◾യുദ്ധക്കളമായി മാറിയ വിഴിഞ്ഞം കൂടുതല്‍ സംഘര്‍ഷത്തിലേക്ക്. സജ്ജരാകാനും അവധി റദ്ദാക്കി തിരിച്ചെത്താനും പൊലീസിനു നിര്‍ദ്ദേശം. വിഴിഞ്ഞം തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികള്‍ തടഞ്ഞതോടെ ഇന്നലെ വിഴിഞ്ഞം യുദ്ധക്കളമായി മാറിയിരുന്നു. തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്ന തുറമുഖ കവാട പ്രദേശത്തുള്ളവരും എതിര്‍ക്കുന്ന മല്‍സ്യത്തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. പോലീസ് കൂടുതല്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്നാണു സൂചന. മറ്റു തീരമേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
◾വിഴിഞ്ഞം സമരത്തത്തില്‍നിന്നു പിന്നോട്ടില്ലെന്ന് ലത്തീന്‍ അതിരൂപത. തുറമുഖ നിര്‍മാണംമൂലം സ്വന്തം സ്ഥലവും കിടപ്പാടവും കടലെടുത്തുപോയവര്‍ക്കു ന്യായമായ പുനരധിവാസം ലഭിക്കുംവരെ സമരം തുടരും. ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നു സര്‍ക്കുലര്‍ വായിക്കും.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സുപ്രീം കോടതിപോലും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കൊപ്പമാണെന്നു പ്രസ്താവിച്ചതിനു മന്ത്രി ആര്‍. ബിന്ദുവിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന് അപേക്ഷ. ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് അപേക്ഷ നല്‍കിയത്.
◾കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയില്‍. വിസി നിയമനം നേരത്തെ കോടതിതന്നെ ശരിവച്ചതാണെന്നും വാദിച്ചു.
◾പ്രളയകാലത്ത് സംസ്ഥാനത്തു സൗജന്യമായി വിതരണം ചെയ്ത അരിയുടെ പണമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ബലം പ്രയോഗിച്ചു വാങ്ങിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പി രാജീവ്. 205.81 കോടി രൂപ അടച്ചില്ലെങ്കില്‍ കേരളത്തിനു നല്‍കേണ്ട ഭക്ഷ്യ സബ്സിഡിയില്‍നിന്ന് പിടിക്കുമെന്നാണ് കേന്ദ്രം മുന്നറിയിപ്പു നല്‍കിയത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖
◾ശശി തരൂര്‍ ദേശീയ പ്രസിഡന്റായ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ഇന്ന് കൊച്ചിയില്‍ നടത്തുന്ന കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഉദ്ഘാടന പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കാനായിരുന്നു തീരുമാനം. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് നേരിട്ടു പങ്കെടുക്കാത്തതെന്ന് സുധാകരന്‍.
◾കോണ്‍ഗ്രസില്‍ എല്ലാവരും തുല്യരാണെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകും. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത കാര്യമാക്കേണ്ടെന്നും ചെന്നിത്തല.
◾നെടുമങ്ങാട് ആനാട് സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ സുനിതയുടേതുതന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. മൃതദേഹാവശിഷ്ടങ്ങളുടെ സാമ്പിളും മക്കളുടെ രക്ത സാമ്പിളും പരിശോധിച്ചാണ് ഇക്കാര്യം ഉറപ്പാക്കിയത്. ഒമ്പതു വര്‍ഷത്തിനുശേഷമാണ് പൊലീസ് ഡിഎന്‍എ പരിശോധന നടത്തിയത്.
◾കേരളത്തില്‍ ജോണ്‍ ജോണിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ ജനതാദള്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിക്കും. ഡിസംബര്‍ 15 നു കൊച്ചിയിലാണ് ലയനം. കേരളത്തിലെ എല്‍ജെഡി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കു പോയപ്പോള്‍ വിയോജിച്ച് വിഭാഗമാണ് ആര്‍ജെഡിയില്‍ ലയിക്കുന്നത്.
◾താത്കാലിക നിയമനക്കത്ത് വ്യാജമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ തദ്ദേശസ്വയംഭരണ ഓംബുഡ്മാനു മൊഴി നല്‍കി. മേയറിന്റെ ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്തിട്ടില്ല. വ്യാജകത്തുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നും മേയര്‍ വ്യക്തമാക്കി.
◾കല്‍പ്പറ്റ തൃശിലേരി മുത്തുമാരിയില്‍ കാട്ടാന തെങ്ങ് ചവിട്ടി മറിച്ച് വീടിനു മുകളിലേക്കിട്ടു. ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയും കുഞ്ഞും അദ്ഭുതകരമായാണു രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മുത്തുമാരി പറത്തോട്ടിയില്‍ മോന്‍സിയുടെ വീട്ടില്‍ വാടകക്കു താമസിക്കുന്ന ചെല്ലിമറ്റം ഷിനോജിന്റെ ഭാര്യ സോഫിയേയും കുഞ്ഞിനേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍ക്കൂര തകര്‍ന്ന് തേങ്ങയും മറ്റും ദേഹത്ത് പതിക്കുകയായിരുന്നു.
◾ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിതെറിച്ച സംഭവത്തില്‍ നാലു കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. പാറശാല ഡിപ്പോ അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്.പി. ശിവന്‍കുട്ടി, മെക്കാനിക്കുമാരായ സി.ആര്‍.നിധിന്‍, പി.എച്ച്.ഗോപീകൃഷ്ണന്‍, ആര്‍. മനോജ് എന്നിവര്‍ക്കെതിരെയാണു നടപടി. എറണാകുളത്തു നിന്നു തിരുവനന്തപുരം കളിയിക്കവിളയിലേക്കു പോയ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ടയര്‍ ഊരിതെറിച്ച സംഭവത്തിലാണു നടപടി.
◾മോഷ്ടിച്ച തോക്കുമായി ജ്വല്ലറിയില്‍ മോഷണ ശ്രമം നടത്തിയയാളെ ജീവനക്കാര്‍ പിടികൂടി. കൊച്ചിയിലെ ജ്വല്ലറിയിലാണ് എയര്‍ഗണുമായി എത്തി തോക്കുചൂണ്ടി സ്വര്‍ണാഭരണങ്ങളടങ്ങിയ ട്രേ എടുത്ത് ഓടിയ പാലക്കാട് സ്വദേശി മനുവിനെ ജീവനക്കാര്‍ പിടികൂടിയത്. ഇയാളെ പോലീസിനു കൈമാറി.
◾ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തിയ ജീവനോടെ കത്തിച്ചു കൊന്ന കേസിലെ പ്രതി പിടിയിലായി. കൊല്ലപ്പെട്ട കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്‍ണിയുടെ അയല്‍വാസിയായ സജി എന്ന വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസ് ആണ് പിടിയിലായത്.
◾ഗായകന്‍ ശ്രീനാഥ് ശിവശങ്കരനും സംവിധായകന്‍ സേതുവിന്റെ മകള്‍ അശ്വതിയും തമ്മില്‍ കൊച്ചിയില്‍ വിവാഹിതരായി. ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അശ്വതി.
◾വിശാഖപ്പട്ടണത്തുനിന്ന് ചെന്നൈ – തിരുവനന്തപുരം മെയിലില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന പത്തേകാല്‍ കിലോഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് പിടികൂടി. നെയ്യാറ്റിന്‍കര വെള്ളറട സ്വദേശികളായ ബിജോയ് (25), ലിവിംഗ്സ്റ്റണ്‍ (21), മഹേഷ് (20) എന്നിവരാണ് പിടിയിലായത്.
◾കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലന്‍സിനു നേരെ മധ്യപ്രദേശിലെ ജബല്‍പൂര്‍ -റീവ ദേശിയപാതയില്‍ വെടിവയ്പ്. ഫറോക്കില്‍ ട്രെയിനിടിച്ചു മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കു പോകവേയാണ് ആക്രണമുണ്ടായത്. ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നതായും പോലീസില്‍ പരാതിപ്പെട്ടെന്നും ആംബുലന്‍സ് ഡ്രൈവര്‍ ഫഹദ് പറഞ്ഞു.
◾സഹപ്രവര്‍ത്തകരായ യുവതിക്കും യുവാക്കള്‍ക്കും എതിരെ സാദാചാര ആക്രമണം നടത്തിയ മൂന്നു പേരെ അറസ്റ്റു ചെയ്തു. സെയില്‍സ് എക്സിക്യൂട്ടീവുകളായ യുവതിക്കും രണ്ടു യുവാക്കള്‍ക്കും എതിരെയാണ് ആലപ്പുഴ മാന്നാറില്‍ സദാചാര ആക്രമണം ഉണ്ടായത്. ആക്രമിക്കപ്പെട്ട യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
◾കോതമംഗലത്ത് 100 കുപ്പി ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി എക്സൈസിന്റെ പിടിയിലായി. നാഘോന്‍ സ്വദേശി മുബാറക് ആണ് പിടിയിലായത്.
◾2002 ല്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തില്‍ കലാപകാരികളെ പാഠം പഠിപ്പിച്ച് ബിജെപി സമാധാനം സ്ഥാപിച്ചെന്ന അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്തിലെ കൂട്ടക്കൊലകളെ ന്യായീകരിക്കുന്നതാണ് അമിത് ഷായുടെ പരാമര്‍ശം. തെരഞ്ഞെടുപ്പു കാലത്ത് വിദ്വേഷം വളര്‍ത്താനാണ് ബിജെപിയും അമിത് ഷായും ശ്രമിക്കുന്നത്. ഇത്രയും ഗുരുതര പരാമര്‍ശം നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
◾കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനലംഘനങ്ങളില്‍ പ്രതിഷേധിച്ച് രാജ്ഭവനുകളിലേക്ക് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. താങ്ങുവില ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യവുമായി സംയുക്ത കിസാന്‍ മോര്‍ച്ചയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
◾ഡല്‍ഹി മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് സര്‍പ്പിച്ച കുറ്റപത്രത്തിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേരില്ല. റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായര്‍ ഉള്‍പ്പടെ ഏഴ് പേരെ പ്രതി ചേര്‍ത്ത് സിബിഐയും ഇന്നലെ മദ്യനയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
◾ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ നിര്‍മിക്കുമെന്നും ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ബിജെപി ഗുജറാത്ത് നിയമസഭാ പ്രകടന പത്രികയില്‍. പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
◾രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് സച്ചിന്‍ പൈലറ്റ് എഐസിസിയോട് ആവശ്യപ്പെട്ടു. താന്‍ ചതിയനാണെന്നും ബിജെപിയില്‍നിന്ന് ചില എംഎല്‍എമാര്‍ പണം കൈപ്പറ്റിയെന്നും മുഖ്യമന്ത്രി ഗെഹ്ലോട്ട് ആരോപിച്ചതില്‍ സച്ചിന്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം ഇരുകൂട്ടരുമായി എഐസിസി നേതാക്കള്‍ ചര്‍ച്ച നടത്തും.
◾പിഎസ്എല്‍വി സി 54 ദൗത്യം വിജയം. ഇന്ത്യന്‍ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍ സാറ്റ് 3 യും മറ്റ് എട്ടു നാനോ ഉപഗ്രഹങ്ങളും ഭ്രമണപഥങ്ങളില്‍ എത്തി. ഭൂട്ടാന്റെ ചെറു ഉപഗ്രഹവും ഏഴ് വാണിജ്യ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.
◾കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ തമിഴ്നാട്ടില്‍ കര്‍ഷകന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സേലം ജില്ലയിലെ 85 കാരനായ തങ്കവേലാണ് ഡിഎംകെ ഓഫീസിനു മുന്നില്‍ ജീവനൊടുക്കിയത്.
◾സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഡല്‍ഹി ഹൈക്കോടതിയില്‍. തന്റെ വ്യക്തിഗത വിവരങ്ങള്‍, ചിത്രങ്ങള്‍, ശബ്ദം എന്നിവ ഉപയോഗിക്കുന്നതിനെതിരേയാണ് കോടതിയെ സമീപിച്ചത്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍, കെബിസി, പുസ്തക പ്രസാധകര്‍, ടി-ഷര്‍ട്ട് വെണ്ടര്‍മാര്‍, വിവിധ ബിസിനസുകള്‍ തുടങ്ങിയവര്‍ തന്റെ പേരും ചിത്രവും ശബ്ദവും ദുരുപയോഗിക്കുന്നതു തടയണമെന്നാണ് ആവശ്യം.
◾ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സുരക്ഷാ സേന നാലു നക്സലുകളെ വെടിവെച്ചുകൊന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള ആക്രമണത്തിന് 50 നക്‌സലുകള്‍ ഒത്തുകൂടിയപ്പോള്‍ സൈന്യം ആക്രമിക്കുകയായിരുന്നുവെന്ന് ബസ്തര്‍ ഐജി പി സുന്ദര്‍രാജ് പറഞ്ഞു.
◾ഗുജറാത്തില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ജവാന്‍ രണ്ടു സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ജവാനാണ് എ കെ 47 തോക്ക് ഉപയോഗിച്ച് രണ്ട് ജവാന്മാരെ കൊന്നത്. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. വെടിവച്ച ജവാനെ അറസ്റ്റു ചെയ്തു.
◾മുതിര്‍ന്ന സിനിമ, സീരിയല്‍ നടന്‍ വിക്രം ഗോഖലെ പൂനെയില്‍ അന്തരിച്ചു. 77 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നു
◾റെയില്‍വേ യാഡില്‍ തുരങ്കമുണ്ടാക്കി ട്രെയിന്‍ എന്‍ജിന്‍ മോഷ്ടിച്ച മൂന്നു പേര്‍ അറസ്റ്റില്‍. ബീഹാറിലെ ബെഗുസരായ് ജില്ലയിലെ റെയില്‍വേ യാര്‍ഡിലാണു സംഭവം. അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന എന്‍ജിന്റെ വിവിധ ഭാഗങ്ങള്‍ മോഷ്ടിച്ച് തുരങ്കത്തിലൂടെ കടത്തുകയായിരുന്നു. അനേകം ദിവസങ്ങളിലായാണ് തുരങ്കത്തിലൂടെ എന്‍ജിന്‍ ഭാഗങ്ങള്‍ ഓരോന്നായി കടത്തിക്കൊണ്ടുപോയത്. എഞ്ചിന്‍ പൂര്‍ണമായും അപ്രത്യക്ഷമായപ്പോഴാണ് റെയില്‍വേ അധികൃതര്‍ക്ക് മോഷണ വിവരം മനസിലായുള്ളൂ. ആക്രിക്കടയില്‍നിന്നും 13 ചാക്ക് നിറയെ എഞ്ചിന്‍ ഭാഗങ്ങള്‍ കണ്ടെടുത്തു.
◾സൗദി അറേബ്യയില്‍ അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജ രേഖാനിര്‍മാണം, പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍ കഴിഞ്ഞ മാസം 138 പേരെ അറസ്റ്റ് ചെയ്തു. 308 പേര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയത്.
◾ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റാകാന്‍ മത്സരിക്കുമെന്ന് പി.ടി ഉഷ. അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണ തനിക്കുണ്ടെന്ന് രാജ്യസഭാംഗമായ പി.ടി ഉഷ പറഞ്ഞു.
◾ഖത്തര്‍ ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ അവസാനം വരെ പൊരുതിക്കളിച്ച ടൂണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തളച്ച് ഓസ്ട്രേലിയ. മിച്ചല്‍ തോമസ് ഡ്യൂക്ക് ആണ് ഓസ്ട്രേലിയക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ രണ്ട് കളിയില്‍ നിന്ന് മൂന്ന് പോയിന്റുമായി ഓസ്ട്രേലിയ ഗ്രൂപ്പ് ഡിയില്‍ രണ്ടാമതെത്തി.
◾ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ പോളണ്ടിന് രണ്ട് ഗോളിന്റെ ജയം. അര്‍ജന്റീനയെ തോല്‍പിച്ചിടത്തു നിന്ന് സൗദി തുടങ്ങിയെങ്കിലും ആദ്യപകുതിയിലെ 39-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ സൗദിക്ക് 44 -ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കാനും സാധിച്ചില്ല. ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പ്രകടനം പോളണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായി.
◾ഗ്രൂപ്പ് ഡിയിലെ കരുത്തന്‍മാരുടെ ഏറ്റുമുട്ടലില്‍ ഡെന്മാര്‍ക്കിനെതിരെ ഫ്രാന്‍സിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി വിജയിച്ച ഫ്രാന്‍സ് ആറ് പോയിന്റുമായി പ്രീക്വാര്‍ട്ടറിലെത്തി. മത്സരത്തിലൂടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം സൂപ്പര്‍ താരം എംബാപ്പേ നേടിയ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. ഡെന്മാര്‍ക്കിനായ് പ്രതിരോധതാരം ക്രിസ്റ്റിയന്‍സണാണ് ഗോള്‍ നേടിയത്. ആദ്യകളിയില്‍ ടുണീഷ്യയോട് സമനിലയില്‍ പിരിഞ്ഞ ഡെന്‍മാര്‍ക്ക് ഒരു പോയിന്റുമായ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്
◾ഇത് അര്‍ജന്റീനയുടെ തിരിച്ചുവരവ്. പാറപോലെ ഉറച്ചു നിന്ന മെക്സിക്കന്‍ പ്രതിരോധത്തെ രണ്ട് തവണ ഭേദിച്ച മെസിയും സംഘവും ആരാധകരുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 64-ാം മിനിറ്റില്‍ ഡി മരിയ നല്‍കിയ പാസ് മെസിയുടെ ഇടംകാലടിയിലൂടെ പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചപ്പോള്‍ ആരാധകവൃന്ദം ആര്‍ത്തിരമ്പി. തുടര്‍ന്ന് 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ തീതുപ്പുന്നൊരു ആംഗുലര്‍ ഷോട്ടിലൂടെ അര്‍ജന്റീന വിജയം അരക്കിട്ടുറപ്പിച്ചു.
◾ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ഗ്രൂപ്പ് ഇ,എഫ് ടീമുകളുടെ രണ്ടാം ഘട്ട മത്സരം. ഗ്രൂപ്പ് ഇയിലെ ജപ്പാന്‍- കോസ്റ്റാറിക്ക മത്സരം ഉച്ചകഴിഞ്ഞ് 3.30 നും കരുത്തരായ ജര്‍മനി – സ്പെയിന്‍ മത്സരം ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 നുമാണ്. ഗ്രൂപ്പ് എഫിലെ ബെല്‍ജിയം – മൊറോക്കോ മത്സരം വൈകുന്നേരം 6.30 നും ക്രൊയേഷ്യ – കാനഡ മത്സരം രാത്രി 9.30 നുമാണ്.
◾ഓഹരി വില്‍പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കാന്‍ ഗൗതം അദാനി ഗ്രൂപ്പ്. ഊര്‍ജം മുതല്‍ സിമന്റ് വരെ നീളുന്ന വ്യവസായങ്ങളുടെ വലിയ വികസനം ലക്ഷ്യമിട്ടാണ് ധനസമാഹരണം നടത്തുന്നതെന്ന് സ്റ്റോക് എക്സ്ചേഞ്ചിനെ രേഖാമൂലം അറിയിച്ചു. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ആയിരിക്കും പുതിയ ഇക്വിറ്റി ഷെയറുകള്‍ വിപണിയിലിറക്കുന്നത്. കമ്പനി പ്രമോട്ടര്‍മാര്‍ക്ക് നിലവില്‍ 72.63% ഓഹരികളാണ് എഇഎല്ലില്‍ ഉള്ളത്. ബാക്കിയുള്ളതില്‍ 20% ഓഹരികള്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും വിദേശ നിക്ഷേപകരുടെയും കൈവശമാണ്. എഇഎല്‍ ഓഹരികളുടെ മൂല്യം കഴിഞ്ഞവര്‍ഷം ഇരട്ടിയായിട്ടുണ്ട്. 4.46 ലക്ഷം കോടി രൂപയാണ് ഓഹരികളുടെ ആകെ മൂല്യം കണക്കാക്കുന്നത്.
◾അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ലിജിന്‍ ജോസ് ചിത്രം ഹെറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഉര്‍വ്വശി, പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോള്‍ ജോസ്, പ്രതാപ് പോത്തന്‍, ഗുരു സോമസുന്ദരം, രാജേഷ് മാധവന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എടി സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ് എം തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അര്‍ച്ചന വാസുദേവാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും, ജോഷി പടമാടനും, അര്‍ച്ചന വാസുദേവും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍. ഇവര്‍ അഞ്ചു പേരും ഒരു പോയിന്റില്‍ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ ജീവിത സാഹചര്യങ്ങളിലൂടെ ‘ഹെര്‍’ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
◾അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ഷറഫുദ്ദീന്‍ ആണ്. ‘അകലകലേ’ എന്ന് പേരിട്ടരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ശരത് കൃഷ്ണന്‍ ആണ്. ബിജിന്‍ ചാണ്ടിയാണ് മനോഹരമായ മെലഡി ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ നടന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലണ്ടന്‍ ടാക്കീസിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറും രാജേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
◾മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ അവതരിപ്പിച്ചു. ഡ്യൂണ്‍ ബ്രൗണ്‍, ഗ്ലേഷ്യല്‍ ബ്ലൂ, സ്ലീറ്റ് ബ്ലാക്ക് എന്നിങ്ങനെ പുതിയ കളര്‍ മോഡലുകള്‍ക്ക് യഥാക്രമം 2.22 ലക്ഷം, 2.23 ലക്ഷം, 2.23 ലക്ഷം എന്നിങ്ങനെയാണ് വില. (എക്സ്-ഷോറൂം). യഥാക്രമം 2.15 ലക്ഷം, 2.23 ലക്ഷം രൂപ വിലയുള്ള ഗ്രാവല്‍ ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്. ബൈക്കിന്റെ ഡിസൈനിലോ മെക്കാനിക്കല്‍ മാറ്റങ്ങളോ ബൈക്കില്‍ വരുത്തിയിട്ടില്ല. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 411 സിസി, എയര്‍ കൂള്‍ഡ്, സോക്ക് എഞ്ചിനില്‍ നിന്ന് ഊര്‍ജം നേടുന്നു, അത് 6,500 ആര്‍പിഎമ്മില്‍ 24.3 ബിഎച്ച്പി പവറും 4,000-4,500 ആര്‍പിഎമ്മില്‍ 32 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സ്ഥിരമായ മെഷ് 5 സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കിനുള്ളത്.
◾”എന്റെ വയലുവിട്ട് ഞാന്‍ പോയിടത്തെല്ലാം ജലസാന്നിദ്ധ്യമുണ്ടായിരുന്നു. ജോലിക്കു പോയിടത്തെല്ലാം തൊട്ടടുത്തോ കാണാവുന്നിടത്തോ, ഒരു ചെറിയ തോടെങ്കിലും ഉണ്ടായിരുന്നു. ചെയ്ത ജോലികളില്‍, എടുത്ത പല എഴുത്തുകളില്‍, പുസ്തകങ്ങളില്‍-ഒക്കെ അന്തര്‍ധാര നദിയോ കടലോ ആയി വന്നു… ജലം സദാ എന്റെ പിറകേത്തന്നെ ഉണ്ടായിരുന്നു…”. ജി.ആര്‍. ഇന്ദുഗോപന്റെ ആത്മകഥ. ജീവിതത്തില്‍ ജലം കടന്നുവരുന്ന ഭാഗങ്ങള്‍ മാത്രം എഴുതപ്പെട്ടിട്ടുള്ള അപൂര്‍വ്വപുസ്തകം. ‘വാട്ടര്‍ ബോഡി: വെള്ളം കൊണ്ടുള്ള ആത്മകഥ’. മാതൃഭൂമി ബുക്സ്. വില 160 രൂപ.
◾കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. വായുവിലൂടെയാണ് മീസില്‍സ് വൈറസുകള്‍ പകരുന്നത്. ആറു മാസം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. കൗമാരപ്രായത്തിലും മുതിര്‍ന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്. പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും.അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകള്‍ കാണപ്പെടും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം. കുട്ടികള്‍ക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോള്‍ മീസില്‍സ് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമായും എടുക്കണം. കുത്തിവെപ്പ് പട്ടിക പ്രകാരം കുട്ടിക്ക് 9 മാസം തികയുമ്പോള്‍ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്‍കണം. രണ്ടാമത്തെ ഡോസ് ഒന്നരവയസ്സ് മുതല്‍ രണ്ടുവയസ്സാവുന്നത് വരെയുള്ള പ്രായത്തില്‍ ചെയ്യാം. വലതു കൈയിലാണ് ഈ കുത്തിവെപ്പ്. വളരെ അപൂര്‍വമായി കുത്തിവെപ്പിന് ശേഷം ചെറിയ പനിയോ ദേഹത്തു പൊടുപ്പോ ഉണ്ടാകാം. തീര്‍ത്തും പേടിക്കേണ്ടാത്തവ. രോഗപകര്‍ച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളില്‍ കിടത്തി വേണ്ടത്ര വിശ്രമം നല്‍കണം. ആവശ്യാനുസരണം വെളളവും പഴവര്‍ഗ്ഗങ്ങളും നല്‍കണം.