കേന്ദ്ര ബജറ്റില്‍ ആദായ നികുതി ഒഴിവിനുള്ള വരുമാന പരിധി അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷം രൂപയാക്കി. ഇനി പുതിയ നികുതി സമ്പ്രദായമായിരിക്കും നടപ്പാക്കുക. പഴയ നികുതി ഘടനയില്‍ തുടരേണ്ടവര്‍ പ്രത്യേക ഓപ്ഷന് നല്‍കണം. ഏഴു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് നികുതി ആനുകൂല്യത്തിനായി ഏതെങ്കിലും നിക്ഷേപ പദ്ധതികളില്‍ അംഗമാകേണ്ടതില്ല. പതിനഞ്ചര ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 52,500 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് ലഭിക്കും. പെന്‍ഷന്‍കാര്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് ലഭിക്കും. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 93 ദിവസത്തില്‍നിന്നു 16 ദിവസമാക്കി കുറച്ചു. മൂന്നു മുതല്‍ ആറുവരെ ലക്ഷം രൂപ വരുമാനത്തിന് അഞ്ചു ശതമാനം നികുതി. ആറു മുതല്‍ ഒമ്പതുവരെ ലക്ഷത്തിനു 10 ശതമാനം. ഒമ്പതു മുതല്‍ 12 വരെ ലക്ഷത്തിന് 15 ശതമാനവുമാണു നികുതി. 12 മുതല്‍ 15 വരെ ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനവും 15 ലക്ഷത്തിനേക്കാള്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണു നികുതി.
കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി അടുത്ത മൂന്നു വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്കുമെന്നു ബജറ്റ് വാഗ്ദാനം. പതിനായിരം ബയോ ഇന്പുട് റിസോഴ്സ് സെന്ററുകള്‍ തുടങ്ങും. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക ഉത്തേജക ഫണ്ട് രൂപീകരിക്കും. ഹരിത വികസനത്തിനായി ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19,700 കോടി രൂപ നീക്കിവച്ചു.
വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും കൂടുതല്‍ പലിശ. മുതിര്‍ന്ന പൗരന്മാര്ക്കു കൂടുതല്‍ പലിശ ഉറപ്പാക്കി നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കി. മഹിളാ സമ്മാന്‍ സേവിംഗ് പദ്ധതിയുടെ കീഴില്‍ രണ്ടു ലക്ഷം രൂപ രണ്ടു വര്‍ഷത്തേക്കു നിക്ഷേപിച്ചാല്‍ ഏഴര ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് പോസ്റ്റോഫീസുകളിലും ബാങ്കുകളിലും കൂടുതല്‍ പലിശ കിട്ടുന്ന നിക്ഷേപത്തിന്റെ പരിധി 15 ലക്ഷം രൂപയില്‍നിന്ന് മുപ്പത് ലക്ഷമാക്കി ഉയര്‍ത്തി.
പ്രതിമാസ വരുമാനത്തിനുള്ള നിക്ഷേപ പദ്ധതിയുടെ പരിധി നാലര ലക്ഷം രൂപയില്‍നിന്ന് ഒമ്പതു ലക്ഷമാക്കി.
കായിക മേഖലക്കായി ബജറ്റില്‍ നീക്കിവച്ചത് 3,397.32 കോടി രൂപ. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 723.97 കോടി രൂപയുടെ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,062.60 കോടി രൂപ അനുവദിച്ചിരുന്നു. അതിനാല്‍ ഫലത്തില്‍ 358.5 കോടി രൂപയുടെ വര്‍ധനയാണുണ്ടാകുക.
ബജറ്റില്‍ കൂടുതല്‍ തുക നീക്കിവച്ച വകുപ്പുകള്‍: പ്രതിരോധത്തിന് 5.94 ലക്ഷം കോടി രൂപ. ഗതാഗതത്തിന് 2.70 ലക്ഷം കോടി രൂപ, റെയില്‍വേയ്ക്ക് 2.41 ലക്ഷം കോടി രൂപ, ഭക്ഷ്യ വകുപ്പിന് 2.06 ലക്ഷം കോടി രൂപ, ആഭ്യന്തര മന്ത്രാലയത്തിന് 1.96 ലക്ഷം കോടി രൂപ, വളം- കെമിക്കല്‍സ് വകുപ്പിന് 1.78 ലക്ഷം കോടി രൂപ. ഗ്രാമവികസനത്തിന് 1.60 ലക്ഷം കോടി രൂപ, കൃഷിക്ക് 1.25 ലക്ഷം കോടി രൂപ.
കേന്ദ്ര ബജറ്റില്‍ ഓരോ രൂപയുടേയും വരവു ചെലവുകളുടെ ശതമാനം ഇങ്ങനെ. വരവ്: വായ്പ- 34, ജിഎസ്ടി- 17, ആദായ നികുതി 15, കോര്പറേഷന് ടാക്സ്- 15, എക്സൈസ് ഡ്യൂട്ടി- 7, നികുതിയേതര വരുമാനം- 6, കസ്റ്റംസ്- 4, വായ്പേതര മൂലധന വരുമാനം- രണ്ട്. ചെലവ്: പലിശ 20, സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം- 18, കേന്ദ്ര പദ്ധതികള്‍- 17, കേന്ദ്രം സ്പോണ്സര് ചെയ്യുന്ന പദ്ധതികള്‍- 9, ഫിനാന്‍സ് കമ്മീഷന്- 9, പ്രതിരോധം- 8, മറ്റിനങ്ങള്‍- 8, സബ്സിഡി- 7, പെന്ഷന് – 4.
കേരളത്തെ തൊടാതെ കേന്ദ്ര ബജറ്റ്. എംയിസ് പ്രഖ്യാപനമില്ല. പിരിക്കുന്ന ജിഎസ്ടിയുടെ 60 ശതമാനം വിഹിതമായി തരണമെന്ന ആവശ്യവും പരിഗണിച്ചില്ല. സ്കില്‍ സെന്ററുകളില്‍ ഒന്ന് തിരുവല്ലയില്‍ സ്ഥാപിക്കുമെന്നതാണ് ഏക പ്രഖ്യാപനം. ശബരി റെയില്‍പാതയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പണം നല്‍കും. അസംസ്കൃത റബറിന്റെ ഇറക്കുമതി തീരുവ പത്തില്‍നിന്ന് 25 ശതമാനമാക്കിയത് കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമാണ്.
കേന്ദ്ര ബജറ്റില്‍ എയിംസ്, റെയില്‍ വികസനം എന്നിങ്ങനെ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു നിര്‍ദേശവുമില്ല. കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് പിണറായി വിജയന് പറഞ്ഞു.
തൊഴിലുറപ്പു പദ്ധതിയുടെ കഴുത്തറുത്ത ബജറ്റാണെന്നും കണക്കുകള്‍ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ച 89,400 കോടിയയില്നിന്ന് അറുപതിനായിരം കോടി രൂപയാക്കി വെട്ടിക്കുച്ചു. 29,400 കോടിയുടെ കുറച്ചത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും സതീശന്.
കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ അടിത്തറ പാകുന്നതാണെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊര്‍ജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് 400 ശഥമാനം അധിക തുക വിലയിരുത്തി. മോദി പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അസമത്വം തടയാനും ഒരു നടപടിയുമില്ലാത്ത ബജറ്റാണെന്ന് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി. ഒരു ശതമാനം സമ്പന്നര്‍ക്ക് 40 ശതമാനം സ്വത്ത്, 50 ശതമാനം വരുന്ന ദരിദ്രരായ ജനത 64 ശതമാനം ജിഎസ്ടി അടയ്ക്കണം. 42 ശതമാനം യുവാക്കള്‍ക്കു തൊഴിലില്ല. എന്നിട്ടും പ്രധാനമന്ത്രിക്ക് അനുകമ്പയില്ല. ‘ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കേന്ദ്ര ബജറ്റില്‍ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടിയില്ലെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. കര്‍ഷകര്‍ക്കു സഹായമില്ല. രാസവള സബ്സിഡി കുറച്ചു. തൊഴിലവസരങ്ങളില്ല. ഭക്ഷ്യ സബ്സിഡിയും കുറച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏകീകൃത കുര്‍ബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തിന് മധ്യസ്ഥതയിലൂടെ പരിഹാരം കാണണമെന്നു ഹൈക്കോടതി. വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിനും നോട്ടീസുണ്ട്. ബസലിക്കയിലടക്കമുള്ള സംഘര്‍ഷത്തില്‍ സഭാ വിശ്വാസികള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഇടപെടല്‍.
ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് നാളെ ജയില്‍ മോചിതനാകും. റിലീസിഗ് ഓര്‍ഡര്‍ കോടതി ജയിലിലേക്ക് അയച്ചു. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ സുപ്രീംകോടതിയും, എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് മോചനം.
യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളുടെ വീട്ടിലെത്തി ഗവേഷണ പ്രബന്ധത്തിലെ പിഴവ് മനപൂര്‍വമല്ലെന്നും അബദ്ധമാണെന്നും അറിയിച്ചു. ചങ്ങമ്പുഴയുടെ മകള്‍ ലളിതയെയാണ് ചിന്ത ജെറോം സന്ദര്‍ശിച്ചത്. ശിരസില്‍ കൈവച്ച് അനുഗ്രഹം വാങ്ങിയശേഷമാണ് ചിന്ത സ്ഥളംവിട്ടത്.
ജഡ്ജിമാര്‍ക്കു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ അയല്‍വാസിയുടെ ഗൂഢാലോചനയാണെന്നു സൈബി ജോസ് കിടങ്ങൂര്‍ പ്രതികരിച്ചു. ജഡ്ജിമാരുടെ പേരില്‍ പണം താന്‍ വാങ്ങിയിട്ടില്ല. അന്വേഷണത്തിലൂടെ വ്യക്തിവിദ്വേഷവും ഗൂഢാലോചനയും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി ചുരത്തില്‍ സഞ്ചാരികളില്‍നിന്ന് വാഹനത്തിന് 20 രൂപ നിരക്കില്‍ യൂസര്‍ഫീ ഈടാക്കാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധം ഉയരുന്നു. സമരം തുടങ്ങുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പു നല്കി. ചുരത്തിന്റെ വ്യൂ പോയിന്റുകളില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് യൂസര്‍ഫീയായി 20 രൂപ വാങ്ങാനാണു തീരുമാനം.
കൊച്ചിയിലെ പെറ്റ് ഷോപ്പില്‍നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവര്‍ പിടിയിലായി. കര്‍ണാടകയിലെ കര്‍ക്കലയില്‍നിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്. 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെ കണ്ടെടുത്തു.
കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭകേന്ദ്രം കണ്ടെത്തി. മൂന്നുപേര്‍ പിടിയിലായി. കേന്ദ്രം നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ഷമീര്‍ (29), സഹനടത്തിപ്പുകാരി കര്‍ണാടക വീരാജ്പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്നാട് കരൂര്‍ സ്വദേശി വെട്ടില്‍വന്‍ (28) എന്നിവരെയാണ് പിടികൂടിയത്.
അനധികൃത മദ്യവില്‍പ്പന നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് പിടികൂടി. ഇടുക്കിയില്‍ പതിനാറര ലിറ്റര്‍ വിദേശ മദ്യവുമായാണ് ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറി രതീഷ് പിടിയിലായത്.
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നികുതി വെട്ടിച്ചു കടത്തിയ ഐ ഫോണും നിരോധിത ഇ സിഗരറ്റും പിടികൂടി. 60 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണു പിടിച്ചെടുത്തത്. 25 ഐ ഫോണ്‍, 764 ഇ സിഗരറ്റ്, 6990 പാക്കറ്റ് വിദേശ നിര്‍മിത സിഗരറ്റ് , 30 ഗ്രാം തൂക്കമുള്ള രണ്ടു സ്വര്‍ണ നാണയം എന്നിവയാണ് പിടിച്ചത്. ദുബൈയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികള്‍ ട്രെയിന്‍ മാര്‍ഗം കാസര്‍കോട്ടേക്കു പോകുകയായിരുന്നു.
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവന് നിര്‍മ്മല്‍ കുമാര്‍ നായര്‍ക്ക് ജാമ്യം. ആറുമാസത്തേക്ക് പാറശ്ശാല പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത്, 50,000 രൂപ അല്ലെങ്കില്‍ രണ്ട് ആള് ജാമ്യം എന്നിവയാണ് വ്യവസ്ഥ. തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചെന്നാണു നിര്‍മ്മല്‍ കുമാറിനെതിരായ കുറ്റം.
കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു. വെളപ്പായ സ്വദേശിനി സൗദാമിനിയാണ് വനിതാ എസ്ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞത്.
തിരുവല്ലയില്‍ ആയയെ മര്‍ദിച്ച പ്രീപ്രൈമറി സ്കൂള്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവള്ളിപ്പറ ഗവ എല്‍പി സ്കൂളിലെ അധ്യാപിക ശാന്തമ്മ സണ്ണിക്കെതിരേയാണു കേസ്. ആയ ബിജി മാത്യുവിനെ മര്‍ദ്ദിച്ചെന്നാണു പരാതി.
ഓഹരി വിപണി ഉണര്‍ന്നിട്ടും അദാനിയുടെ ഓഹരികള്‍ കൂപ്പുകുത്തി. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി ഇന്ന് 25 ശതമാനമാണ് ഇടിഞ്ഞത്. അദാനിയുടെ എല്ലാ ഓഹരികളും നഷ്ടത്തിലാണ്. സെന്‍സെക്സ് 1.91 ശതമാനം ഉയര്‍ന്നു.
ജമ്മു കാഷ്മീരിലെ ഗുല്‍മാര്‍ഗില്‍ വന്‍ മഞ്ഞുവീഴ്ച. ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുല്‍മാര്‍ഗ് സ്കീയിംഗ് റിസോര്‍ട്ടിന്റെ മുകള്‍ ഭാഗത്താണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായത്.
ഹൈഡ്രജന്‍ ട്രെയിനുകള്‍ ഈ വര്‍ഷം തന്നെ ഓടുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിസംബര്‍ മുതല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടും. ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്തു നിര്‍മ്മിക്കുന്ന സമ്പൂര്‍ണ മെയ്ക്ക് ഇന്‍ ഇന്ത്യ ട്രെയിനുകളാണിവ. കല്‍ക്ക – ഷിംല പോലുള്ള പൈതൃക പാതകളിലൂടെയാവും ഹൈഡ്രജന്‍ ട്രെയിനുകള്‍ ആദ്യം സര്‍വ്വീസ് നടത്തുക.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും മദ്യമാണ് പ്രധാന കാരണമെന്നും ബിജെപി മുതിര്‍ന്ന നേതാവ് ഉമാഭാരതി. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മദ്യഷോപ്പുകള്‍ ഗോശാലകളായി മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.