കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഉപയോഗിച്ച 28.3 കോടി സ്മാര്‍ട് ഫോണുകള്‍ വിറ്റതായി റിപ്പോര്‍ട്ട്. ഔദ്യോഗികമായി നവീകരിച്ചതും ഉപയോഗിച്ചതുമായ സ്മാര്‍ട് ഫോണുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഐഡിസിയുടെ കണക്കനുസരിച്ച് 2021 ല്‍ വിറ്റ 25.34 കോടി ഫോണുകളെ അപേക്ഷിച്ച് 11.5 ശതമാനം വര്‍ധനവാണ് 2022 ല്‍ രേഖപ്പെടുത്തിയത്. ഈ വിഭാഗത്തില്‍ 2021 മുതല്‍ 2026 വരെ 10.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഡിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 2026 ല്‍ 41.33 കോടി ഉപയോഗിച്ച ഫോണുകളുടെ വില്പന വഴി 9990 കോടി ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് പ്രവചനം. ഇത് പരിസ്ഥിതിക്കും വലിയ നേട്ടമാണ്. ഉപയോഗിച്ച ഫോണുകള്‍ വീണ്ടും ഉപയോഗിക്കുന്നതിനാല്‍ ഇമാലിന്യം കുറയ്ക്കാന്‍ സാധിക്കും. ഉപയോഗിച്ച് ഫോണുകളുടെ വിപണിയില്‍ പ്രീമിയം ഹാന്‍ഡ്സെറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇതിനാലാണ് വില്പന വഴി ലഭിക്കുന്ന വരുമാനം കുത്തനെ കൂടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഉപയോഗിച്ച ഫോണ്‍ വിപണിയുടെ കുതിപ്പ് പുതിയ ബ്രാന്‍ഡുകള്‍ക്കും ഫോണുകള്‍ക്കും ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.