പല രാജ്യങ്ങളുടെയും വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് ലോകബാങ്ക്. സ്ഥിരമായ പണപ്പെരുപ്പവും, ഉയര്‍ന്ന പലിശനിരക്കും, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന്റെ ആഘാതവും നിക്ഷേപത്തിലെ ഇടിവുമെല്ലാം ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്കി. ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2023 ല്‍ 1.7 ശതമാനം വര്‍ധിക്കുമെങ്കിലും 2009-ലെയും 2020-ലെയും മോശം സാമ്പത്തിക അവസ്ഥയ്ക്ക് ശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുള്ള മൂന്നാമത്തെ മോശം പ്രകടനമായിരിക്കും. 2024 ലെയും വളര്‍ച്ചാ പ്രവചനം ലോകബാങ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ വളര്‍ന്നുവരുന്ന വിപണികളിലെയും വികസ്വര സമ്പദ് വ്യവസ്ഥകളിലെയും ജിഡിപി കോവിഡിന് മുമ്പ് പ്രതീക്ഷിച്ചിരുന്ന നിലവാരത്തേക്കാള്‍ 6 ശതമാനം കുറവായിരിക്കും. യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയന് എന്നിവിടങ്ങളില്‍ സ്ഥിതി മോശമാകും. യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള വികസിത സമ്പദ് വ്യവസ്ഥകളില്‍, വളര്‍ച്ച 2023 ല്‍ 0.5 ശതമാനമായി കുറയും. ഈ വര്‍ഷം ചൈന 4.3 ശതമാനം വികസിക്കും. ഇത് നേരത്തെ പ്രവചിച്ചതിനേക്കാള്‍ 0.9 പോയിന്റ് കുറവാണ്. 1.5 ദശലക്ഷമോ അതില്‍ താഴെയോ ജനസംഖ്യയുള്ള ചെറിയ പ്രദേശങ്ങള്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരും.