◾ചാന്‍സലര്‍ ബില്ലില്‍ സ്വയം തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് അയക്കുന്നതാണ് ഉചിതമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന് ലീഗല്‍ അഡൈ്വസറാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപദേശം നല്‍കിയത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു.
◾ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 44 ശുപാര്‍ശകളില്‍ നാളെ തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കൊളിജീയം നല്കിയ 104 ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. തീരുമാനം വൈകുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്കുമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.
◾യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മൂന്ന് ഗവണ്മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി. തിരുവനന്തപുരത്തെ ബിജു കുമാര്‍, തൃശൂരിലെ വി ആര് ജയദേവന്, എറണാകുളത്തെ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി മാനദണ്ഡപ്രകാരം സെലക്ഷന് കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് ട്രിബ്യൂണല്‍ നിര്‍ദേശം നല്കി.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ കാട്ടാനയുടെ വിളയാട്ടം. നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ നഗരത്തിലെത്തി കാല്‍നടയാത്രക്കാരനായ സുബൈര്‍ കുട്ടിയെ ആക്രമിച്ചു. തുമ്പിക്കൈകൊണ്ട് അടിയേറ്റ് കൈവരിക്കപ്പുറത്തേക്കു വീണതിനാലാണ് കൂടുതല്‍ ആക്രമണം ഉണ്ടാകാതിരുന്നത്.
◾സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോടതി ഉത്തരവു വഴി പങ്കെടുത്തവരുടെ ഫലം തടഞ്ഞു. 94 മത്സരഫലങ്ങളാണ് കലോത്സവ സംഘാടകര്‍ തടഞ്ഞത്. ഇവരുടെ ഫലം പ്രഖ്യാപിച്ചാലും അത് ജില്ലകളുടെയോ സ്കൂളിന്റെയോ പോയന്റില്‍ ഉള്‍പ്പെടില്ലെന്ന് സംഘാടകര്‍ പറയുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് വഴി വന്ന അപ്പീലുകള്‍ക്ക് ഈ തടസമില്ല.
◾യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക അനുവദിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കിയില്ല. വിവാദമായ സാഹചര്യത്തില്‍ പുനപരിശോധന നടത്തിയേക്കും. അതേസമയം കമ്മീഷന് മുന്‍ അധ്യക്ഷന്‍ ആര് വി രാജേഷിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവുണ്ട്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾കടക്കെണിയില്‍ കുടുങ്ങിയ കുടുംബം ജീവനൊടുക്കി. തിരുവനന്തപുരം കഠിനംകുളത്ത് പടിഞ്ഞാറ്റ് മുക്ക് കാര്‍ത്തിക വീട്ടില്‍ രമേശന് (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണു തീ കൊളുത്തി മരിച്ചത്. രമേശന് ഇന്നലെയാണ് ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയത്. 12 ലക്ഷം രൂപ വായ്പയെടുത്ത കുടുംബത്തിന് 40 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് പോലീസ്.
◾സിപിഎമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ സമ്മേളന പോസ്റ്ററില്‍ ബേനസീര്‍ ഭൂട്ടോയുടെ ചിത്രം. പാകിസ്ഥാന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ ബേനസീര്‍ ഭൂട്ടോക്ക് ഒമ്പത് സര്‍വകലാശാലകള്‍ ഓണററി ഡോകടറേറ്റ് നല്‍കിയെന്ന വരികളുമായാണ് പോസ്റ്റര്‍. പോസ്റ്ററിനെതിരേ പരക്കേ വിമര്‍ശനം ഉയര്‍ന്നു. ‘ഇന്ത്യയ്ക്കൊരു കുത്തും തീവ്രവാദികളുടെ വോട്ടും’ എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഫേസ് ബുക്കില്‍ കുറിച്ചത്.
◾കണ്ണൂരില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പു കേസില്‍ രണ്ട് പേരെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ ഡയറക്ടറും തൃശൂര്‍ സ്വദേശിയുമായ ഗഫൂര്‍, സഹസ്ഥാപനമായ ‘എനി ടൈം മണി’യുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത് അലി എന്നിവരെയാണ് പിടികൂടിയത്. നിക്ഷേപ തുകയോ പലിശയോ കൊടുക്കാതെ സ്ഥാപനം പൂട്ടി മുങ്ങിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.
◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീനില്‍നിന്ന് ഒരു കിലോ സ്വര്‍ണം പോലീസ് പിടികൂടി. 59 ലക്ഷം രൂപ വിലയുള്ള സ്വര്‍ണം മിശ്രിത രൂപത്തില്‍ ക്യാപ്സൂളുകളിലാക്കി ശരീരത്തിനകത്ത് ഒളിച്ചുകടത്തുകയായിരുന്നു.
◾പട്ടാപ്പകല്‍ രണ്ടേക്കര്‍ ചുറ്റുമതിലുള്ള പുരയിടത്തിനുള്ളില്നിന്ന് കായ് ഫലമുള്ള 60 തെങ്ങുകള്‍ മുറിച്ചു തമിഴ്നാട്ടിലേക്കു കടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി തോന്നയ്ക്കല്‍ ഇലങ്കത്തുകാവ് ഫസിലി (55) നെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. ഒന്നാം പ്രതി തോന്നയ്ക്കല്‍ പാട്ടത്തിന്‍കര സുധീറിനെയും (42) , ഫസിലിനെയും കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തിലെ മറ്റൊരു പ്രതി സുധീറിന്റെ സഹോദരന് നൗഷാദ് (40) സ്റ്റേഷനില്‍ എത്തിയെങ്കിലും മുങ്ങി.
◾പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി രാജിവച്ചു. കോണ്‍ഗ്രസ് വിട്ട എ.വി ഗോപിനാഥിന്റെ ഗ്രൂപ്പിലായിരുന്ന രാധ പഞ്ചായത്ത് അംഗത്വവും രാജിവച്ചു. എ.വി ഗോപിനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസില്‍ തുടരുമെന്ന് രാധാ മുരളി പറഞ്ഞു.
◾പൂവാറില്‍ വീട്ടമ്മയ്ക്കെതിരെ വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ച മുന്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. വിഴിഞ്ഞം ടൗണ്‍ഷിപ്പില്‍ മുഹമ്മദ് ഷാഫി (24) ആണ് അറസ്റ്റിലായത്. മറ്റൊരു സ്ത്രീയെകൊണ്ട് വിളിപ്പിച്ച് വ്യാജ ശബ്ദ സന്ദേശം നിര്‍മ്മിക്കുകയും ഫോണിലെ കാള്‍ ഹിസ്റ്ററിയില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പരും പേരും വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനാണ് മുഹമ്മദ് ഷാഫി പിടിയിലായത്.
◾ഹൈവേയില്‍ തോക്കു ചൂണ്ടി കാര്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കാഞ്ഞിരംകുന്നം കച്ചേരിപ്പറമ്പ് ചെറുമലയില്‍ വീട്ടില്‍ മുഹമ്മദ് മുഹ്സിന് (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ പതിമൂന്നു പേര് അറസ്റ്റിലായി. മാര്‍ച്ച് 31 ന് പൊന്നാനി സ്വദേശി സജീറിനെയും കാറുമാണ് തട്ടിക്കൊണ്ടുപോയത്.
◾തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ കമ്പനി ഉടമ പ്രവീണ്‍ റാണെ രാജ്യം വിടാതിരിക്കാന്‍ പൊലീസ് വിമാനത്താവളങ്ങളില്‍ അറിയിപ്പു നല്കി. പ്രവീണ്‍ റാണയ്ക്കെതിരെ 18 കേസുകളാണ് ഫയല്‍ ചെയ്തത്.
◾കാസര്‍കോട് കറന്തക്കാട് പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 1750 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു. കോട്ടയം മറിയപ്പള്ളി സ്വദേശി മനു കെ ജയനെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
◾കൊല്ലം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും മദ്യലഹരിയില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ആയൂര്‍ സ്വദേശി വിജിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കാലിലേറ്റ പരിക്കിനു ചികിത്സ തേടിയാണ് വിജിന് ആശുപത്രിയില്‍ എത്തിയത്.
◾മന്ത്രവാദി ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനെയാണ് അറസ്റ്റു ചെയ്തത്.
◾ചിതറയില്‍ വടിവാളും വളര്‍ത്തുനായയുമായി വീട്ടില്‍ അതിക്രമം കാണിച്ചയാളെ പിടികൂടാനായില്ല. നായയെ അഴിച്ചുവിട്ട് ഗേറ്റു പൂട്ടിയിട്ടിരിക്കുകയാണ്. ഇന്നലെയാണ് വടിവാളും വളര്‍ത്തുനായയുമായി കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സജീവ് അക്രമം നടത്തിയത്.
◾കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനിടയിലാണ് യുവതി മരിച്ചത്. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നെന്നും പൊലീസ് പറഞ്ഞു.
◾കാപ്പ ചുമത്തിയതിനു പിറകേ ഒളിവില്‍ പോയ പ്രതിയെ മാരാരിക്കുളം പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലൂഥര്‍ സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പുഞ്ചിരി അനൂപ് എന്ന അനൂപിനെ(26) കര്‍ണാടകയില്‍നിന്നാണു പിടികൂടിയത്.
◾തൃശൂര്‍ മുരിയാട് എംപറര്‍ ഇമ്മാനുവല്‍ വിശ്വാസ സമൂഹത്തിന്റെ ആസ്ഥാനത്തിനു മുന്നില്‍ കൂട്ടത്തല്ല്. സ്വത്തു മുഴുവന്‍ കൈക്കലാക്കിയ എംപറര്‍ ഗ്രൂപ്പുമായുള്ള ബന്ധം ഉപേക്ഷിച്ചവരും ഗ്രുപ്പിലെ വിശ്വാസികളും തമ്മിലാണ് ഏറ്റുമുട്ടിയത്. കാറില്‍ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയേയും കുടുംബത്തെയും മര്‍ദിച്ചെന്നാണു പരാതി.
◾വാഹനമിടിച്ച് തെരുവ് നായ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുക്കാനാവില്ലെന്നു ബോംബെ ഹൈക്കോടതി. ബൈക്ക് ഇടിച്ചു നായ ചത്തെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിക്കെതിരേ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് ഇരുപതിനായിരം രൂപ ഈടാക്കി വിദ്യാര്‍ത്ഥിക്കു നല്‍കണമെന്നും കോടതി. പാര്‍ട്ട് ടൈം ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മാനസ് ഗോഡ് ബോലെ (20) ക്കെതിരായ എഫ്ഐആര്‍ കോടതി റദ്ദാക്കി. ഒരു നായപ്രേമിയുടെ പരാതിയിലാണ് പോലീസ് വിദ്യാര്‍ത്ഥിക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
◾ഡല്‍ഹി കോര്പറേഷന് മേയര്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേതിനു മുമ്പു നടത്തിയതിനെതിരെ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പത്തു പേരുടെ സത്യപ്രതിജ്ഞ ആദ്യം നടത്തിയതാണ് ബഹളത്തിന് ഇടയാക്കിയത്.
◾അനസ്തേഷ്യ സ്വയം കുത്തിവച്ച് വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ഭോപ്പാലിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ 24 കാരിയായ ആകാന്‍ഷ മഹേശ്വരിയാണ് ഇങ്ങനെ ജീവനൊടുക്കിയത്.
◾ന്യൂയോര്‍ക്ക് – ഡല്‍ഹി വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തേക്കു മൂത്രമൊഴിച്ച കേസിലെ പ്രതിയും വ്യവസായിയുമായ ശങ്കര്‍ മിശ്രക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. വ്യാജ മേല്‍വിലാസമാണ് പ്രതി പൊലീസിനു നല്‍കിയിരുന്നത്. ഇയാള്‍ താമസിക്കുന്നത് ലക്നൗവിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേസമയം, തനിക്കെതിരെ അതിക്രമം ഉണ്ടായശേഷം സീറ്റ് മാറ്റികിട്ടാന്‍ അരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നെന്നു പരാതിക്കാരി വെളിപെടുത്തി.
◾ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 നേതാക്കള്‍ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തി. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
◾മധ്യപ്രദേശില്‍ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. മധ്യപ്രദേശിലെ റേവയിലെ ഡ്രുമ്രി ഗ്രാമത്തിലെ ക്ഷേത്ര മകുടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിശീലന വിമാനമാണ് തകര്‍ന്നത്.
◾അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ഗൃഹനാഥന് ഭാര്യയും മക്കളും അടക്കം കുടുംബത്തിലെ ഏഴു പേരെ വെടിവച്ച് കൊന്നശേഷം ആത്മഹത്യ ചെയ്തു. അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതിനു പിറകേയാണ് 42 കാരനായ മൈക്കല്‍ ഹെയ്റ്റ് കൂട്ടക്കൊല ചെയ്തത്.
◾സഹോദരനും ബ്രിട്ടീഷ് കിരീടാവകാശിയുമായ വില്യം രാജകുമാരന് തന്നെ കയ്യേറ്റം ചെയ്തെന്ന് ഹാരി രാജകുമാരന്. അടുത്തയാഴ്ച പ്രകാശനം ചെയ്യുന്ന ‘സ്പെയര്‍’ എന്ന ഹാരി രാജകുമാരന്റെ ആത്മകഥയിലാണ് ഈ വെളിപെടുത്തല്‍. മേഗനുമായുള്ള വിവാഹ ശേഷമാണ് സഹോദരനുമായുള്ള ബന്ധം ഉലഞ്ഞത്. 2019 ല്‍ ലണ്ടനിലെ ഹാരിയുടെ വസതിയില്‍ വെച്ചാണ് വില്യം കൈയേറ്റം ചെയ്തതെന്നാണ് വെളിപെടുത്തല്‍.
◾തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്ന സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. ഇന്നല 160 രൂപ കുറഞ്ഞിരുന്നു. ഇതോടെ സംസ്ഥാന വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 40000 ലേക്ക് താഴ്ന്നു. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് സ്വര്‍ണവില ഉയര്‍ന്നത്. വിപണിയില്‍ ഇന്നത്തെ വില 40,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. രണ്ട് ദിവസമായി 65 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5090 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4205 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വെള്ളിയുടെ വില ഇടിയുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ വിപണിയിലെ വില 74 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
◾സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഗ്യാലക്സി എ14 5ജി അവതരിപ്പിച്ചു. പുതിയ ഫോണ്‍ യുഎസിലാണ് അവതരിപ്പിച്ചത്. 2023 ല്‍ ലോഞ്ച് ചെയ്യുന്ന സാംസങ്ങിന്റെ ആദ്യത്തെ സ്മാര്‍ട് ഫോണാണിത്. മീഡിയടെക് ഡൈമന്‍സിറ്റി 700 ആണ് പ്രോസസര്‍. പുതിയ ഹാന്‍ഡ്സെറ്റ് വൈകാതെ തന്നെ ഇന്ത്യയിലും എത്തുമെന്നാണ് കരുതുന്നത്. 64 ജിബി സ്റ്റോറേജ് പതിപ്പിന് യുഎസിലെ വില 199.99 ഡോളര്‍ ( ഏകദേശം 16,500 രൂപ) ആണ്. സില്‍വര്‍, മെറൂണ്‍, ബ്ലാക്ക്, ഗ്രീന്‍ നിറങ്ങളിലാണ് ഗ്യാലക്സി എ14 5ജി എത്തുന്നത്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 5.0 ലാണ് ഗ്യാലക്സി എ14 5ജി പ്രവര്‍ത്തിക്കുന്നത്. 90ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് പിഎല്‍എസ് എല്‍സിഡി ഡിസ്പ്ലേയാണ് ഹാന്‍ഡ്സെറ്റിന്റെ സവിശേഷത. 4ജിബി റാമിനൊപ്പം ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 700 ആണ് പ്രോസസര്‍. 13 മെഗാപിക്സലിന്റേതാണ് സെല്‍ഫി ഷൂട്ടര്‍. ഡിസ്പ്ലേയില്‍ വാട്ടര്‍ഡ്രോപ്പ്-സ്റ്റൈല്‍ നോച്ചും ഉണ്ട്. 15വാട്ട് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.
◾ഉണ്ണി മുകുന്ദന് നായകനാവുന്ന അടുത്ത ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മിണ്ടിയും പറഞ്ഞും’ എന്നാണ് പേരിട്ടിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടു. ‘നീയേ നെഞ്ചില്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരിയാണ്. സൂരജ് എസ് കുറുപ്പ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മൃദുല വാര്യര്‍ക്കൊപ്പം ഗാനം ആലപിച്ചിരിക്കുന്നതും സൂരജ് ആണ്. ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിക്കുമൊപ്പം ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാര്‍വ്വതി, ഗീതി സംഗീത, സോഹന്‍ സീനുലാല്‍, ആര് ജെ മുരുകന്, പ്രശാന്ത് മുരളി, ആതിര സുരേഷ്, ആര് ജെ വിജിത, ശിവ ഹരിഹരന് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനൊപ്പം മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
◾സണ്ണി ഡിയോള്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗദാര്‍ 2’. 2001ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റായ ചിത്രം ‘ഗദാര്‍: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഇത്. അനില്‍ ശര്‍മ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഓഗസ്റ്റ് 11നായിരിക്കും റിലീസ്. ‘താരാ സിംഗാ’യി സണ്ണി ഡിയോള്‍ ചിത്രത്തില്‍ എത്തുമ്പോള്‍ സക്കീനയായി അമീഷ പട്ടേല്‍ ആണ് അഭിനയിക്കുന്നത്. നജീബ് ഖാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രണ്‍ബിര്‍ കപൂര്‍ ചിത്രവും റിലീസ് തീരുമാനിച്ചിട്ടുണ്ട്. ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ആനിമല്‍’ ആണ് റിലീസിന് തയ്യാറായിരിക്കുന്നത്. ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം ചെയ്യുന്നത്. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ രണ്‍ബിര്‍ കപൂറിന്റെ നായികാ വേഷത്തില്‍ രശ്മിക മന്ദാനയാണ് എത്തുക.
◾അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ എല്‍എംഎല്‍ ജനുവരി 11 മുതല്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. ഈ ഓട്ടോ എക്സ്പോയില്‍ എല്‍എംഎല്ലിന്റെ ഏറ്റവും വലിയ ആകര്‍ഷണം വരാനിരിക്കുന്ന സ്റ്റാര്‍ ഇലക്ട്രിക് സ്കൂട്ടറായിരിക്കും. മൂണ്‍ഷോട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഓറിയോണ്‍ ഇലക്ട്രിക് ബൈക്കും ഉള്‍പ്പെടെ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായിട്ടാണ് എല്‍എംഎല്‍ വിപണിയിലേക്ക് തിരിച്ചെത്തിയത്. ഈ വര്‍ഷം തന്നെ കമ്പനിക്ക് ഈ ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കാന്‍ സാധിക്കും. പൂര്‍ണ്ണമായും ഡിജിറ്റല്‍ സ്ക്രീന്‍, നീക്കം ചെയ്യാവുന്ന ബാറ്ററി, ടയര്‍ മര്‍ദ്ദം നിരീക്ഷണം, 1.10 മുതല്‍ 1.30 ലക്ഷം വരെയാണ് വില എന്നിവയാണ് വാഹനത്തിന്റെ സവിശേഷത. സ്കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു. എല്‍എംഎല്ലിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം. ഇപ്പോള്‍ ബുക്കിംഗിനായി തുക ചെലവഴിക്കേണ്ടതില്ല.
◾ആലഭാരങ്ങളില്ലാതെ നല്ലൊരു കഥ എഴുതാന്‍ സിദ്ധി മാത്രമല്ല നിഷ്ഠയും സാധനയുമാവശ്യമുണ്ട്. സലീം ഷെരീഫിന്റെ ഓരോ കഥയിലും കാണാം ചെറിയ ചെറിയ അതിശയങ്ങളുടെ ചാരുത. ചുരുങ്ങിയ വാക്കുകള്‍കൊണ്ട് നിഗൂഢത യുണ്ടാക്കുകയും അഴിച്ചുനീക്കുകയും ചെയ്യുന്ന വിരുത്. ഭാവനയ്ക്കും ജീവിതത്തിനുമിടയിലെ അതിരിനെക്കുറിച്ച് കൃത്യമായ ബോധ്യം. വെള്ളക്കടലാസിനു മുന്നില്‍ തപസ്സിരിക്കുന്നവന്റെ പേനയില്‍നിന്ന് അട്ടകള്‍ ഇറങ്ങിവരുന്നു. ഉണര്‍ന്നു കിടക്കുന്നവന്റെ നിഴല്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. പൂക്കള്‍ വിഷമാകുന്നു. അടുത്ത നൊടിയില്‍ അവ യാഥാര്‍ത്ഥ്യത്തിലേക്കു മടങ്ങുകയായി. പുതുകഥയുടെ യൗവനം സലീം ഷെരീഫിന്റെ കഥകളില്‍ നിറഞ്ഞു നില്ക്കുന്നു. ‘പൂക്കാരന്’. ഡിസി ബുക്സ്. വില 189 രൂപ.
◾പാദങ്ങളില്‍ മിക്കപ്പോഴും തണുപ്പോ മരവിപ്പോ അനുഭവപ്പെടുന്നത് കൊളസ്ട്രോളിന്റെ ലക്ഷണമാകാം. ഏത് കാലാവസ്ഥയിലാണെങ്കിലും വിട്ടുമാറാത്ത തണുപ്പ് പാദങ്ങളില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമായെന്ന് ഊഹിക്കാം. ഒരുപക്ഷേ, ഇത് രണ്ടുകാലിലും അനുഭവപ്പെടണമെന്നില്ല, ഏതെങ്കിലും ഒരു കാലില്‍ മാത്രമായിരിക്കും ഇത്തരം ലക്ഷണങ്ങള്‍ കാണുക. അതുപോലെ നടക്കുമ്പോള്‍ മാത്രം മലബന്ധം അനുഭവപ്പെടുന്നതും കൊളസ്ട്രോളിന്റെ ലക്ഷണമാകാം. നടക്കുമ്പോള്‍ മാത്രമാണ് ഈ പ്രശ്നം, എന്നാല്‍ വിശ്രമിക്കുമ്പോള്‍ ഇല്ലെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊളസ്ട്രോള്‍ പ്രധാനമായും രണ്ടുതരമാണുള്ളത്. എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന നല്ല കൊളസ്ട്രോളും എല്‍ഡിഎല്‍ എന്ന മോശം കൊളസ്ട്രോളും. എല്‍ഡിഎല്‍ ആണ് വില്ലന്‍. ഇത് അധികമാകുന്നത് രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകാന്‍ ഇടയാക്കും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹമാണ് ഇത്തരത്തില്‍ തടസപ്പെടുന്നതെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വരെയുണ്ടാകാന്‍ സാധ്യതയുണ്ട്. ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങള്‍ കാലിന്റെ മരവിപ്പ്, ബലഹീനത, കാലുകളിലെയോ പാദങ്ങളിലെയോ നാഡിമിടിപ്പ് ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ തീരെ ദുര്‍ബലമാവുകയോ ചെയ്യുക, കാലുകളില്‍ ചര്‍മ്മത്തിന്റെ നിറവ്യത്യാസം, കാല്‍വിരലുകളുടെ മന്ദഗതിയിലുള്ള വളര്‍ച്ച, കാല്‍വിരലുകളിലോ പാദങ്ങളിലോ കാലുകളിലോ ഉണ്ടാകുന്ന വ്രണങ്ങള്‍ ഇത്തരം ലക്ഷണങ്ങള്‍ പെരിഫറല്‍ ആര്‍ട്ടറി ഡിസീസിന്റേതാകാം. കൊളസ്ട്രോള്‍ വര്‍ധിക്കുന്നത് മൂലവും ഈ അവസ്ഥ ഉണ്ടാകാം എന്നതിനാല്‍ കൃത്യസമയത്ത് ചികിത്സ തേടാന്‍ മടി കാണിക്കരുത്. അതേസമയം, തടസം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും അനുഭവപ്പെട്ടേക്കാം. മുട്ടുവേദനയും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ അവഗണിക്കാതെ കൊളസ്ട്രോള്‍ പരിശോധന നടത്തണം. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിറ്റാല്‍ സ്ട്രോക്കിനും ഹൃദയാഘാതത്തിനും വരെ ഇടയാക്കും. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ച വ്യായാമവും പോഷകാഹാരവും ശീലമാക്കിയാല്‍ കൊളസ്ട്രോള്‍ നിയന്ത്രണവിധേയമാക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.68, പൗണ്ട് – 98.28, യൂറോ – 86.99, സ്വിസ് ഫ്രാങ്ക് – 89.09, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.80, ബഹറിന്‍ ദിനാര്‍ – 219.40, കുവൈത്ത് ദിനാര്‍ -269.52, ഒമാനി റിയാല്‍ – 214.83, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.51, ഖത്തര്‍ റിയാല്‍ – 22.71, കനേഡിയന്‍ ഡോളര്‍ – 60.85.