മേപ്പാടി പോളിടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തെച്ചൊല്ലി നിയമസഭയില്‍ ബഹളം. ഇരുപക്ഷവും പോരടിിച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മേപ്പാടി പോളി ടെക്‌നിക്കില്‍ യൂണിയനില്‍ കെഎസ് യു ജയിച്ചതോടെയാണ് എസ്എഫ്‌ഐക്കാര്‍ അക്രമവും കൂട്ടത്തല്ലുമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ലഹരിക്കേസില്‍ സസ്‌പെന്‍ഷനിലായ വിഷ്ണു എസ്എഫ്‌ഐ നേതാവാണ്. മര്‍ദ്ദനമേറ്റ അപര്‍ണ ഗൗരി തന്നെ വിഷ്ണുവിനെതിരെ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കിയെന്നും വിഡി സതീശന്‍ പറഞ്ഞതോടെയാണ് മന്ത്രിമാര്‍ അടക്കമുള്ള ഭരണപക്ഷം ബഹളം വച്ചത്.
സര്‍വകലാശാലകളുടെ ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഉന്നതവിദ്യഭ്യാസ രംഗം തകര്‍ക്കുന്ന നിയമമാണിത്. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ പ്രതിപക്ഷത്തിന്റെ തടസവാദങ്ങള്‍ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. (വെളിച്ചം കാണാത്ത നിയമം… https://youtu.be/V12k7hbVW2M )
മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത അഞ്ചു സ്വര്‍ണം നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അബൂബക്കര്‍ പഴേടത്തിന്റെ നാലു ജ്വല്ലറികളിലും വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. ഫൈന്‍ ഗോള്‍ഡ്, അറ്റ് ലസ് ഗോള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് സ്വര്‍ണത്തിനു പുറമേ, കണക്കില്‍ പെടാത്ത 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
ഡിസംബര്‍ ഒമ്പതാം തീയതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം ഇല്ല. എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എം വിന്‍സന്റ് ചൂണ്ടിക്കാട്ടി. എന്നാല്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. കെ സ്വിഫ്റ്റില്‍ ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വിഫ്റ്റിന്റെ ആസ്ഥി 10 വര്‍ഷത്തിനു ശേഷം കെഎസ്ആര്‍ടിസിയിലേക്ക് എത്തും. സ്വിഫ്റ്റ് രൂപീകരിച്ചത് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനാണെന്നും മന്ത്രി പറഞ്ഞു.
ലഹരിവലയെക്കുറിച്ച് സഭയില്‍ ചര്‍ച്ച വേണമെന്നു പ്രതിപക്ഷം. മാത്യു കുഴല്‍നാടന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നു മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്നു പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങള്‍ക്കു പിന്തുണ തുടരുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലഹരി ഉപയോഗത്തിനു ശേഷമുള്ള സ്ത്രീപീഡനം അടക്കമുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളാണ് അടിയന്തര പ്രമേയം കൊണ്ടുവരാന്‍ കാരണമെന്നും വിഡി സതീശന്‍ പറഞ്ഞു.
നേമം കോച്ച് ടെര്‍മിനല്‍ നിര്‍മ്മാണം മരവിപ്പിച്ചെന്ന് റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍. ഡിപിആര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് പരിശോധിച്ച ശേഷം പദ്ധതിയുമായി മുന്നോട്ടു പോയില്ല. തിരുവനന്തപുരത്ത് ടെര്‍മിനല്‍ വേണോയെന്ന് ദക്ഷിണ റെയില്‍വേ പരിശോധിക്കുകയാണ്. പഠന റിപ്പോര്‍ട്ട് വന്നശേഷമേ തുടര്‍ തീരുമാനം ഉണ്ടാകൂ. കേന്ദ്രമന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കുമെന്ന് നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേരളത്തിലെ ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്തില്‍ എത്ര കന്നുകാലികളുണ്ടെന്ന ചോദ്യത്തിന് അറിയില്ലെന്നു മൃഗസംരക്ഷണ വകുപ്പിന്റെ മറുപടി. പശുക്കളെ എത്തിച്ചും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 42.90 ലക്ഷം രൂപ കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. എത്ര കന്നുകാലികളുണ്ടെന്ന് റോജി എം. ജോണിന്റെ ചോദ്യത്തിനാണ് മന്ത്രി ഇങ്ങനെ മറുപടി നല്‍കിയത്.
ജാതി അധിക്ഷേപം നടത്തിയെന്ന പി.വി. ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനും ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കിനുമെതിരേ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസ്. കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായ താന്‍ വേദിയിലേക്കു കയറിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ വേദി വിട്ട് ഇറങ്ങിപ്പോയത് ജാതി അധിക്ഷേപമാണെന്നാണ് ശീനിജന്റെ പരാതി. പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണു സാബു എം ജേക്കബിനെ പ്രതിയാക്കിയത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് ജയന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ്. ജിനേഷ് പൊലീസ് കോണ്‍സ്റ്റബിള്‍ പിഎസ്‌സി റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നു. വധശ്രമക്കേസില്‍ പ്രതിയായതിനാലാണ് നിയമനം ലഭിക്കാതിരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിലാണ് ജിനേഷും ഉള്‍പ്പെട്ടത്.
മൊബൈല്‍ ഫോണിലൂടെ ഒന്‍പതാം ക്ലാസുകാരിയോട് അശ്ലീല കാര്യങ്ങള്‍ സംസാരിച്ച കണ്ണൂര്‍ കണ്ണവത്ത് ഡിവൈഎഫ്‌ഐ നേതാവ് പോക്‌സോ വകുപ്പില്‍ അറസ്റ്റിലായി. ഡിവൈഎഫ്‌ഐ കണ്ണവം മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി കാരി ബിനുവിന് ജാമ്യം നല്‍കരുതെന്ന് സംസ്ഥാനം സുപ്രിം കോടതിയില്‍. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട വ്യക്തിയാണെന്നും പത്തിലധികം കേസുകള്‍ നിലവിലുണ്ടെന്നും സംസ്ഥാനം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. 2015 ലാണ് സി ഐ ടി യു നേതാവായ സുനില്‍ ബാബുവിനെ കാരി ബിനു കൊലപ്പെടുത്തിയത്.
പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍. പ്രവേശന പരീക്ഷ എഴുതാത്ത മലപ്പുറം സ്വദേശിനിയാ പ്ലസ് ടു വിദ്യാര്‍ഥിനി ക്ലാസില്‍ കയറിയതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. തിരിച്ചറിയല്‍ പരിശോധന ഇല്ലാതെ ക്ലാസ് ആരംഭിച്ചതാണ് അനര്‍ഹയായ കുട്ടി ക്ലാസില്‍ വരാന്‍ കാരണം. നവംബര്‍ 29 നാണ് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയത്. 245 പേര്‍ക്കായിരുന്നു പ്രവേശനം.
ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിനു പകരം ബാര്‍കോഡ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജുകളിലെ അധ്യാപകര്‍ക്കും സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും പരിശീലനം തുടങ്ങി. ബിഎഡ് പരീക്ഷക്ക് പരീക്ഷിച്ചു വിജയിച്ച മാതൃക മറ്റു പരീക്ഷകള്‍ക്ക് കൂടി നടപ്പാക്കാനാണ് പരിശീലനം. ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ കഴിയുമെന്നതാണ് നേട്ടം.
സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ആക്രമണങ്ങള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഐ. എസ്.എഫ്.ഐയെ ഏക വിദ്യാര്‍ഥി സംഘടനയാക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ അജണ്ട അംഗീകരിക്കാനാവില്ലെന്ന് സിപിഐ പറഞ്ഞു. കൊല്ലം എസ്എന്‍ കോളേജിലെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച പശ്ചാത്തലത്തിലാണ് സിപിഐയുടെ വിമര്‍ശനം.
വിഴിഞ്ഞം പുനരധിവാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ 100 കോടി ചെലവിട്ട് മല്‍സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ഇന്‍ഷ്വര്‍ ചെയ്‌തെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു.
‘മിന്നല്‍ മുരളി’ സിനിമയുടെ സംവിധാനത്തിനു സംവിധായകന്‍ ബേസില്‍ ജോസഫിന് അന്താരാഷ്ട്ര പുരസ്‌കാരം. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സിലാണു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയത്.
ഗുജറാത്തിലെ തോല്‍വി പരിശോധിക്കുമെന്ന് കെ.സി വേണുഗോപാല്‍. ബൂത്ത് തലങ്ങളില്‍ നല്ല പ്രവര്‍ത്തനം നടന്നിരന്നു. ഗൗരവമായ തിരുത്തല്‍ നടപടികള്‍ ഉണ്ടാകും. ബിജെപി പേടിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. ഭാരത് ജോഡോ യാത്രയുടെ ഗുണം ഉടന്‍ ഉണ്ടാകില്ല, അത് തുടരുകയാണ്. ആംആദ്മി പാര്‍ട്ടി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇന്നു പ്രഥമ നിയമസഭാ കക്ഷിയോഗം. ജയിച്ചവരെയെല്ലാം ചണ്ഡീഗഡിലെ ഹോട്ടലിലേക്കു മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് സുഖ് വീന്ദര്‍ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ് എംപിയുടെ പേരും ചര്‍ച്ചയിലുണ്ട്.
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിലെ അന്തിമ കക്ഷി നില.
ഗുജറാത്ത്
ആകെ 182, ബിജെപി 156, കോണ്‍ഗ്രസ് 17, എഎപി 5, മറ്റുള്ളവര്‍ 4.
ഹിമാചല്‍ പ്രദേശ്
ആകെ 68, കോണ്‍ഗ്രസ് 40, ബിജെപി 25, എഎപി 0, മറ്റുള്ളവര്‍ 3.