പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി പതിപ്പ് ‘സെല്‍ഫി’യിലെ പുതിയ പാട്ട് റിലീസ് ചെയ്തു. അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോ സോംഗ് ആണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ പ്രമോയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് സെല്‍ഫിയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച കഥാപാത്രം ഇമ്രാന്‍ ഹാഷ്മിയുമാണ് ചെയ്തിരിക്കുന്നത്. ചിത്രം 2023 ഫെബ്രുവരി 24 ന് തിയറ്ററുകളില്‍ എത്തും. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്. സല്‍മാന്‍ ഖാന്‍ ഫിലിംസ് ആണ് സെല്‍ഫി രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്.