനെ പലതരം ഇഷ്ടങ്ങള്‍ കൂടി കൂടി ഐസക് തന്റെ 12-ാം വയസ്സില്‍ വീട് വിട്ടിറങ്ങി. ആദ്യ കിട്ടിയ ജോലി ഒരു മെക്കാനിക്കിന്റെ കൂടെയായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഐസകില്‍ ഒളിഞ്ഞുകിടന്ന നടന് ഉണര്‍ന്നു. ജോലി ഉപേക്ഷിച്ച് 1839 ല്‍ ഐസക് ഒരു നാടകകമ്പനി ആരംഭിച്ചു. പലയിടങ്ങളില്‍ സഞ്ചരിച്ച് ഐസക്കും സംഘവും നാടകങ്ങള്‍ അവതരിപ്പിച്ചു. പക്ഷേ, പിന്നെയും ഐസികിന്റെ ഉളളിലെ മെക്കാനിക് പണി തുടങ്ങി. അങ്ങനെ നാടകകമ്പനി പിരിച്ചുവിട്ട് ഐസക് യന്ത്രങ്ങളുടെ ലോകത്തേക്കു തിരിഞ്ഞു. പാറകള്‍ തുരക്കുന്നതിനുള്ള യന്ത്രം നിര്‍മ്മിച്ചു. അതിന് പേറ്റന്റും കിട്ടി. പിന്നീട് തടിയിലും കല്ലിലും എല്ലാം ഉപയോഗിക്കുന്ന യന്ത്രം നിര്‍മ്മിച്ചു. അതെല്ലാം നല്ല പോലെ വിറ്റുപോയി. അതിനിടെ ഐസകിന്റെ ഫാക്ടറി തീപിടിച്ചു. സമ്പാദിച്ചതെല്ലാം ആ തീയില്‍ കത്തിയമര്‍ന്നു. ഐസക് തോല്ക്കാന് തയ്യാറായില്ല. 1850 ല്‍ അദ്ദേഹം തയ്യല്‍ മെഷീനുകള്‍ നന്നാക്കുന്ന ഒരു സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു. അക്കാലത്തെ തയ്യല്‍മെഷീനുകള്‍ വളരെ പ്രാകൃതമായിരുന്നു. കൈകൊണ്ട് മാത്രമേ അവ പ്രവര്‍ത്തിപ്പിക്കാന്‍ ആകുമായിരുന്നുള്ളൂ. ഒരിക്കല്‍ ഇത്തരത്തിലുള്ള ഒരു തയ്യല്‍ മെഷീന് നന്നാക്കാനായി ഐസകിന്റെ കയ്യില്‍ കിട്ടി. ഐസക് അതില്‍ പണി തുടങ്ങി. കുറച്ച് ദിവസത്തിന് ശേഷം അതൊരു മികച്ച യന്ത്രമായി മാറി. കാലുകൊണ്ട് ചവിട്ടിക്കറക്കുന്ന ഒരു തയ്യല്മെഷീന്. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഈ തയ്യല്‍ മെഷീന് ആവശ്യക്കാരേറെയുണ്ടാകും എന്ന് ഐസകിന് മനസ്സിലായി. അതുകൊണ്ട് അതിന് അദ്ദേഹം പേറ്റന്റ് സംഘടിപ്പിച്ചു. പിന്നീട് തയ്യല്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിക്ക് തുടക്കമിട്ടു. സിംഗര്‍ മാനുഫാക്ചറിങ്ങ് കമ്പനി 1860 ആയപ്പോഴേക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ തയ്യല്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായി മാറി. പ്രതിസന്ധികള്‍ ജീവിതത്തിലെ അവിഭാജ്യഘടകമാണ്. ആ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് വിജയത്തെ നമ്മിലേക്ക് എത്തിക്കുന്നത്. പ്രതിസന്ധികളില്‍ പതറാതെ നമുക്കും മുന്നേറാം – ശുഭദിനം.