പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോര്‍പ്പറേഷൻ്റെ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ കോര്‍പ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും അടിയന്തരപ്രമേയത്തിന് അനുമതി തേടി. അക്കൗണ്ട് തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തിരികെ ലഭിച്ചെന്നും ഇനി പലിശ മാത്രമാണ് ലഭിക്കാൻ ബാക്കിയുള്ളതെന്നും മേയര്‍ പറഞ്ഞു. പലിശ നൽകാമെന്ന് ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.
വിശദീകരണം നൽകിയ ശേഷം പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെന്നും അതിനാൽ അനുമതി നിഷേധിക്കുന്നുവെന്നും മേയര്‍ അറിയിച്ചു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ കൗണ്‍സിൽ നടപടികൾ മേയര്‍ അൽപസമയത്തേക്ക് നിര്‍ത്തിവച്ചു. സഭാ ചട്ടം ലംഘിച്ചതിന് പ്രതിഷേധത്തിൽ പങ്കെടുത്ത കൗൺസിലർമാരെ സസ്‌പെന്റ് ചെയ്തതായി മേയർ പ്രഖ്യാപിച്ചു. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ നിശ്ചയിച്ച അജണ്ട പാസാക്കി കൗൺസിൽ പിരിയുകയും ചെയ്തു.