ഇന്ത്യന്‍ എസ്യുവി വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു. 2020 ഓട്ടോഎക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്ഷന്‍ മോഡലിനോട് അടുത്തു നില്ക്കുന്ന പതിപ്പാണ് 2023 ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടാറ്റ അവതരിപ്പിച്ചത്. 2020 മോഡലിന് സൂയിസൈഡ് ഡോറുകളായിരുന്നെങ്കില്‍ ഇപ്പോള്‍ അവതരിപ്പിച്ച മോഡലിന് സാധാരണ ഡോറുകളാണ്. ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മിച്ച ആദ്യ എസ്യുവിയായ സിയറയുടെ നിര്‍മാണം 2000 ലാണ് ടാറ്റ അവസാനിപ്പിച്ചത്. 1991ല്‍ പുറത്തിറങ്ങിയ സിയറയുടെ സ്മരണാര്‍ഥം അതുമായി സാമ്യമുള്ള ഡിസൈനോടെയാണ് ടാറ്റ ഇസിയറയുടെ കണ്‍സെപ്റ്റും ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ പുതിയ വാഹനമായ ആള്‍ട്രോസ് നിര്‍മിച്ചിരിക്കുന്ന ആല്‍ഫാ പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ സിയറയുടെയും നിര്‍മാണമെന്നാണ് സൂചന. 2025 ല്‍ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് ടാറ്റ അറിയിക്കുന്നത്. ഇലക്ട്രിക് പതിപ്പ് കൂടാതെ പെട്രോള്‍ എന്‍ജിനുമായി വാഹനം എത്തുമെന്നാണ് പ്രതീക്ഷ.