ഉന്നത വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നമായിരുന്ന കാസര്‍കോടന്‍ ഗ്രാമത്തില്‍നിന്നും ഉയര്‍ന്നുവന്ന ഒരു എന്‍ജിനീയറിങ് കോളജ് അധ്യാപകന് താന്‍ പിന്നിട്ട കാലങ്ങളെ, വികൃതികാട്ടിയ തന്റെ വിദ്യാര്‍ഥികളെ മുന്നില്‍ നിര്‍ത്തിയതുപോലെ സ്നേഹത്തോടെയും സഹാനുഭൂതിയോടെയും ശാസനയോടെയും വിചാരണ ചെയ്യുന്ന ഒരാത്മകഥ. പാതകങ്ങള്‍ മഴയായി പെയ്ത അടിയന്തരാവസ്ഥക്കാലത്ത് കാല്‍വിറയ്ക്കാതെ നിന്ന് പ്രിയ ശിഷ്യന് രാജനെ തേടി കക്കയം ക്യാമ്പിലും പിന്നീട് അവന് നീതി ലഭിക്കാനായി കോയമ്പത്തൂര്‍ കോടതിയിലും അവനുവേണ്ടി മുന്നിട്ടിറങ്ങിയ മുഴുവന്‍ ജനസമൂഹത്തിന് മുന്നിലും സാക്ഷി പറയാന്‍ ധീരത കാട്ടിയ ജീവിതകഥ. കേരളത്തെ പിടിച്ചു കുലുക്കിയ രാജന് കേസ് പ്രതിപാദനങ്ങളില്‍ രാഷ്ട്രീയനിറമില്ലാത്തതുകൊണ്ടു മാത്രം അകറ്റിനിര്‍ത്തപ്പെട്ട ആ ജീവിതം ഒരിക്കല്‍ക്കൂടി കേരളസമൂഹത്തിന്റെ മുന്നില്‍ വന്നുനിന്ന് പറയുകയാണ്. ‘ഞാന്‍ സാക്ഷി!’. പ്രൊഫ. കെ. കെ. അബ്ദുല്‍ ഗഫാര്‍. കറന്റ് ബുക്സ്. വില 250 രൂപ.