പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോരിറ്റി പുറത്തിറക്കി. ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05 രൂപയായി ഉയർന്നു. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 15,000 ലിറ്റർ വരെ സൌജന്യമായി ലഭിക്കും. വെള്ളക്കരം കുത്തനെ കൂട്ടിയതിനെതിരെ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതുക്കിയ താരിഫ് പുറത്തിറക്കിയത്. നികുതി വർധനക്കും ഇന്ധന സെസിനും ഇടയിൽ വെളളക്കരത്തിലുമുണ്ടായ വർധന സാധാരണക്കാർക്ക് അധിക ഭാരമുണ്ടാക്കുമെന്നതിൽ സംശയമില്ല. അതിനിടെ വെള്ളക്കരം വർധനയെ ന്യായീകരിക്കാൻ വാദങ്ങളുമായി ജലവിഭവമന്ത്രി രംഗത്തെത്തി. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റർ വെള്ളം ഉപയോഗിക്കുമോയെന്ന് ചോദിച്ച റോഷി അഗസ്റ്റിൻ, വെള്ളം ഉപയോഗിക്കുന്നത് കുറയ്ക്കാൻ ജനങ്ങളെ പഠിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. കടത്തിൽ നട്ടം തിരിയുന്ന ജനത്തിന്റെ കരണത്ത് സർക്കാർ മാറിമാറി അടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വെള്ളക്കരം കൂട്ടിയത് സഭയിൽ പ്രഖ്യാപിക്കാത്തതിൽ മന്ത്രിയെ വിമർശിച്ച് സ്പീക്കർ റൂളിംഗ് നൽകി.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan