നോട്ടുനിരോധനക്കേസിന്റെ വിധി ജനുവരി ആദ്യവാരം . 2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറയുക.ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ് എ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർക്കാരിനും റിസർവ്വ് ബാങ്കിനും കത്തയച്ചിരുന്നു.
കേന്ദ്ര സർക്കാറിനായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും റിസർവ് ബാങ്കിനായി അവരുടെ അഭിഭാഷകനും ഹാജരായപ്പോൾ
ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. .
ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാൻ എന്നിവരും ഹാജരായി.
500, 1000 കറൻസി നോട്ടുകൾ അസാധുവാക്കിയതിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും ഹർജിക്കാർക്കുവേണ്ടി ചിദംബരം വാദിച്ചത്. കേന്ദ്ര സർക്കാരിന് സ്വന്തമായി തീരുമാനമെടുക്കാനാകില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിന്റെ ശുപാർശയിൽ മാത്രമേ നോട്ടുനിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് കഴിയൂവെന്നും എന്നാൽ ഇവിടെ കേന്ദ്രം സ്വന്തമായാണ് തീരുമാനിച്ചതെന്നും
അദ്ദേഹം വാദിച്ചു.