ഇലക്ട്രിക് എസ്‌യുവി ഇ സി3യുടെ വില പ്രഖ്യാപിച്ച് സിട്രോണ്‍. നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 11.50 ലക്ഷം രൂപ മുതലാണ്. അടിസ്ഥാന വകഭേദം ലൈവിന് 11.50 ലക്ഷം രൂപയും ഫീല്‍ വകഭേദത്തിന് 12.13 ലക്ഷം രൂപയും ഫീല്‍ വൈബ് പാക്കിന് 12.28 ലക്ഷം രൂപയും ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്കിന് 12.43 ലക്ഷം രൂപയുമാണ് വില. തുടക്കത്തില്‍ രാജ്യത്തെ 25 നഗരങ്ങളില്‍ വില്‍പന ആരംഭിക്കുന്ന വാഹനത്തിന്റെ ബുക്കിങ് സിട്രോണ്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇലക്ട്രിക് കാറായി വികസിപ്പിച്ച വാഹനമാണ് സി 3. എയര്‍ കൂള്‍ഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. നിലവിലെ ഇലക്ട്രിക്കുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധിക്കാത്തപ്പോള്‍ സി 3 എത്ര തവണ വേണമെങ്കിലും ഫാസ്റ്റ് ചാര്‍ജ് ചെയ്യാം. സാധാരണ 15 ആംപ് സോക്കറ്റില്‍ കുത്താനാകുന്ന സ്ലോ ചാര്‍ജറുമുണ്ട്. 4 നിറങ്ങള്‍, 9 ഡ്യുവല്‍ ടോണ്‍ അടക്കം 13 എക്സ്റ്റീരിയര്‍ കളര്‍ കോമ്പിനേഷന്‍. 3 കസ്റ്റമൈസേഷന്‍ പാക്കേജുകളിലായി 47 കസ്റ്റമൈസേഷന്‍ ഓപ്ഷനുകളുകള്‍. ഇലക്ട്രിക്കായതിനാല്‍ വാറന്റി കാര്യങ്ങള്‍ക്ക് പ്രാധാന്യമേറും. ബാറ്ററിക്ക് 1.40 ലക്ഷം അല്ലെങ്കില്‍ 7 കൊല്ലം, മോട്ടറിന് 1 ലക്ഷം അല്ലെങ്കില്‍ 5 വര്‍ഷം, വാഹനത്തിന് 3 വര്‍ഷം അല്ലെങ്കില്‍ 125 കിലോമീറ്റര്‍ എന്നിങ്ങനെ വാറന്റി.