നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ആകെ വിറ്റുവരവ് 13 ശതമാനം വളര്‍ച്ചയോടെ 3884 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3435 കോടി രൂപയായിരുന്നു. വരുമാനം 327 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 299 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ 135 കോടി രൂപയെ അപേക്ഷിച്ച് അവലോകന പാദത്തില്‍ മൊത്ത ലാഭം 148 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് മുന്‍ വര്‍ഷത്തെ 2880 കോടി രൂപയില്‍ നിന്ന് മൂന്നാം പാദത്തില്‍ 3219 കോടി രൂപയായി. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്ന് മാത്രമുള്ള വരുമാനം 276 കോടി രൂപയായി ഉയര്‍ന്നു. മൊത്ത ലാഭം മുന്‍ വര്‍ഷത്തെ 118 കോടി രൂപയില്‍ നിന്ന് 133 കോടി രൂപയായി ഉയര്‍ന്നു. ഗള്‍ഫ് മേഖലയില്‍ കമ്പനിയുടെ വിറ്റുവരവ് 515 കോടി രൂപയില്‍ നിന്ന് 641 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ മൊത്തം വിറ്റുവരവിന്റെ 16.5 ശതമാനം ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വരുമാനം 52 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 46 കോടി രൂപയായിരുന്നു. ഗള്‍ഫ് മേഖലയില്‍ 17 കോടി രൂപ ലാഭം രേഖപ്പെടുത്തി. ഇ-കോമേഴ്സ് വിഭാഗമായ കാന്‍ഡിയറിന്റെ മൂന്നാം പാദ വിറ്റുവരവ് 44 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 47 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 26 ലക്ഷം ലാഭത്തിലായിരുന്നു കാന്‍ഡിയര്‍. മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ആറു പുതിയ ഷോറൂമുകള്‍ കൂടി തുറന്നു. കമ്പനിക്ക് 2022 ഡിസംബര്‍ 31 വരെ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 169 ഷോറൂമുകളുണ്ട്.