കെ സുധാകരൻ നടത്തിയ ആർഎസ്എസ് അനുകൂല പരാമർശത്തിനെതിരെ കെപിസിസി നേതൃയോഗം. ഇരിക്കുന്ന സ്ഥാനത്തെ പറ്റി ഓരോരുത്തർക്കും കൃത്യമായ ബോധ്യം വേണമെന്നും, സ്വന്തം സ്ഥാനം മറന്ന് പ്രവർത്തിക്കുന്നത് ദോഷം ചെയ്യുമെന്നും നേതൃയോഗത്തിൽ ചൂണ്ടിക്കാട്ടി. എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കൾ സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചു.
കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ മുസ്ലീം ലീഗും, കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളും വിയോജിപ്പ് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ കെ സുധാകരന്റെ പ്രസ്താവന ചർച്ച ചെയ്തത്.
പാർട്ടി നേതാക്കൾ പൊതുവായ വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും, അഭിപ്രായങ്ങൾ പറയുകയും വേണം. നേതാക്കൾ ഒരേ വിഷയത്തിൽ തന്നെ പല അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകും.
രാഷ്ട്രീയകാര്യ സമിതി യോഗങ്ങള്‍ ഇടയ്ക്കിടെ ചേരണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നുവന്നു. നിർണ്ണായക വിഷയങ്ങളിൽ യോജിച്ച തീരുമാനം കൈക്കൊള്ളണമെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.