അമേരിക്കയിലെ മുഴുവൻ വിമാന സർവീസും നിർത്തിവെച്ചതായി റിപ്പോർട്ട്. സാങ്കേതിക തകരാറിനെ തുടർന്നാണ് എല്ലാ വിമാനങ്ങളും നിർത്തിവെച്ചതെന്ന് അന്താരാഷ്ട്ര് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൈലറ്റുമാരുള്‍പ്പെടെ ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്‌ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസ്സം നേരിട്ടെന്നും വിമാന സർവീസ് ഇപ്പോൾ നടത്താൻ കഴിയില്ലെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
ഫ്ലൈറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും വിവരങ്ങൾ നൽകുന്ന സംവിധാനമാണ് നോട്ടാം. ഏകദേശം നാനൂറോളം വിമാനങ്ങള്‍ നിലത്തിറക്കി. മൊത്തം 760ലേറെ വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചെന്നും ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ അവസ്ഥയിലാണ്.
വിമാന ജീവനക്കാർക്ക് അപകടങ്ങളെക്കുറിച്ചോ എയർപോർട്ട് സൗകര്യങ്ങളെക്കുറിച്ചും എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് എഫ്എഎ റെഗുലേറ്ററിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ 5.31വരെ 400-ലധികം വിമാനങ്ങൾ വൈകി. എന്നാൽ സാങ്കേതിക തകരാറിന്റെ കാരണമെന്താണെന്നോ എപ്പോൾ ശരിയാകും എന്ന കാര്യത്തിലോ ഇതുവരെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.