നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ജിയോയുടെ അറ്റാദായം 4,881 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 3,795 കോടി രൂപയായിരുന്നു. അതേസമയം, രണ്ടാം പാദത്തില്‍ 4,729 കോടി രൂപയായിരുന്നു അറ്റാദായം. 2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്‍പത് മാസങ്ങളില്‍ ജിയോയുടെ അറ്റാദായം 14,140 കോടി രൂപയായിരുന്നു. ഈ അറ്റാദായം 2021 ഡിസംബര്‍ 31 ന് അവസാനിച്ച ഒന്‍പത് മാസത്തേക്ക് പോസ്റ്റ് ചെയ്ത 11,174 കോടി രൂപയേക്കാള്‍ വളരെ കൂടുതലാണ്. കമ്പനിയുടെ മൊത്തം വരുമാനം 19,347 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധിച്ച് മൂന്നാം പാദത്തില്‍ 22,998 കോടി രൂപയിലെത്തി. വാര്‍ഷിക പ്രവര്‍ത്തന ചെലവ് 16 ശതമാനം ഉയര്‍ന്ന് 7,227 കോടി രൂപയായി. മൊത്തം ചെലവുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ 14,655 കോടി രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 16,839 കോടി രൂപയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഓരോ ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 178.2 രൂപയാണ്. ഇത് മുന്‍ പാദത്തിലെ 177.2 രൂപയേക്കാള്‍ കാര്യമായി കൂടിയിട്ടില്ല. ഡേറ്റാ ട്രാഫിക്ക് രണ്ടാം പാദത്തിലെ 2820 കോടി ജിബിയില്‍ നിന്ന് മൂന്നാം പാദത്തില്‍ 2900 കോടി ജിബിയായി ഉയര്‍ന്നിട്ടുണ്ട്. വോയ്സ് ട്രാഫിക്കും 1230 കോടി മിനിറ്റില്‍ നിന്ന് 1270 കോടി മിനിറ്റായും വര്‍ധിച്ചു. ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 42.76 കോടിയില്‍ നിന്ന് 43.29 കോടിയായും ഉയര്‍ന്നു.