ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് മുഖ്യമന്ത്രി കേന്ദ്ര സഹമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്യാനിരിക്കേ പരാതികൾ ഏറുന്നു
ചടങ്ങിൽ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പങ്കെടുക്കുന്നില്ല. ഉദ്ഘാടന പരിപാടിയില്‍ നിന്ന് മുൻ എംപി കെ സി വേണുഗോപാലിനെയും മുൻ മന്ത്രി ജി സുധാകരനെയും തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്കരിക്കുന്നത്. കോൺഗ്രസിൽ നിന്ന് ക്ഷണമുള്ളത് ഇവർക്ക് രണ്ടു പേർക്കുമാണ്.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുക. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നേരത്തേ സിപിഎമ്മിൽ നിന്ന് ജി സുധാകരനും നീരസം പ്രകടിപ്പിച്ചിരുന്നു.
എഫ്ബി പോസ്റ്റിലൂടെയാണ് മുൻ മന്ത്രി ജി സുധാകരൻ അതൃപ്തി അറിയിച്ചത്. കെ സി വേണുഗോപാലിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജി സുധാകരന് പ്രതിഷേധം വ്യക്തമാക്കിയത്. നിർമ്മാണത്തിനായി ആദ്യാവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്ന് ജി സുധാകരൻ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഷൈലജ ടീച്ചറെയും ഉൾപ്പെടുത്താമായിരുന്നുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. പുതിയ ബ്ലോക്കിനായി ആദ്യവസാനം മുന്നിൽ നിന്നയാളാണ് താൻ. തന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ല. വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനം. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണെന്നും ജി സുധാകരന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.