പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് അഞ്ചു മാസം മുമ്പേ കൊല്ലപ്പെട്ടയാളുടെ സ്വത്തും ഹര്‍ത്താലില്‍ അക്രമം നടത്തിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പാലക്കാട് എലപ്പുള്ളി സുബൈറിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പിഴ അടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ ആസ്തിയും ജപ്തി ചെയ്യുമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2022 സെപ്റ്റംബര്‍ 23 നാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടന്നത്. എന്നാല്‍ അഞ്ചു മാസം മുമ്പ് ഏപ്രില്‍ പതിനഞ്ചിന് സുബൈറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു.
ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് അഞ്ചേകാല്‍ കോടി രൂപയുടെ നഷ്ടപരിഹാരം ഈടാക്കാന്‍ 248 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജില്ലകള്‍ തിരിച്ചാണ് ജപ്തി നടപടികളുടെ വിശദാംശങ്ങള്‍ കൈമാറിയത്.
മലപ്പുറത്താണ് കൂടുതല്‍ ജപ്തി. 126 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. മലപ്പുറത്ത് ആളുമാറി സ്വത്തു കണ്ടുകെട്ടിയ സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. 2018 ല്‍ പുറപ്പെടുവിച്ച വേതന പരിഷ്‌കരണ ഉത്തരവ് കോടതി റദ്ദാക്കി. ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സുമാരുടെയും ഭാഗം കേട്ടശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നാണ് നഴ്‌സുമാരുടെ സംഘടനയുടെ ആവശ്യം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വേതനം പരിഷ്‌കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റും വാദിച്ചതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിയത്.
യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ അറസ്റ്റു ചെയ്തത്.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റു ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല. നിയമനടപടികളുമായി മുന്നോട്ടു പോകും. ഇത്തരം ഭീഷണികള്‍കൊണ്ട് സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി പോലീസുകാര്‍ അടക്കമുള്ളവരില്‍നിന്നു പണം തട്ടിയ ഇതര സംസ്ഥാന തട്ടിപ്പുകാരനെ അറസ്റ്റു ചെയ്തു. ബിഹാര്‍ സ്വദേശി സിക്കന്തര്‍ സാദാ (31) യെയാണ് കര്‍ണാടകയിലെ ഉഡുപ്പി സിദ്ധപുരയില്‍നിന്നും മലപ്പുറം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
കെ.ആര്‍ നാരായണന്‍ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു നേരിട്ടെത്തി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കുമെന്നും ഒഴിവുള്ള സംവരണ സീറ്റുകള്‍ നികത്തുമെന്നും മന്ത്രി അറിയിച്ചു.
പിഎഫ്‌ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം പരിശോധിക്കണമെന്ന് ഭരണമുന്നണിയിലെ ഐഎന്‍എല്‍. ഇടത് സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരം ഉയര്‍ത്തിവിടാന്‍ യുഡിഎഫിന്റെയും ബിജെപിയുടെയും ചട്ടുകമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചോയെന്ന് സംശയിക്കണമെന്നും ഐഎന്‍എല്‍ വഹാബ് വിഭാഗം കുറ്റപ്പെടുത്തി.
ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ പിരിച്ചുവിട്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘടനയില്‍ അഴിച്ചുപണി നടത്താനാണു നീക്കം.
ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നാണെന്നു പറയുന്നതുപോലെയാണ് നയപ്രഖ്യാപന പ്രസംഗമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ വിമര്‍ശനം മുഖ്യമന്ത്രി മയപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തെ പ്രകീര്‍ത്തിക്കുന്ന വാചോടാപം മാത്രമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകര്‍ന്നു തരിപ്പണമായെന്ന യാഥാര്‍ഥ്യം മറച്ചുവച്ച പ്രസംഗമാണ് സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ടു നയപ്രഖ്യാപനത്തിലൂടെ പ്രസംഗിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗവര്‍ണറെകൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാത്തത് മോദി സര്‍ക്കാരിന്റെ അനുഭാവംകൊണ്ടാണ്. 3.90 ലക്ഷം കോടി പൊതു കടമാണ് കേരളത്തിനുള്ളത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. സുരേന്ദ്രന്‍ പറഞ്ഞു.
വനാതിര്‍ത്തിയില്‍ ബഫര്‍സോണ്‍ വേണമെന്നു വാശിപിടിച്ചത് കോണ്‍ഗ്രസിലെ ഹരിത എംഎല്‍എമാരാണെന്നു സിപിഐ.
ബഫര്‍സോണിന്റെ പേരില്‍ ഡീന്‍ കുര്യാക്കോസ് എംപി ഇടുക്കി ജില്ലയില്‍ നടത്തുന്നത് കപടയാത്രയെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍ കുറ്റപ്പെടുത്തി.
ഗുരുവായൂരപ്പന് ഒറ്റ വാര്‍പ്പിലൂടെ 1,500 ലിറ്റര്‍ പാല്‍പ്പായസം തയാറാക്കാം. മാന്നാറിലെ വിശ്വകര്‍മജകരുടെ കരവിരുതില്‍ രണ്ടേകാല്‍ ടണ്‍ ഭാരമുള്ള വാര്‍പ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചു. പരുമല പന്തപ്ലാതെക്കേതില്‍ കാട്ടുംപുറത്ത് അനന്തന്‍ ആചാരിയുടെയും മകന്‍ അനു അനന്തന്റെയും മേല്‍നോട്ടത്തില്‍ നാല്‍പ്പതോളം തൊഴിലാളികള്‍ നാലുമാസം പണിയെടുത്താണ് വാര്‍പ്പ് നിര്‍മിച്ചത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് വഴിപാടായി വാര്‍പ്പ് സമര്‍പ്പിച്ചത്.
ചേവായൂരില്‍ കച്ചവടം മുടക്കാന്‍ കൂടോത്രം ചെയ്തതിനു കേസെടുക്കണമെന്ന പരാതിയുമായി ആയൂര്‍വേദ കടയുടമ വേലായുധന്‍. കടയ്ക്കു മുന്നില്‍ പൊട്ടിയ ചട്ടി, പട്ട്, കരിഞ്ഞി തിരി, തേങ്ങ തുടങ്ങിയ സാധനങ്ങള്‍ ഇന്നലെ രാവിലെ കണ്ടെത്തിയെന്നും ഇത് ആരോ കൂടോത്രം നടത്തിയതാണെന്നും ആരോപിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്.
കഞ്ചാവ് കച്ചവടം നടത്തുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചതിനു പൊലീസ് പ്രതികാരനടപടിയെന്നു കോട്ടയം അതിരമ്പുഴയിലെ കളളു ഷാപ്പുടമ. നിസാര കാര്യങ്ങളുടെ പേരില്‍ ഏറ്റുമാനൂര്‍ പൊലീസ് നിരന്തരം ശല്യപ്പെടുത്തുന്നതുമൂലം കച്ചവടം ഉപേക്ഷിച്ച് നാടുവിടുകയാണെന്നും അതിരമ്പുഴ സ്വദേശി ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.
പോക്‌സോ പീഡന കേസില്‍ അമ്മയുടെ കാമുകനായ പ്രതി കീഴടങ്ങി. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയ യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുട്ടി വീട്ടിലെത്തിയപ്പോഴാണു പീഡനം.
വാളയാറില്‍ രേഖകള്‍ ഇല്ലാതെ കടത്തിയ രണ്ടു കോടി ഇരുപത്തെട്ടു ലക്ഷത്തി അറുപതിനായിരം രൂപയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹനപരിശോധനക്കിടെ പണവുമായി കോയമ്പത്തൂര്‍ സ്വദേശികളെ അറസ്റ്റു ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്‌ളൂവന്‍സറാണെന്ന് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. സിനിമ മേഖലയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
മോഡലിന്റെ പരാതിയില്‍ എടുത്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടി രാഖി സാവന്ത് ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വനിതാ മോഡലിന്റെ നഗ്ന വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് രാഖി സാവന്തിനെതിരായ ആരോപണം.
പഞ്ചാബിലെ അമൃത്സറില്‍ മയക്കുമരുന്നു കടത്തിയ ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു. അഞ്ചു കിലോ ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടു പ്രതികളെയും അറസ്റ്റു ചെയ്തു.
വോട്ടിന് ആറായിരം രൂപ വാഗ്ദാനം ചെയ്തു പുലിവാല് പിടിച്ച് കര്‍ണാടകത്തിലെ ബിജെപി നേതാവ് രമേശ് ജാര്‍ക്കിഹോളി. ബെലഗാവിയിലെ കോണ്‍ഗ്രസ് എംഎല്‍എ സമ്മാനങ്ങള്‍ നല്‍കി വോട്ട് പിടിക്കുകയാണെന്നും ് ആറായിരം രൂപ വച്ച് ബിജെപി തരുമെന്നുമാണ് ജാര്‍ക്കിഹോളിയുടെ പരാമര്‍ശം.
രാജിക്കു സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗവത് സിംഗ് കോഷിയാരി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് പദവി ഒഴിയാന്‍ അനുവദിക്കണമെന്ന് അറിയിച്ചു. ഇനിയുള്ള കാലം വായനയ്ക്കും എഴുത്തിനുമായി മാറ്റിവയ്ക്കണമെന്നാണ് കോഷിയാരി പറയുന്നത്.
2019 ലെ പുല്‍വാമ ഭീകരാക്രമണത്തിനു തെളിവുണ്ടോയെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. നാല്‍പതു സൈനികല്‍ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ടും തിരിച്ചടിയെന്ന പേരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കു നടത്തിയെന്ന അവകാശവാദവും തെളിവില്ലാത്ത കടംകഥകളാണെന്ന് അദ്ദേഹം പറഞ്ഞു. കാഷ്മീരില്‍ ഭാരത് ജോഡോ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി എല്ലാ വാഹനങ്ങളും പരിശോധിച്ചു കടത്തിവിടുന്ന പ്രദേശത്താണ് എതിര്‍ദിശയിലൂടെ വന്ന കാര്‍ സ്‌ഫോടനമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മുകാഷ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നു രാഹുല്‍ ഗാന്ധി. സംസ്ഥാന പദവി കാഷ്മീരിനെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം ഭാരത് ജോഡോ യാത്രയില്‍ പ്രസംഗിക്കവേ പറഞ്ഞു.
മുട്ട കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യ. അഞ്ചു കോടി രൂപയുടെ മുട്ടയാണ് ഈ മാസം കയറ്റുമതി ചെയ്യുന്നത്. ഒമാന്‍, ഖത്തര്‍ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് ഇന്ത്യന്‍ മുട്ടകള്‍ വാങ്ങുന്നത്. ലോകമെങ്ങും ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ മുട്ട കയറ്റുമതിരാജ്യമായ മലേഷ്യയില്‍നിന്നുപോലും ഇന്ത്യക്ക് വലിയ ഓര്‍ഡര്‍ ലഭിച്ചു.
ഓണ്‍ലൈന്‍ ഗെയിം കളിച്ചു പ്രണയത്തിലായ ഉത്തര്‍പ്രദേശുകാരനെ യാത്രാരേഖകളില്ലാതെ എത്തി വിവാഹം ചെയ്ത് ബെംഗളൂരുവില്‍ താമസമാക്കിയ പത്തൊമ്പതുകാരിയായ പാക്കിസ്ഥാന്‍കാരി അറസ്റ്റിലായി. ഇഖ്‌റ ജീവാനി എന്ന യുവതിയാണ് യാത്രാരേഖകളില്ലാതെ നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. മുലായംസിംഗ് യാദവ് എന്ന യുവാവുമായി നേപ്പാളില്‍ വിവാഹിതരായശേഷം ബെംഗളൂരുവില്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു.
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ ആലിംഗനം ചെയ്യണമെന്നും ഫോട്ടോ പോസ്റ്റു ചെയ്യണമെന്നുമുള്ള സ്വപ്‌നവുമായി രണ്ടു മാസം ട്വിറ്റര്‍, സ്പേസ് എക്സ് ഓഫീസുകള്‍ക്ക് മുന്നില്‍ കാത്തുകെട്ടിക്കിടന്ന യൂട്യൂബര്‍ ഒടുവില്‍ ഹാപ്പിയായി. യൂട്യൂബര്‍ ഫിദിയാസ് പനായിയാണ് ഇങ്ങനെ രണ്ടു മാസമായി മസ്‌കിനെ ആലിംഗനം ചെയ്യാന്‍ കാത്തിരുന്നത്. ഒടുവില്‍
ഇലോണ്‍ മസ്‌ക് കടാക്ഷിച്ചു. കൂടിക്കാഴ്ചയ്ക്കിടെ അവര്‍ ആലിംഗനം ചെയ്തു. ഫോട്ടോ യുട്യൂബര്‍ ഫിദിയാസ് ട്വിറ്ററില്‍ പങ്കുവച്ചു.