◾അരുണാചല്‍ പ്രദേശിലെ തവാങില്‍ ഉണ്ടായ സംഘര്‍ഷത്തിനു മുന്‍പ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് ഡ്രോണുകളെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചു തകര്‍ത്തു. രണ്ടിലധികം തവണ ഡ്രോണുകള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കരികില്‍ എത്തിയെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം ബഹളംവച്ചു.
◾അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍. ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തി. ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി. സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറായ കേരള ഗവര്‍ണറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്ന് യുജിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഗവര്‍ണര്‍ നിയമിച്ച സിസ തോമസിന് വിസിയായി തുടരാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീലും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്‍ നിയമസഭയില്‍. വൈസ് ചാന്‍സലറുടെ ഒഴിവുണ്ടായാല്‍ ചാന്‍സലര്‍ പ്രോവൈസ് ചാന്‍സലറുമായി ആലോചിച്ചു പകരം ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന ഭേദഗതിയോടെയാണ് ബില്‍ അവതരിപ്പിച്ചത്.
◾ചാന്‍സലര്‍ ബില്ലില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലര്‍ എന്ന ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം. വിരമിച്ച സുപ്രീംകോടതി ജഡ്ജിയേയോ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ ചാന്‍സലര്‍ ആക്കാം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന പ്രത്യേക സമിതിയാകണം നിയമനം നടത്തേണ്ടത്. 14 സര്‍വകലാശാലകള്‍ക്കു 14 വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
◾സംസ്ഥാനത്തെ ഭരണം ഗവര്‍ണര്‍ എറ്റെടുത്ത പ്രതീതിയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശമനുസരിച്ചു വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍. യൂണിവേഴ്സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖
◾കേരള സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതെന്നും നിയമനം സുപ്രീം കോടതി റദ്ദാക്കിയെന്നും ബിജെപി എംപി രാജ്യസഭയില്‍. ഉത്തര്‍പ്രദേശില്‍നിന്നുള്ള രാധാമോഹന്‍ അഗര്‍വാളാണ് കേരള സര്‍ക്കാരിനെതിരേ ആരോപണം ഉന്നയിച്ചത്.
◾കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചക്കു കാരണം കേന്ദ്ര നയങ്ങളും കാലാവസ്ഥയുമാണെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍. റബ്ബറിന്റെ താങ്ങുവില കൂടി. താങ്ങുവില ഉയര്‍ത്താതെ കേന്ദ്രം നിഷേധാത്മക നയത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവുമൂലം കര്‍ഷകരനുഭവിക്കുന്ന പ്രതിസന്ധി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു കൃഷിമന്ത്രി.
◾പിവി ശ്രീനിജിന്‍ എംഎല്‍എയ്ക്കെതിരായ ജാതീയ അധിക്ഷേപ കേസില്‍ സാബു എം ജേക്കബിനെയും മറ്റു പ്രതികളേയും അറസ്റ്റു ചെയ്യുന്നതു ഹൈക്കോടതി വിലക്കി. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കോടതി നാളെ വാദം കേള്‍ക്കും. ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു ജഡ്ജി ബദറുദീന്‍ പിന്‍മാറിയിരുന്നു.
◾കോണ്‍ഗ്രസ് വിട്ട മുന്‍കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസ് ശശി തരൂരുമായി ഇന്നു വൈകുന്നേരം കൂടിക്കാഴ്ച നടത്തും. തന്റെ ചുമതലയിലുള്ള ട്രസ്റ്റിന്റെ പരിപാടിക്കു തരൂരിനെ ക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നു കെ.വി തോമസ് പറഞ്ഞു.
◾
◾വിസ്മയ കേസില്‍ പത്തു വര്‍ഷം തടവും 12.55 ലക്ഷം രൂപയുടെ പിഴയും അടങ്ങുന്ന ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതി കിരണ്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അപ്പീലില്‍ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്ന ആവശ്യമാണു തള്ളിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിലാണു ഭര്‍ത്താവ് കിരണിനെ ശിക്ഷിച്ചത്.
◾പോത്തന്‍കോട് പ്രഭാത നടത്തത്തിനിടെ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. പൊയ്കവിള സ്വദേശി സൈമണ്‍ (66) ആണ് മരിച്ചത്. നിര്‍ത്താതെ ഓടിച്ചു പോയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾ആണും പെണ്ണും തമ്മില്‍ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം കേരളീയ – ഭാരതീയ സംസ്‌കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. മതത്തിന്റെ മാത്രം പ്രശ്നമല്ല. ആണും പെണ്ണും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ച രീതി പെട്ടെന്നു മാറ്റില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്നലെ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെപറ്റി സിപിഎം പറഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരും യോജിച്ച് പോകണമെന്നാണ് സമസ്തയുടെ ആഗ്രഹം. അദ്ദേഹം പറഞ്ഞു.
◾കാസര്‍കോട് ചെക്കിപ്പള്ളം സുബൈദ കൊലക്കേസില്‍ ഒന്നാം പ്രതി കോട്ടക്കണ്ണിയിലെ അബ്ദുള്‍ ഖാദര്‍ കുറ്റക്കാരനാണെന്ന് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. മൂന്നാം പ്രതി മാന്യയിലെ അര്‍ഷാദിനെ വെറുതെവിട്ടു. കേസിലെ രണ്ടാം പ്രതി അബ്ദുള്‍ അസീസ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
◾തൃശൂരില്‍ ഇസ്ര വെല്‍നെസ് സെന്റര്‍ ഉടമയായ വ്യാജ ഡോക്ടറെ അറസ്റ്റു ചെയ്തു. സന്ധിവേദനയ്ക്ക് ഒപി ചികില്‍സ നടത്തിയിരുന്ന ഫാസില്‍ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനാനുമതിയില്ലാത്ത സ്ഥാപനമാണെന്നു കണ്ടെത്തിയിരുന്നു.
◾മദ്യപിച്ചു ലക്കുകെട്ട് പ്രായപൂര്‍ത്തിയാകാത്ത മക്കളെ മര്‍ദ്ദിച്ചതിനു മക്കളുടെ പരാതിയില്‍ പ്രതിയായ പിതാവ് തൂങ്ങി മരിച്ച നിലയില്‍. വാളാട് കണ്ണിമൂല കുടിയിരിക്കല്‍ ആന്റണി(45)യാണ് മരിച്ചത്. പത്തും പതിമൂന്നും വയസായ കുട്ടികളാണു ബന്ധുക്കളുടെ ഉപദേശമനുസരിച്ചു പോലീസില്‍ പരാതി നല്‍കിയത്. വെല്‍ഡിങ് ജോലിക്കാരാനാണ് ആന്റണി. ഭാര്യ ഷാന്റി മൂന്നു മാസം മുമ്പാണു വിദേശത്തു ജോലിക്കു പോയത്.
◾അടൂരില്‍ ലോഡ്ജു മുറിയില്‍ യുവാവ് തൂങ്ങി മരിച്ചു. കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾പോളിയോ ബാധിതയായ യുവതിയെ പീഡിപ്പിച്ചശേഷം 80 പവന്‍ സ്വര്‍ണവും 40 ലക്ഷം രൂപയും തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങി. മുണ്ടക്കയത്തു താമസിക്കുന്ന നാഗര്‍കോവില്‍ സ്വദേശിയായ മുപ്പതുകാരി ഷിയയുടെ പരാതിയില്‍ ആന്‍ഡ്രൂ സ്പെന്‍സര്‍ എന്നയാള്‍ക്കെതിരേ കേസെടുത്തു. 2015 ലാണ് ഇവര്‍ വിവാഹിതരായത്.
◾കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ചികില്‍സാ സഹായമായി ലഭിച്ച ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പോത്തന്‍കോട് പോലിസ് കേസെടുത്തു. 2018 ല്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഇന്ദിരയുടെ മകന്‍ ഷിജുവിന്റെ വീഡിയോ എടുത്തു പ്രചരിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഇന്ദിരയുടെ പരാതിയനുസരിച്ചാണ് കേസ്.
◾അതിര്‍ത്തിയില്‍ ചൈനയുണ്ടാക്കിയ സംഘര്‍ഷത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം. വിഷയം ചര്‍ച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ചു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ, കര, നാവിക, വ്യോമസേനാ മേധാവിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
◾തിഹാര്‍ ജയിലില്‍ കഴിയുന്ന സാമ്പത്തിക തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫെന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയെന്ന് ഡല്‍ഹി പൊലീസ്. സുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിയെ ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്ന വ്യാജേന സുകേഷ് വിളിച്ചെന്നാണ് സുപ്രീംകോടതിയില്‍ പൊലീസ് വെളിപ്പെടുത്തിയത്. തട്ടിപ്പിനുള്ള ഒത്താശയ്ക്കായി ജയില്‍ അധികൃതര്‍ക്ക് ഒന്നര കോടി രൂപ സുകേഷ് കൈക്കൂലി നല്‍കിയെന്നും കോടതിയില്‍ വ്യക്തമാക്കി.
◾കേരള – കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. ആരു കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പൊലീസ് കേസെടുത്തത്. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമാണ്. ഗ്വാളിമുഖ കൊട്ടിയാടിയിലെ തേങ്ങവ്യാപാരി ഷാനവാസിന്റെ ഭാര്യ ഷഹദ (30), മകള്‍ ഷസ ഫാത്തിമ (മൂന്ന്) എന്നിവരാണു മരിച്ചത്.
◾തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ ചെന്നൈയ്ക്കടുത്തുള്ള തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെ മഴ പെയ്തപ്പോള്‍ വിഗ്രഹത്തെ ചൂടുന്ന മുത്തുക്കുട ചൂടിച്ചതു വിവാദമായി. പ്രതിഷ്ഠ നനയാതിരിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന കറുത്ത കുടയാണ് ചൂടിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനവുമായി ബിജെപി രംഗത്ത്.
◾ഭരണഘടന സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലൂന്നതാണു നല്ലതെന്നു പ്രസംഗിച്ച മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് രാജ പട്ടേരിയയെ അറസ്റ്റു ചെയ്തു. പ്രസംഗം വിവാദമായതോടെ കൊല്ലകയെന്നല്ല, പരാജയപ്പെടുത്തുക എന്നാണ് ഉദ്ദേശിച്ചതെന്ന വാദവുമായി അദ്ദേഹം തിരുത്താന്‍ ശ്രമിച്ചിരുന്നു.
◾ക്രിപ്റ്റോ കറന്‍സിയിലെ രാജാവായിരുന്ന സാം ബാങ്ക്മാന്‍ ഫ്രൈഡ് അറസ്റ്റില്‍. ബഹാമാസില്‍ വച്ചാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മാസം സഹസ്ഥാപനമായ എഫ്ടിഎക്‌സ് തകര്‍ന്നതോടെ അദ്ദേഹം പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു.
◾‘മെസ്സി വലിയ താരമാണ്. അദ്ദേഹത്തെ തടയുക എന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഞങ്ങള്‍ സജ്ജരാണ്. ഞങ്ങളുടെ മികച്ച കളി പുറത്തെടുക്കാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മത്സരത്തിനായി നമുക്ക് ശ്രമിക്കാം’ ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ചിന്റെ വാക്കുകളാണിത്. ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമിയില്‍ ക്രൊയേഷ്യ ഇന്ന് രാത്രി പത്ത് മണിക്ക് , ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന്, ലയണല്‍ മെസിയുടെ അര്‍ജന്റീനയുമായി ഏറ്റുമുട്ടും. ലോകംകണ്ട മികച്ച താരങ്ങളായ ഇരുവര്‍ക്കും അവസാന ലോകകപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന ടൂര്‍ണമെന്റില്‍ ആര്‍ക്കായിരിക്കും കിരീടത്തോടു കൂടി യാത്രയയപ്പു ലഭിക്കുക. ആദ്യ സെമി ഫൈനലിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഫുട്ബോള്‍ ലോകം ആവേശത്തിലാണ്.
◾ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ വില പണപ്പെരുപ്പം നവംബറില്‍ 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.88 ശതമാനമായി കുറഞ്ഞു. 11 മാസത്തിനിടെ ഇതാദ്യമായാണ് ചില്ലറ വില പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ക്ഷമതാ പരിധിയായ 26 ശതമാനത്തിനുള്ളില്‍ വരുന്നത്. ഈ ഒക്ടോബറില്‍ 6.77 ശതമാനമായിരുന്നതാണ് 5.88 ശതമാനമായി കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 4.91 ശതമാനമായിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബറില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 4.67 ശതമാനമായിരുന്നു, മുന്‍ മാസം 7.01 ശതമാനമായിരുന്നു. ജനുവരി മുതല്‍ റിസര്‍വ് ബാങ്കിന്റെ ക്ഷമതാ പരിധിയായ 6 ശതമാനത്തിന് മുകളില്‍ തുടര്‍ന്നതിന് ശേഷമാണ് ചില്ലറ വില പണപ്പെരുപ്പം 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയത്. 2021 ഡിസംബറില്‍ 5.66 ശതമാനമായിരുന്നു. പ്രധാനമായും ഭക്ഷ്യ വസ്തുക്കളുടെ വില കുറഞ്ഞു നില്‍ക്കുന്നതാണ് കുറയാന്‍ കാരണമെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ചില്ലറ പണപ്പെരുപ്പം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി 6.6% ആയാണ് ആര്‍.ബി.ഐ കണക്കുകൂട്ടുന്നത്. അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 5.9% ആയും 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 5% ആയും പിന്നീടത് കുറയും.
◾ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഫിനിറ്റി റീട്ടെയ്ല്‍ രാജ്യത്തുടനീളം ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന 100 സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. നവംബറില്‍, വിസ്‌ട്രോണിന്റെ ഇന്ത്യയിലെ ഏക ഉല്‍പ്പാദന കേന്ദ്രം 5000 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. കര്‍ണാടകയിലുള്ള ഉല്‍പ്പാദന കേന്ദ്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ പരാജയപ്പെട്ടാല്‍, ആപ്പിളിന്റെ ഇന്ത്യയിലെ മുന്‍നിര വെണ്ടര്‍മാരില്‍ ഒന്നായ തായ്വാനിലെ വിസ്‌ട്രോണുമായി ഒരു സംയുക്ത സംരംഭം ടാറ്റ പരിഗണിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും പുതിയ ഐഫോണ്‍ 14 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ അസംബിള്‍ ചെയ്യാന്‍ മറ്റൊരു കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി ഈ മാസം ആദ്യം ആപ്പിള്‍ അറിയിച്ചിരുന്നു. തായ്വാനീസ് നിര്‍മ്മാതാക്കളായ പെഗാട്രോണുമായാണ് ഇതിനായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
◾രജനികാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ജയിലറു’ടെ ക്യാരക്ടര്‍ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.
◾ഐശ്വര്യ രാജേഷ് നായികയാകുന്ന ‘ഫര്‍ഹാന’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ തന്നെ തിരക്കഥയും എഴുതുന്ന ചിത്രത്തിലെ ‘സറാ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. ഗോകുല്‍ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡ്രീം വാര്യര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. ‘പുലിമട’ എന്നാണ് ചിത്രത്തിന്റെ പേര്. ഐശ്വര്യ രാജേഷിന്റേതായി തമിഴില്‍ റിലീസ് ചെയ്യാനുള്ള ചിത്രം ‘ധ്രുവ നച്ചത്തിരം’ ആണ്.
◾ആഗോളതലത്തില്‍ വാഹനങ്ങളുടെ മികവ് പരിശോധിക്കുന്ന ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാറുകളും കരസ്ഥമാക്കി മഹീന്ദ്ര സ്‌കോര്‍പിയോ എന്‍. പുതുക്കിയ സുരക്ഷാ പരിശോധനയുടെ ഭാഗമായ പ്രോട്ടോക്കോളുകളാണ് മഹീന്ദ്രയുടെ ബിഗ്ഡാഡി എന്നറിയപ്പെടുന്ന വാഹനം മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കിയത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാറുകളും കുട്ടികളുടെ സുരക്ഷയില്‍ 3 സ്റ്റാറുകളുമാണ് വാഹനം നേടിയത്. ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയ സ്‌കോര്‍പിയോ എന്‍ എന്ന വാഹനത്തിന്റെ വിവിധ വകഭേദങ്ങളുടെ വില 11.99 ലക്ഷം മുതല്‍ 21.65 ലക്ഷം രൂപവരെയാണ്. സെഡ്2, സെഡ്4, സെഡ്6, സെഡ്8, സെഡ്8എല്‍ എന്നിങ്ങനെ വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. 203 എച്ച്പി 380 എന്‍എം കരുത്ത് നല്‍കുന്ന 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 175 എച്ച്പി 400 എന്‍എം കരുത്തിന്റെ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡല്‍ എന്നിവയും സ്‌കോര്‍പിയോയ്ക്കുണ്ട്. ഇരു വാഹനങ്ങളിലും 6 സ്പീഡ് ഓട്ടമാറ്റിക് അല്ലെങ്കില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിന്റെ പിന്തുണയും ഉണ്ട്. ചില വാഹനങ്ങളില്‍ മാത്രമായി ഫോര്‍വീല്‍ ഡ്രൈവും നല്‍കിയിട്ടുണ്ട്.
◾ആത്മീയതയുടെ ചിറകിലേറി യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതകഥയാണിത്. ഏത് പ്രതിസന്ധിയിലും ഈശ്വരകടാക്ഷമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന് ഉറപ്പിച്ചു പറയുന്ന രചന. ”പ്രിയപ്പെട്ട പോക്കറ്റടിക്കാരന് സങ്കടപൂര്‍വ്വം” എന്ന കുറിപ്പ് മനോരമയില്‍ പ്രസിദ്ധീകരിച്ചു വന്നതില്‍ നിന്നുള്ള പ്രചോദനത്തില്‍നിന്ന് ഒരു എഴുത്തുകാരനായി മാറിയ ഒരാളുടെ കഥ. സാമൂഹിക ബോധത്തിനും കുടുംബജീവിതത്തിനും പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന ആത്മീയ ചൈതന്യം നിറഞ്ഞ നോവല്‍. ‘നിഴല്‍വെളിച്ചം’. തോമസ് കളത്തിപ്പറമ്പില്‍. ഗ്രീന്‍ ബുക്സ്. വില 123 രൂപ.
◾ഇരട്ട വാക്സീന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാനുള്ള സാധ്യത അധികമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനിതകപരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിന് പുതിയ വകഭേദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ നാള്‍തോറും വര്‍ധിച്ചു വരികയാണ്. പുതിയ വകഭേദങ്ങള്‍ക്ക് വ്യാപനശേഷിയും മനുഷ്യരുടെ പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടുന്നതിനുള്ള കഴിവും അധികമാണ്. കൊറോണ വൈറസിന് ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചെന്നും അതിനാല്‍ മുന്‍അണുബാധകളില്‍ നിന്നും വാക്സീനുകളില്‍ നിന്നും കൈവരിച്ച പ്രതിരോധശേഷി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും അടുത്തിടെ നടന്ന ഒരു പഠനവും ചൂണ്ടിക്കാണിക്കുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നതിലെ വിമുഖത, വാക്സീന്‍ എടുത്തവരുടെ പ്രതിരോധ സംവിധാനത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവ പുനരണുബാധയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കോവിഡ് വാക്സീനുകളുടെ കാര്യക്ഷമതയില്‍ ഉണ്ടാകുന്ന കുറവും വൈറസിന്റെ അതിവേഗ ജനിതകപരിണാമങ്ങളും മൂലം വാക്സീന്‍ എടുത്തവരിലെ കോവിഡ് മരണസംഖ്യ വര്‍ധിച്ചു വരികയാണ്. ഓരോ തവണയും കോവിഡ് ബാധിക്കപ്പെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട അപകട സാധ്യതയും വര്‍ധിക്കുന്നതായി അമേരിക്കയിലെ വെറ്ററന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡേറ്റ ഉപയോഗിച്ച് നടത്തിയ മറ്റൊരു പഠനവും മുന്നറിയിപ്പ് നല്‍കുന്നു. ആശുപത്രി വാസവും മരണസാധ്യതയും വീണ്ടും കോവിഡ് അണുബാധയുണ്ടാകുന്നവരില്‍ അധികമായിരിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അപകടസാധ്യത കൂടിയ മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ കര്‍ശനമായും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്ന് ആരോഗ്യ അധികൃതര്‍ നിര്‍ദേശിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.71, പൗണ്ട് – 101.53, യൂറോ – 87.30, സ്വിസ് ഫ്രാങ്ക് – 88.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.07, ബഹറിന്‍ ദിനാര്‍ – 219.40, കുവൈത്ത് ദിനാര്‍ -269.49, ഒമാനി റിയാല്‍ – 215.12, സൗദി റിയാല്‍ – 21.99, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 60.73.