ഭാഷ ഒരു വംശത്തിന്റെ രക്തത്തിലലിഞ്ഞതാണെന്നും അത് നശിച്ചാൽ വംശവും ഇല്ലാതാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ് ഭാഷയോടുള്ള അവഗണന ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെന്നൈയിൽ നടന്ന തമിഴ്ഇസൈ സംഘത്തിന്റെ
80-ാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴിനെ അവഗണിക്കുന്നുണ്ടെന്നും തമിഴ് പാട്ടുകൾ പാടുന്നതിനെ ചിലർ വിലക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി തമിഴ് നാട് നിരവധി സാംസ്കാരികാധിനിവേശങ്ങൾ നേരിട്ടിട്ടുണ്ട്. വിദേശാധിപത്യത്താൽ ഒരു പാട് കഷ്ടപ്പെട്ട നാടാണ് തമിഴ്നാട്. തമിഴിനേക്കാൾ പ്രാധാന്യം മറ്റൊരു ഭാഷയ്ക്കും നൽകില്ല എന്ന് പറയുന്നത് മറ്റു ഭാഷകളോട് വെറുപ്പുണ്ടായിട്ടല്ല എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെപി. സർക്കാർ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുകയാണ്. എത്ര ഭാഷകൾ വേണമെങ്കിലും ഒരാൾക്ക് പഠിക്കാം. എന്നാൽ ഒരു ഭാഷ അടിച്ചേൽപ്പിക്കുന്നത് ശരിയായ പ്രവണതയല്ല. അത് തമിഴ് നാടിന് അംഗീകരിക്കാനാവില്ല എന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.