ഭാരത് ജോഡോ യാത്ര തുടരും “ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ’ ലൂടെ. ഓരോ സംസ്ഥാനങ്ങളിലൂടെ നടത്തുന്ന ഈ പരിപാടിയുടെ ലോഗോ പുറത്തിറക്കി. റിപ്പബ്ലിക് ദിനമായ 26 മുതലാകും പരിപാടി. ഇതിനൊപ്പം കേന്ദ്ര സർക്കാരിനെതിരായ കുറ്റപത്രവും രാഹുൽ ഗാന്ധിയുടെ കത്തും എല്ലാ വീട്ടിലുമെത്തിക്കും. കോൺഗ്രസ് മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയ്റാം രമേശും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമാണ് ലോഗോ പുറത്തിറക്കിക്കൊണ്ട് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഭാരത് ജോഡോ യാത്രയിൽ നിന്നു വ്യത്യസ്തമായി പുതിയ പ്രചാരണ പരിപാടിയുടെ ലോഗോയിൽ കോൺഗ്രസ് ചിഹ്നമായ കൈ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോഡോ യാത്ര പോലെയല്ല, ഹാഥ് സേ ഹാഥ് അഭിയാൻ പൂർണമായി രാഷ്ട്രീയ പരിപാടിയാണെന്നും ഇതിൽ അതതു സംസ്ഥാന സർക്കാരുകൾക്കെതിരായ കുറ്റപത്രവും അവതരിപ്പിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
10 ലക്ഷം പോളിങ് ബൂത്തുകൾ, ആറു ലക്ഷം ഗ്രാമങ്ങൾ, രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകൾ എന്നിവയെ ഉൾപ്പെടുത്തിയാകും ഹാഥ് സേ ഹാഥ് അഭിയാൻ.