എം.എസ്.ബാബുരാജിന്റെ അനശ്വരഗാനം ‘താമസമെന്തേ വരുവാന്‍’ വീണ്ടും പ്രേക്ഷകര്‍ക്കരികില്‍. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിലൂടെയാണ് പാട്ട് വീണ്ടും ആസ്വാദകഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയത്. 1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിനു വേണ്ടി കെ.ജെ.യേശുദാസ് ആലപിച്ച ഗാനമാണിത്. പി.ഭാസ്കരന് വരികള്‍ കുറിച്ചു. പാട്ട് ഇന്നും നിത്യഹരിതഗീതമായി പ്രേക്ഷകഹൃദയങ്ങളില്‍ നിലനില്ക്കുന്നു. ഷഹബാസ് അമന് ആണ് നീലവെളിച്ചത്തിനു വേണ്ടി ‘താമസമെന്തേ വരുവാന്‍’ ആലപിച്ചത്. പാട്ട് ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിനു വേണ്ടി ‘ഏകാന്തതയുടെ മഹാതീരം’, ‘അനുരാഗമധുചഷകം പോലെ’ എന്നീ ഗാനങ്ങളും പുനരാവിഷ്കരിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയാണ് അതേ പേരില്‍ സിനിമയാക്കുന്നത്. റിമ കല്ലിങ്കല്‍ നായികയായെത്തുന്നു. നായകന്: ടൊവിനോ. റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.